Sunday, 16 February 2014

"തമോവേദം" - വായനയിലൂടെ..!!!

സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനേക്കാള്‍ ഫലപ്രദമാണോ

തിന്മകളെ ഒളിപ്പിച്ചു വെച്ച് മനുഷ്യന്‍ നടത്തുന്ന സദ്കര്‍മ്മങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ??
  
അത്യന്നതങ്ങളിലെ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നുചോദിച്ച വരങ്ങള്‍ കിട്ടാതെ വരുന്ന സാമാന്യജനം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ചെകുത്താനെ കൂട്ടുപിടിക്കാന്‍ തയ്യാറാവുന്നു.  സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്രകുത്തിയ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ആരാധനാപൂര്‍വ്വം ആഘോഷിക്കുന്ന വിശ്വനാഥന്‍ പറയുന്നു സാത്താനാണ് ദൈവമെന്ന്..

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും തുളസിക്കതിരിന്റെയും സുഗന്ധം വമിക്കുന്ന,  പൂജയും മന്ത്രോച്ചാരണങ്ങളും അന്തരീക്ഷത്തെ പവിത്രമാക്കുന്ന, അമ്പോറ്റിത്തറവാട്ടിലെ  സന്തതി വിശ്വനാഥന്‍ ജനിച്ചു വീണപ്പോള്‍ തന്നെ ഒന്നിനു പിറകെ മറ്റൊന്നായി അനര്‍ത്ഥങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇരുട്ടിനെ പേടിയില്ലായിരുന്നു, മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ പാമ്പും പഴുതാരയുമായിരുന്നു കൂട്ടുകാര്‍.. വിശ്വം വളരുന്നതിനനുസരിച്ച് അവന്‍റെയുള്ളിലെ സാത്താനും വളര്‍ന്നു.. ഇതിനിടയിലും വേണ്ടുവോളം വിദ്യാഭ്യാസം നേടിയെടുത്തു.   

കൊച്ചു പ്രായത്തില്‍ തന്നെ മദ്യത്തിന്‍റെ രുചിയറിഞ്ഞു.പുകവലി ശീലമാക്കി. അവന്‍റെ നോട്ടം പതിച്ച ഒരു പെണ്ണിനും അവനില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല..  സ്ത്രീയെന്നാല്‍ കാമ തൃഷ്ണ അടക്കാനുള്ള ഒരുപകരണം മാത്രം..   പ്രണയമില്ല, സ്നേഹമില്ല, പ്രായവ്യത്യാസമില്ല.. കന്യാസ്ത്രീ മുതല്‍ കളിക്കൂട്ടുകാരി വരെ അവന്‍റെ കാമത്രുഷ്ണക്ക് ഇരയായി.. വിശ്വനെ ചൊല്ലി ഉറ്റവരും ഉടയവരും വേദനിച്ചു..  

ആത്മീയ ഗ്രന്ഥങ്ങളെ അശുദ്ധമാക്കി.. ദൈവത്തെയും ദൈവ വിശ്വാസികളെയും  വെറുത്തു.. ഗുണദോഷിക്കാന്‍ വരുന്നവരെയും തന്‍റെ വഴികളില്‍ തടസ്സമാവുമെന്ന് തോന്നിയവരെയും   വെട്ടി മാറ്റി.  മാതാപിതാക്കള്‍ മകന്‍റെ വഴിവിട്ട ജീവിതം കണ്ടു നീറി നീറി മരിച്ചു. ഇതിനിടയില്‍ കൂട്ടായിരുന്ന സുഹൃത്തിനെ കൊല ചെയ്തു വിശ്വനാഥന്‍ കാവതിയെന്ന സ്വന്തം ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. 

കൊച്ചി നഗരത്തിലെ  നീണ്ട പത്തു വര്‍ഷം..  സാത്താന്‍ വിശ്വനെ പനപോലെ വളര്‍ത്തി. കൂട്ടിനു സാത്താന്‍റെ  സന്തതികള്‍ വേറെയും.. പകല്‍വെളിച്ചത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞ പലരുടെയും മുഖംമൂടികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍   നിശാവസ്ത്രത്തോടൊപ്പം അഴിഞ്ഞു വീണു. കഞ്ചാവും കള്ളക്കടത്തും  അധോലോക പ്രവര്‍ത്തനവും വിശ്വനാഥനെ കുത്തഴിഞ്ഞൊരു ലോകത്തിന്‍റെ അധിപനാക്കി.. 

ആരാധനാലയങ്ങള്‍ കുര്‍ബാനകള്‍ക്കും ദീപാരാധനകള്‍ക്കും ശേഷം നടയടയ്ക്കുമ്പോള്‍   എവിടെയോ നിന്ന് ദുഷ്ടശക്തിയെ ആവാഹിക്കാനുള്ള ആരാധന മന്ത്രങ്ങള്‍ ഉയരുന്നു. സാത്താന് വേണ്ടി പള്ളികള്‍ പണിതു.. ചോരയും മൂത്രവും  തലയോട്ടിയില്‍ സംഭരിച്ച രജസ്വല രക്തവും സാത്താന് നിവേദിച്ചു.. വ്യഭിചാരം, ജാരവൃത്തി, ഗര്‍ഭചിദ്രം, സ്വയംഭോഗം ഇവയൊന്നും പാപമല്ലെന്നു അനുയായികളെ പഠിപ്പിച്ചു. ദൈവത്തെക്കാള്‍ ശക്തി   ചെകുത്താനാണെന്നു വിശ്വസിപ്പിച്ചു. പുളഞ്ഞാടിയ ദിനരാത്രങ്ങള്‍..തെളിവുകളൊന്നും ബാക്കി വെക്കാത്തതിനാല്‍, ഇതേക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ അന്ധവിശ്വാസമെന്ന്  പറഞ്ഞു അധികാരികള്‍ പുച്ഛത്തോടെ തള്ളി.. അഥവാ പച്ച നോട്ടു കെട്ടുകള്‍ അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചു. 

എല്ലാത്തിനും ഒരവസാനം എന്നത് കാലത്തിന്‍റെ നിശ്ചയം.. വാളെടുത്തവന്‍ വാളാല്‍.. തല്ലാനും കൊല്ലാനും കൂടെ നിന്ന സുഹൃത്തിന്‍റെ കൈ കൊണ്ട് വിഷം അകത്തു ചെന്ന വിശ്വത്തിന്‍റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. പാതിമയക്കത്തിലെന്നപോലെ  മരണത്തിന്‍റെ പടിവാതില്‍ വരെ ചെന്നെത്തി നോക്കിയിട്ട്  ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നു ഒരു പുതിയ മനുഷ്യനായി.. 

തറവാട്ടിലേക്ക് തിരിച്ചു പോയ വിശ്വം  നിലവറയിലെ പൂജാമുറിയില്‍ ആദ്യമായി ദീപം തെളിച്ചു.. സര്‍പ്പക്കാവിലും മണ്മറഞ്ഞുപോയ കാരണവന്മാരുടെ സമാധികളില്‍  ചെന്ന് സാഷ്ട്ടാംഗം    നമസ്കരിച്ചു.. ജീവിതത്തില്‍ ആദ്യമായ്‌ ചെയ്യുന്ന സദ്കര്‍മ്മം.. പിറന്ന നാടിനെയും പുഴയും കാറ്റിനെയും  കിളികളേയും സ്നേഹിച്ചു.. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ കണ്ടപ്പോള്‍ തറവാട് സന്തോഷിച്ചു.. 

പക്ഷെ എല്ലാം വെറുതെയായിരുന്നു..  തറവാട്ടു തേവരെ തൊഴാന്‍ പോയ വിശ്വത്തെ സാത്താന്‍ വിട്ടു കൊടുത്തില്ല.. ഇളം കാറ്റ് കൊടുംകാറ്റായ്‌  ചീറിയടിച്ചു. പെരുമഴയില്‍ പുഴ സംഹാര രുദ്രയായി, മരങ്ങള്‍ കടപുഴകി വീണു.. വിശ്വന്റെ കണ്ണുകളില്‍ രൗദ്രഭാവം.. അവന്‍ അട്ടഹസിച്ചു.. വീണ്ടും ചെകുത്താന്‍റെ  ചിരി.. 

ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഓരോ മണിക്കൂറിലും കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണ് സാത്താന്‍ ആരാധനയുടെ കേരളതലസ്ഥാനം. കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ലഹരിയിലാണ് പുതിയ ധ്യാനക്രമം തഴച്ചുവളരുന്നത്. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്‍റെ തമോരാശികളിലെക്കുള്ള ഒരു അസാധാരണമായ സഞ്ചാരമാണ്  രാജീവ്‌ ശിവശങ്കര്‍ എഴുതിയ "തമോവേദം" എന്ന നോവല്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണത്രേ  രാജീവ് തമോവേദം പൂര്‍ത്തിയാക്കിയത്. നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഒറ്റപ്പെട്ട വീടുകളും കോളേജ്‌ ഹോസ്റ്റല്‍ മുറികളും ഫോര്‍ട്ട്‌ കൊച്ചിയിലെ ഹോംസ്റ്റേയിലും തിരക്കൊഴിഞ്ഞ വീഥിയിലെ കടമുറികളിലും ആണത്രേ ആധുനിക യുവത്വത്തിന്‍റെ തമോവേദക്കാര്‍ താവളമാക്കിയിരിക്കുന്നത്.     

നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു രാജീവിന്. സാത്താന്‍ എന്ന സങ്കല്പത്തെ പുനര്‍വായിക്കുകയാണ് ഈ നോവലിലൂടെ.

ഇതിന്‍റെ ആഖ്യാന ശൈലി തന്നെയാണ് ഈ നോവലിന്‍റെ വിജയവും.. ഏതൊരു വായനക്കാരന്‍റെ മനസ്സിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന വരികള്‍.  പുസ്തകം വായിച്ചു തീരുന്നതുവരെ ഒരിക്കലും മടുക്കാതിരിക്കാന്‍ ഓരോ വായനക്കാരന്റെയും മനസ്സ് വായിച്ചറിഞ്ഞു അവരുടെ ആസ്വാദന രുചിയറിഞ്ഞു ചേരുവകള്‍ ചേര്‍ത്തോരുക്കി വായനയുടെ ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുന്നു  ശ്രീ രാജീവ്‌.

നല്ലൊരു പുസ്തകം മലയാളത്തിന് സമര്‍പ്പിച്ച ശ്രീ രാജീവ്‌ ശിവശങ്കറിന് അഭിവാദ്യങ്ങള്‍.. !!!  ഒപ്പം ഈ വായന നിര്‍ദേശിച്ച മുഖപുസ്തകത്തിലെ  ഒരു പുലി സുഹൃത്തിനോട്‌ ഈയവസരത്തില്‍ എന്‍റെ നന്ദി അറിയിക്കുന്നു..:)  


 -പത്മശ്രീനായര്‍-


9 comments:

 1. രാജീവ് ശിവശങ്കറിന്റെ മെച്ചപ്പെട്ട ആവിഷ്കാരം...

  പദ്മശ്രീ നായരുടെ വായനയുടെ ആഴം ആസ്വാദനക്കുറിപ്പിലൂടെ അറിയാന്‍ കഴിയുന്നുണ്ട്...!! അഭിവാദ്യങ്ങള്‍ ...!

  ReplyDelete
 2. ആദ്യാത്മിക പുസ്തകങ്ങളുടെ വായന പലപ്പോളും എന്നേ കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട് .... ഒരേ കാര്യം തന്നെ പല പുസ്തകങ്ങളില്‍ പല രീതിയില്‍ വായിച്ചു തകിടം മറഞ്ഞിട്ടുണ്ട് ... തമോവേദം ഈ പേര് മുമ്പേ കേട്ടിരുന്നു ... മുമ്പ് ഇങ്ങനെ ഒരു അനുഭവം ഉള്ളത് കൊണ്ട് വേണ്ട എന്ന് വെച്ചതായിരുന്നു ..ഈ എഴുത്ത് വീണും വായിക്കാന്‍ നിര്‍ബന്ധിക്കുന്നു ....ഏകദേശ രൂപം ഇവിടെ കിട്ടിയത് കൊണ്ട് വായിക്കാം ... നല്ല അവലോകനത്തിന് നന്ദി .....

  ReplyDelete
 3. ഈ നോവലിനെ ഇവിടെ പരിചയപ്പെടുത്തിയതിനു ഒരു വലിയ ഇഷ്ടം പറയുന്നു. നോവലിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നു എന്നാല്‍ ഏറ്റവും വേഗത്തില്‍ ഈ നോവല്‍ കയ്യില്‍ കിട്ടാന്‍ കൊതിയും തോന്നുന്നു , നോവലിനെപ്പോലെ തന്നെ ആകാംക്ഷ നിലനിര്‍ത്തിയ അവതരണവും. നല്ല പരിചയപ്പെടുത്തല്‍ . കൂടുതല്‍ പേര്‍ കാണട്ടെ ഈ പോസ്റ്റ്‌ .

  ReplyDelete
 4. ആശംസകൾ ...വായിക്കണം

  ReplyDelete
 5. ചുരുക്കത്തില്‍ നോവല്‍ വായിച്ചത് പോലെ അനുഭവപ്പെട്ടു പരിചയപ്പെടുത്തല്‍ വായിച്ചു തീര്‍ന്നപ്പോള്‍.
  എനിക്കൊക്കെ ഇത് വായിക്കാന്‍ എന്ന് കയ്യില്‍ കിട്ടും എന്നൊരു പിടിയുമില്ല.
  നന്നായിരിക്കുന്നു.

  ReplyDelete
 6. വായിക്കാൻ പ്രേരിപ്പിക്കുന്നു ട്ടൊ..ഞാനും കാത്തിരിയ്ക്കുന്നു തമോവേദം കയ്യിലണയാൻ..
  കൂട്ടുകാരിയ്ക്ക്‌ അഭിവാദ്യങ്ങൾ..!

  ReplyDelete
 7. തമോവേദം വായിച്ചു , കഥയോട് നീതിപുലര്‍ത്തിയ അവതരണമെന്നു ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ മനസ്സിലായി. നെഗറ്റീവ് കഥാ പാത്രമായിട്ടും വായനക്കാരാനു വിശ്വനാഥനെ വെറുക്കാന്‍ കഴിയാത്ത രീതിയിലാണ് കഥാകാരന്‍ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത് , അത് പോലെ കഥയുടെ അവസാന ഭാഗത്ത് എത്തുമ്പോള്‍ ചിലരെങ്കിലും സാത്താന്‍ പൂജയുടെ ആരധാകരാവുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, എങ്കിലും മുകളില്‍ പറഞ്ഞപോലെ ആദ്യവാസാനം സസ്പെന്‍സ് നിലനിര്‍ത്തുകയും അവിടിവിടങ്ങളില്‍ അല്‍പ്പം ഇക്കിളി കൂട്ടിയിട്ടാണെങ്കിലും വായ്നക്കാരേനെ ഒറ്റയിരുപ്പില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഈ നോവല്‍ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. ഒരു നല്ല നോവല്‍ എന്‍റെ വായനാമുറിയിലേക്ക് എത്തിച്ചത് ഈ പോസ്റ്റ്‌ ആണ് , ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
  Replies
  1. എന്‍റെ ഈ ആസ്വാദന കുറിപ്പിലൂടെ ഒരു നല്ല നോവല്‍ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.. :) നന്ദി.

   Delete
 8. 'തമോവേദ'ത്തെക്കുറിച്ചുള്ള കുറിപ്പ് നന്നായി. പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ടി.ഡി.രാമകൃഷണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവല്‍ വായിച്ചതിന്റെ ഓര്‍മ്മയുണര്‍ത്തി അവലോകനത്തിലെ പല പരാമര്‍ശങ്ങളും.

  ReplyDelete