Saturday, 8 June 2013

പ്രതിഭാധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക..!!

പ്രിയ കൂട്ടുകാര്‍ക്ക് നമസ്ക്കാരം.

കുറച്ചു ദിവസമായി   മുഖപുസ്തകത്തെ സംബന്ധിച്ച ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു..കൊച്ചു വെളുപ്പാന്‍ കാലത്തെ എന്റെ പ്രഭാതഭേരിയില്‍ തുടങ്ങി പിന്നീട്  പാതിരാക്കോഴി കൂകുന്നത് വരെ സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌കളുടെ ഒരു ഘോഷയാത്ര തന്നെയാണ്..

രാഷ്ട്രീയ-മത-സാമൂഹിക വിമര്‍ശനങ്ങള്‍, കഥ, കവിത, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, പാര വെപ്പ്, പാഴ്യാരം പറച്ചില്‍,  വിലക്കയറ്റം, വേലിയേറ്റം, വേലിയിറക്കം, പ്രണയം, വിരഹം, പരിസ്ഥിതി സംരക്ഷണം, ബലാല്‍സംഗം, ഫെമിനിസം, ഷോവനിസം  എന്ന് വേണ്ട  സകലമാന വിക്രിയകളുടെയും   വേദിയായി മാറിയിരിക്കുന്നു ഇന്ന് മുഖപുസ്തകം..എന്നാല്‍ ഇവയില്‍ മൂല്യമുള്ള അപ്ഡേറ്റ്‌സ് എത്രയുണ്ട്,?..  അവക്ക് അര്‍ഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും കിട്ടുന്നുണ്ടോ എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഞാന്‍ ഇങ്ങനെ ഒരു നോട്ട് എഴുതുവാന്‍ കാരണം തന്നെ മറ്റൊന്നല്ല..
കുറച്ചു ദിവസമായി ചില സുഹൃത്തുക്കള്‍ ഇന്‍ബോക്സില്‍ വന്നു പറയുന്നു..

"ചേച്ചീ എന്റെ വാള്‍ ഒന്ന് നോക്കണേ.. ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.. അതില്‍ എന്തെങ്കിലും അഭിപ്രായം പറയണേ"   എന്നൊക്കെ..

സമയ പരിമിതി മൂലം  പലരുടെയും പോസ്റ്റുകള്‍ എനിക്ക്  കാണാന്‍ കഴിയാറില്ല.. എങ്കിലും കുറച്ചു ദിവസം ഞാന്‍ ചില വാളുകളിലൂടെ നിശ്ശബ്ദമായി ഒരു നിരീക്ഷണം നടത്തി. സന്തോഷം ഉണ്ടാക്കുന്നതോടൊപ്പം വിഷമിപ്പിക്കുന്ന  പല കാര്യങ്ങളും കണ്ടു.

ഒരുപാട് പുതിയ എഴുത്തുകാര്‍ മുഖപുസ്തകത്തില്‍ വന്നിട്ടുണ്ട്.
അവരുടെ രചനകളും ആദര്‍ശങ്ങളും വിമര്‍ശനങ്ങളും വിലയിരുത്തലുകളും  ശ്രേഷ്ഠ ഭാഷയില്‍ ശ്രേഷ്ഠമായിത്തന്നെ തന്നെ അവതരിപ്പിക്കുന്നുണ്ട്.  നിര്‍ഭാഗ്യമെന്നല്ലാതെ വേറെന്തു പറയാന്‍..!,!!

പോസ്റ്റ് മുതലാളി തന്‍റെ സൃഷ്ടിയുമായി, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം  ചുമരും ചാരി ദയനീയതയോടെ വഴിക്കണ്ണ്‍ മായ്‌ ഇരിക്കുന്ന കാഴ്ചയാണ് പല  വാളുകളിലും  കാണാന്‍ കഴിഞ്ഞത്.. വഴിയെ പോകുന്നവരുടെ കൈ അബദ്ധത്തില്‍  എങ്ങാനും തട്ടി അഞ്ചെട്ടു ലൈക്കോ    മൂന്നോ നാലോ കമന്റോ വീണെങ്കില്‍ ആയി.

ഇതേ സമയം തൊട്ടപ്പുറത്തെ വാളില്‍  നടക്കുന്നതോ..??

രാവിലെ ഒരു കുത്ത് /കോമ, അല്ലെങ്കില്‍ ഒരു സ്മൈലി, അതുമല്ലെങ്കില്‍ ഉറക്കച്ചടവോടെ എണീറ്റ്‌ വരുന്നതോ, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ക്ലിക്കിയതോ, മീന്‍ വെട്ടുന്നതോ ഒക്കെ  ആയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ട് വാളുടമ ബൈ എന്നും പറഞ്ഞൊരു പോക്ക്..!!

ഹാവൂ.. പിന്നത്തെ കാര്യം പറയാതിരിക്ക്യാ ഭേദം . ലൈക്ക് കമന്റ് തൊഴിലാളികള്‍ വാലിനു തീപിടിച്ച പോലെ ഒരോട്ടമാണ് ആരാദ്യം എന്നാ വാശിയില്‍..,. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേളക്ക് പോലും ഇത്രയധികം തിക്കും തിരക്കും ഉണ്ടാവില്ല..

ഇക്കൂട്ടരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ കൊറിക്കാന്‍ കപ്പലണ്ടിയും മിനെരല്‍ വാട്ടറും ആയി,  പായും തലയിണയും ഇട്ടു മേല്‍പ്പറഞ്ഞ പോസ്റ്റിന്‍റെ ചുവട്ടില്‍ കിടക്കും.. ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യും.

രാവിലെ ഇറങ്ങി പോയ വാളുടമ  വൈകുന്നേരത്തോടെ എല്ലാ ജോലിയും തീര്‍ത്തു രണ്ടുമൂന്നു ടിപ്പര്‍ ലോറിയുമായി വന്നു ലൈക്കും കമന്‍റും കോരി നിറച്ചു കൊണ്ടുപോകും.. പോണ പോക്കിന് മമതാബാനര്‍ജിയെ അനുകരിച്ചു നന്ദി സൂചകമായി കൈ വീശി കാണിക്കും.. ഒപ്പം ഒരൊന്നൊന്നര  ഫ്ലയിംഗ് കിസ്സും..  അന്നത്തെ ദിവസം  അതോടെ ശുഭം..

ഈ പ്രവണത കൂടുതലും ഫീമെയില്‍ പ്രൊഫൈല്കളിലും  ചുരുക്കം ചില ആണ്‍ പ്രൊഫൈല്‍കളിലും  കാണാം.. ഇതിന്‍റെയൊക്കെ വല്ല കാര്യോണ്ടോ??
കലാമൂല്യമുള്ള രചനകള്‍  നിരവധി  പ്രൊഫൈലുകളില്‍  അവഗണനയുടെ കൊടും ചൂടേറ്റ് വാടിക്കരിയുമ്പോള്‍, ഒരു വസ്തിനും കൊള്ളാത്ത കുപ്പചെടികള്‍ തഴച്ചു വളരുന്നു..

ബ്ലോഗ്‌ സാഹിത്യ രംഗത്തെ അവസ്ഥയും വ്യത്യസ്തമല്ല.. മുഖപുസ്തകത്തിലെ പല പ്രൊഫൈല്‍ ഉടമകളും  ഈ  രംഗത്തും സജീവമാണ്.. ഒരു പാട് നിരീക്ഷണങ്ങള്‍ നടത്തി എഴുതി ചിട്ടപ്പെടുത്തുന്ന സാമൂഹിക സാംസ്കാരിക  വിശകലനങ്ങളും  ആരുടേയും കണ്ണില്‍ പെടാതെ പോകുന്നു.. അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നു..

അതിന്‍റെ ഉത്തമ ഉദാഹരണമാണ്  ഫേസ്ബുക്കിലെ നിറസാന്നിധ്യമായ,  അക്ഷരങ്ങള്‍ കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന, വരികളെയിട്ട്‌ അമ്മാനമാടി നമ്മളെയെല്ലാം രോമാഞ്ചം കൊള്ളിക്കുന്ന ദുബായിലെ പ്രവാസി എഴുത്തുകാരിലോരാളായ ശ്രീ- ലക്ബായി (ലക്-വിരോധാഭാസങ്ങളോട് വിരോധം) . അദ്ധ്യേഹത്തിന്റെ  "വിരോധാഭാസന്‍' എന്ന ഒന്നാംകിട ബ്ലോഗിലെ പല സൂപ്പര്‍ രചനകളും ഇന്നും നമ്മുക്കെല്ലാം അന്യമാണ്.
എന്ത്കൊണ്ട് നാം ഇതെല്ലാം ശ്രദ്ധിക്കാതെ കടന്നുപോകുന്നു?...

ഇത് അന്യായമല്ലേ..  വളര്‍ന്നു വരുന്ന എഴുത്തുകാരെ/പ്രതിഭകളെ  പ്രോത്സാഹിപ്പിക്കേണ്ടത്  നമ്മുടെ കടമയല്ലേ..അല്ലെങ്കില്‍ പിന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന പദത്തിനു എന്ത് പ്രസക്തി?

ഒരു ചെറിയ സംഭവം പറയാം.., രണ്ടു മൂന്നു ദിവസം മുമ്പ്എന്‍റെ സുഹൃത്തായ അക്കാകുക്ക ഒരു പോസ്റ്റ്‌ ഇട്ടു...

 "തൂറാനിരിക്കുന്നു.. ഫീലിംഗ്സ്..  എന്തൂട്ട് ഫീലിംഗ്സ്.. നല്ല സുഖം."

ഇത്രേയുള്ളൂ.. ഈ വരികള്‍ ടൈപ്പ് ചെയ്തു കീ ബോര്‍ഡില്‍ നിന്നും കൈയ്യേടുക്കുന്നെനു മുമ്പേ  മണിയനീച്ചകള്‍ പോലെ പറന്നെത്തി ഞാനുള്‍പ്പെടെയുള്ള  ആരാധകര്‍.., പിന്നങ്ങോട്ട് ലൈക്കിന്റെം കമന്ടിന്റെം തൃശ്ശൂര്‍ പൂരം.. അക്കാകുക്കയല്ലാതെ വേറെ ആരും ഇതിനു മുമ്പ് ഈ പണി ചെയ്തിട്ടില്ലേ എന്ന് തോന്നിപ്പോയി.. !!
ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്.. ജുഗുപ്സാവഹം..


ഇനി അക്കാകുക്കാക്ക് പകരം വേറെ ഏതെങ്കിലും ഒരു സ്ത്രീരത്നമാണ്
ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇട്ടത്, എന്ന് കരുതിയാലും ഈ അക്കാകുക്കാക്ക്
കിട്ടിയതിന്‍റെ പത്തിരട്ടി ലൈക്കും ,കമന്റ്സും അവരും നേടും. അങ്ങിനെ
മുന്‍പ് ഉണ്ടായിട്ടും ഉണ്ട്.

കളിചിരി തമാശകല്‍ ഒക്കെ വേണ്ടത് തന്നെ.. !!
സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ അല്പമോരാശ്വാസം ഇവിടുത്തെ സൌഹൃദങ്ങള്‍ തന്നെയാണ്.. അതിനെ വേണ്ട വിധം ഉപയോഗിക്കുക.
 നമുക്കില്ലാത്ത കഴിവ് മറ്റുള്ളവരില്‍ കാണുമ്പോള്‍ സന്മനസ്സോടെ അവരെ പ്രോത്സാഹിപ്പിക്കുക..അതുവഴി അവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാനും മുഖപുസ്തകതിനും അപ്പുറത്തേക്ക്‌ ഉള്ള ഒരു സൌഹൃദ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നു കിട്ടും.

മുടക്കുമുതല്‍ ആവശ്യമില്ലാത്ത ധന സമ്പാദനം ആണ് സൌഹൃദങ്ങള്‍.. ആത്മാര്‍ഥതയുള്ള ഹൃദയവും തുറന്ന സമീപനവും മാത്രം മതി..

വളര്‍ന്നു വരുന്ന  എഴുത്തുകാരെ/ പ്രതിഭകളെ  പ്രോത്സാഹിപ്പിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആണ്  സുധാകരന്‍ വടക്കാഞ്ചേരി.

ജോലിത്തിരക്കുകള്‍ക്കിടയിലും മറ്റു വാളുകള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി, സ്ത്രീ പുരുഷ വിവേചനം ഇല്ലാതെ അവരുടെ രചനകള്‍ വായിച്ചു അഭിപ്രായം പറയാനും, നല്ല രചനകളെ സ്വന്തം വാളില്‍ ഷെയര്‍ ചെയ്തു അത് വഴി അവരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സഹായിക്കുന്നു..

ഇതൊരു ചെറിയ കാര്യമല്ല..

അടുത്തതായി   വരുന്നു..!! അക്കാകുക്ക..
കുപ്പയിലെ മാണിക്യം ചികഞ്ഞെടുക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണ്‌...,.  ആണ്‍പെണ്  ഭേദമില്ലാതെ, അറിയപ്പെടാതെ കിടക്കുന്ന ഒരു പിടി നല്ല ബ്ലോഗ്‌ എഴുത്തുകാരെ ഇതിനകം തന്നെ പോളിഷ് ചെയ്തെടുത്തു കഴിഞ്ഞു. കൂടാതെ മറ്റെഴുത്ത്കാരെയും.. ഇത് തന്‍റെ ബാദ്ധ്യത ആണെന്ന് കരുതി ഈ പ്രവര്‍ത്തി ഇപ്പോഴും തുടരുന്നു..

തന്‍റെ കവിതാ രചനകളില്‍ വന്നു വീഴുന്ന നല്ല നല്ല കമന്റ് മുത്തുകള്‍ കോര്‍ത്തെടുത്തു വര്‍ണ്ണ മനോഹരമായ മാല്യങ്ങള്‍ കോര്‍ത്ത്‌ സ്വന്തം  പ്രൊഫൈലില്‍ ചാര്‍ത്തി മറ്റു കവിതാ രചയിതാക്കളുടെ കഴിവിനെ  പ്രോത്സാഹിപ്പിക്കുന്ന  അനില്‍ വിജയ വിലാസം..

അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ 'ജോതി പണിക്കരും' ഉണ്ട് ഒരു സൈഡില്‍ കൂടി...

(ഇടക്കൊരു കാര്യം കൂടി പറയട്ടെ., ഫീമെയില്‍ പ്രൊഫൈലുകളില്‍ നിന്നും  ഇങ്ങനെ ഒരു നല്ല കാര്യം എനിക്കിത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ഈ ഞാന്‍ ഉള്‍പ്പെടെ.)

ഈശ്വരന്‍ എല്ലാവര്ക്കും ഓരോ തരത്തിലുള്ള കഴിവുകള്‍ തന്നിട്ടുണ്ട്.
ആരും അതി കേമന്മാര്‍ അല്ല.. !അതുപോലെ ആരും കഴിവ് കെട്ടവരും അല്ല..

നല്ലതിന് നേരെ അസൂയയോടെ  മുഖം തിരിക്കരുത്..
തന്നാലാവും വിധം പ്രോത്സാഹിപ്പിക്കുക..

നല്ല എഴുത്തുകാര്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.. പടര്‍ന്നു പന്തലിക്കട്ടെ.. വെള്ളവും വെളിച്ചവുമേകി നമുക്കും അവരുടെ വിജയത്തില്‍ പങ്കാളികള്‍ ആവാം..  നമുക്കും അഭിമാനത്തോടെ പറയാം ...

"ഡേയ് അവന്‍//,/അവള്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണ്. നല്ല കഴിവുകളുള്ള വ്യക്തിയാണ് കേട്ടോ . "

..നന്മകള്‍ നേരുന്നു..!!

ശിഷ്ടം :-

കുറെ സമയം ചിലവാക്കി ടൈപ്പ് ചെയ്തെടുത്ത പോസ്റ്റ്‌ ആണ്..  അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കാം.. വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ..
20 comments:

 1. പരമാര്ത്ഥം...നലല ആര്ടടിക്ള്

  ReplyDelete
  Replies
  1. താങ്ക്സ് മുനീര്‍

   Delete
 2. നല്ല നിരീക്ഷണം. നല്ല ചില കഥാ ബ്ലോഗുകളും ആരാലും ശ്രദ്ധിക്കാതെ പൊടിപിടിച്ച് കിടക്കുന്നു.

  ReplyDelete
 3. പണ്ടൂ ബ്ലോഗുകൾ സജീവമായി വന്ന സമയത്‌ അതിനെ കക്കൂസ്‌ സാഹിത്യം എന്നു വിളിച്ചവരുണ്ടായിരുന്നു. ഇന്നു ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ (സാഹിത്യം എന്നും വേണമെങ്കിൽ പറയാം.. ) സജീവമായപ്പോൾ അതിനെ ചളി എന്നു വിളിക്കാനും തുടങ്ങിയിരിക്കുന്നു..!! പിന്നെ, ഓരോരുത്തരും അവരവർക്കിഷ്ടപ്പെട്ടവ തെരഞ്ഞെടുക്കുന്നു.. വായിക്കുന്നു.. അത്രേയൊള്ളു. അതിലു നമുക്കാരെയെങ്കിലും കുറ്റം പറയാൻ പറ്റുവോ..??

  ReplyDelete
  Replies
  1. ശെരിയാണ്.. ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ.. എന്‍റെ മനസ്സില്‍ തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളൂ... അഭിപ്രായത്തിനു നന്ദി..

   Delete
 4. ഈ പോസ്റ്റിന് അകാകുക്കാടെ ഫുള്‍ മാര്‍ക്ക്..!! ആശംസകള്‍

  ഭാവനാസമ്പന്നമായ ഒരുപാട് സുഷ്ടികള്‍ ഇപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
  ഇങ്ങിനെ ഒരു ലേഖനത്തിലൂടെ അവയ്ക്കെല്ലാം ഒരു പരിഹാരം ഉണ്ടാവാന്‍ ഒപ്പോളോടൊപ്പം ആത്മാര്‍ത്ഥമായി ഞങ്ങള്‍ വായനക്കാര്‍ എപ്പോഴും കൂടെയുണ്ട്,

  അഭിവാദ്യങ്ങള്‍..,.!!

  ReplyDelete
  Replies
  1. കഴമ്പുള്ള പല സാഹിത്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കാണുമ്പോഴുള്ള വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.. നന്ദി അക്കാക്കൂ..

   Delete
 5. 12 വർഷത്തിൽ ഒരിക്കൽ 'മാമാങ്കവും' ഉണ്ട് :P .

  ReplyDelete
  Replies
  1. മാമാങ്കത്തെക്കാള്‍ തിരക്ക് കൂടുതലാണ് കുംഭ മേളക്ക്..:P

   Delete
 6. നമുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ !!
  വളരെ വിശദമായി എഴുതി. നല്ല ലേഖനം

  ReplyDelete
 7. എന്‍റെ അനുഭവത്തില്‍ കണ്ടത് പറഞ്ഞെന്നെ ഉള്ളൂ നിധീഷ്‌..
  നന്ദി.

  ReplyDelete
 8. പത്മ ചേച്ചി ഇങ്ങനെ സത്യം വിളിച്ചു പറയരുതേ ...:p

  ReplyDelete
  Replies
  1. ആഹാ.. മേല്പത്തൂരാന്‍ ഇങ്ങേതിയോ? സന്തോഷം..

   Delete
 9. 100% അനുകൂലിക്കുന്നു....ഞാനും ഒരു നവാഗതനാണ്.ചേച്ചി മേല്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെയും അനുഭവമാണ്.
  പത്മശ്രീ നായര്‍,വടക്കാഞ്ചേരി,അക്കാകുക്ക,അനില്‍....
  എല്ലാവര്‍ക്കും നന്ദി

  ReplyDelete
  Replies
  1. നന്ദി അബ്ദുള്ള.. നവാഗതന്‍ ആണെന്ന് കരുതി ഉള്‍വലിയരുത്.. നല്ല രചനകളുമായി മുന്നേറുക.. ആശംസകള്‍

   Delete
 10. സുരേഷ് ഗോപി സ്ക്രീനില്‍ ഭരണ വര്‍ഗത്തെയും പോലീസ്‌ വകുപ്പിലെ വൃത്തി കെട്ട വന്മാരെയും ചീത്ത പറയുമ്പോള്‍ കണ്ടിരിക്കുന്ന നമ്മള്‍ അറിയാതെ കയ്യടിച്ചു പോകും .. എനിക്ക് ഏതായാലും ഇങ്ങനെ പറയാന്‍ ആഗ്രഹമുണ്ട് പക്ഷെ കഴിയില്ല . അത് കൊണ്ട് നമുക്ക് കഴിയാത്തത് ആര് ചെയ്താലും നാമറിയാതെ കരഘോഷം മുഴക്കും . അതെ മാനസികാവസ്ഥയില്‍ ഈ പോസ്റ്റിനു ഞാനും കയ്യടിക്കുന്നു ..

  ReplyDelete
 11. സത്യം ..
  നല്ല ലേഖനം .. ആശംസകള്‍

  ReplyDelete
 12. ഉസ്മാന്‍ പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളത്.ആഗ്രഹമുണ്ട് പക്ഷെ പറയാന്‍ കഴിയില്ല. പദ്മക്ക് എല്ലാ ആശംസകളും

  ReplyDelete