Thursday, 2 October 2014

പിരിവുകാരും,അരിക്കൊണ്ടാട്ടവും...
ഓണം കഴിഞ്ഞു മാവേലിയും പാതാളത്തില്‍ തിരിച്ചെത്തി വിശ്രമിക്കാന്‍ തുടങ്ങി.. പക്ഷെ അഹമ്മദാബാദില്‍ ഓണാഘോഷങ്ങള്‍ വാര്‍ഡുകള്‍ തോറും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. നായര്‍ സമാജത്തിന്‍റെ, കേരള സമാജത്തിന്‍റെ ഒക്കെ പ്രത്യേകം പ്രത്യേകം വാര്‍ഡു തിരിച്ച ആഘോഷങ്ങളാണ്. ഇത് കഴിയുമ്പോള്‍ സംഗതികള്‍ ഭക്തിയിലേക്ക് തിരിയും.. മണ്ഡല - മകര വിളക്ക് ഉത്സവങ്ങള്‍. ഇതിനു പുറമെയാണ് ഇവിടുത്തുകാര്‍ ആഘോഷിക്കുന്ന, ദസറ, വിനായക ചതുര്‍ഥി, അഷ്ട്ടമി രോഹിണി.. അങ്ങനെയങ്ങിനെ ആഘോഷങ്ങളുടെ ഒരു നീണ്ട നിര. ആഘോഷങ്ങള്‍ ആസ്വാദ്യകരമാണെങ്കിലും, ഇതിന്‍റെ നടത്തിപ്പിന് വേണ്ടിയുള്ള പിരിവാണ് സഹിക്കാന്‍ വയ്യാത്തത്.. മറുനാടന്‍ മലയാളികള്‍ക്കാണ് കൂടുതല്‍ കഷ്ട്ടപ്പാട്.. സ്വന്തം ആഘോഷങ്ങള്‍ക്കും ഇവിടുത്തുകാരുടെ ആഘോഷങ്ങള്‍ക്കും പിരിവു കൊടുത്തു സഹകരിക്കണം.. ഇതിനും പുറമേ അനാഥാലയത്തിലേക്ക്, പാവപ്പെട്ട കുട്ടികള്‍ക്ക് ചായേം ബിസ്കറ്റും കൊടുക്കാന്‍ എന്നൊക്കെയുള്ള ആവശ്യം പറഞ്ഞു ഒരു വിഭാഗം തട്ടിപ്പ് പിരിവുകാരും ഇറങ്ങാറുണ്ട്‌. ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിരിവു ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.
നാട്ടിലെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്.. ഉത്സവക്കാലം തുടങ്ങിയാല്‍ പറയേം വേണ്ട.. വേല- പൂരങ്ങളുടെ പിരിവ്.. മുക്കിനു മുക്കിനു മത്സര ബുദ്ധിയോടെയുള്ള ആഘോഷങ്ങള്‍. അതിനൊക്കെ പിരിവും.. വേലപൂരങ്ങളുടെ വെടിക്കെട്ടും പുകയും കഴിഞ്ഞു, ക്ഷീണം മാറി, ബോറടിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ സ്ഥിരം പിരിവു കമ്മിറ്റിക്കാര്‍ പിന്നെ നോട്ടമിടുന്നത് ദൈവങ്ങളെയാണ്.. ദൈവങ്ങളാവുമ്പോള്‍ എല്ലാം സഹിചോളുമല്ലോ.. രെസീത് പുസ്തകവും അടിച്ചിറക്കി ക്ഷേത്ര പുനരുദ്ധാരണത്തിനായി ഇറങ്ങും. വീട്ടുകാരന്റെ കഴിവിനെ വക വെക്കാതെ ഭീമമായ തുക രെസീതില്‍ എഴുതി പിടിപ്പിച്ചു ചോര ഊറ്റുന്ന പിരിവുകാര്‍.. നാട്ടുകാരുടെ മുമ്പില്‍ നാണം കെടാതിരിക്കാന്‍ പലരും വീട്ടു ചിലവുകള്‍ ചുരുക്കി, പിരിവു പണം നല്‍കുന്നു.
ഇത്രയൊക്കെ പറഞ്ഞപ്പോള്‍ കുട്ടിക്കാലത്ത് ഉണ്ടായ ചില പിരിവു സംഭവങ്ങള്‍ ഓര്‍മ്മ വന്നു.. എണ്ണിചുട്ട അപ്പം പോലെ മാസം തോറും അച്ഛന്‍ അയക്കുന്ന മണിഓര്‍ഡര്‍ തുക കൊണ്ട് വീട്ടു ചിലവുകള്‍ നിയന്ത്രിക്കാന്‍ അമ്മ പെടുന്ന പാട് കണ്ടിട്ടുണ്ട്.. എന്നിട്ടും അതില്‍ നിന്ന് ചെറിയൊരു തുക പിരിവുകാര്‍ക്കായി നീക്കി വെക്കും. അതും കഴിയുമ്പോഴാണ് പ്രശ്നം.. പിരിവുകാരെ ദൂരെ കാണുമ്പോഴേ, മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങള് കുട്ടികളോട് "അമ്മ ഇവിടില്ല" എന്ന് പറയാന്‍ ഏല്‍പ്പിച്ചു ഒളിഞ്ഞിരിക്കും.. എന്തൊരു ഗതികേട് അല്ലെ..
അങ്ങിനെ ഒരു ദിവസം... മുറ്റത്ത്‌ അരിക്കൊണ്ടാട്ടം ഉണക്കാനിട്ടിരുന്നു. പാത്രത്തിനടിയില്‍ കരിഞ്ഞു പിടിച്ച ഉണങ്ങിയ മാവ് പിച്ചിതിന്നു കൊണ്ട് ഞാനും, എന്നെ ചീത്ത പറഞ്ഞു അടുത്തു അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു.. അപ്പോഴാണ്‌ ഇടവഴിയുടെ വളവു തിരിഞ്ഞു മൂന്നു നാല് പിരിവുകാര്‍ വരുന്നത് മുറ്റത്ത്‌ നിന്ന് തന്നെ വേലിക്കിടയിലൂടെ കണ്ടത്.. കക്ഷത്ത്‌ വെച്ച ഭാഗും കുടയും, കഞ്ഞി പിഴിഞ്ഞുണക്കിയ മുണ്ടും ഒക്കെ കണ്ടാല്‍ ഇക്കൂട്ടരെ ഏതു തിരക്കിനിടയിലും തിരിച്ചറിയാന്‍ പറ്റും. കൂടാതെ പിരിവു അല്ലാതെ മറ്റൊരു ജോലിക്കും ഇവര് പോകാറുമില്ല. "അമ്മ ഇവിടില്ലെന്നു" നുണ പറഞ്ഞു മടുത്ത ഞാന്‍ മുന്‍കൂട്ടി അമ്മയോട് പറഞ്ഞു..
"എനിക്ക് വയ്യ നുണ പറയാന്‍." എന്‍റെ തീരുമാനത്തിന് മുമ്പില്‍ അമ്മയൊന്നു പതറി.. പിന്നെ എന്‍റെ കൈയും പിടിച്ചു വലിച്ചു അടുക്കളയില്‍ കയറി, പുറത്തേക്കു തുറക്കുന്ന ജനലിന്റെ വിടവിലൂടെ നോക്കി നിന്ന്.. പടി കടന്നു നാലഞ്ചു പേര്‍ വന്നു..
"ഇവിടാരൂല്ല്യെ... കൂയ്.. ഞങ്ങള് വേലപ്പിരിവിനു വന്നോരാണ്.. "
ആളു വീതം വിളിച്ചു കൂവുന്നതും, മുറ്റത്ത്‌ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും ജനലഴികളിലൂടെ ഞങ്ങള് നോക്കി കാണുകയായിരുന്നു.. ഒരു നിമിഷം പോലും മിണ്ടാതിരിക്കാന്‍ കഴിയാത്ത ഞാന്‍ രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചു നില്‍ക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ.. അപ്പോഴാണ്‌ പിരിവുകാരുടെ കൂട്ടത്തിലുള്ള ഒരു ദരിദ്രവാസി, മുറ്റത്തിനരികില്‍ നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ നിന്ന്, പഴയൊരു പ്ലാസ്റ്റിക് കവര്‍ മണ്ണ് കുടഞ്ഞു, ഉടുമുണ്ടില്‍ തുടച്ചു, അതിലേക്കു മുക്കാല്‍ ഭാഗം ഉണങ്ങിയ അരിക്കൊണ്ടാട്ടം വാരിനിറക്കുന്നു.. ദിവസങ്ങളായി വെയില് കൊണ്ട്, കാക്കക്കും കോഴിക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ച കൊണ്ടാട്ടം.. എനിക്ക് രോഷം സഹിച്ചില്ല.. തൊണ്ടകീറി പുറത്തേക്കു വന്ന അലര്‍ച്ച കരിപുരണ്ട സാരിതുമ്പു ന്‍റെ വായിലേക്ക് കേറ്റി അമ്മ തടഞ്ഞു വെച്ചു..
പിരിവുകാര്‍ പടിയിറങ്ങിയ ശേഷം, മാജിക്ക്കാരനെ പോലെ അമ്മ എന്‍റെ വായില്‍ നിന്ന് സാരി വലിച്ചൂരിയ ശേഷം പറഞ്ഞു..
"സാരല്ല്യ.. കൊണ്ടാട്ടല്ലേ പോയുള്ളൂ.. നമ്മളെ കണ്ടതാണെങ്കില്‍ പിരിവു കൊടുക്കണ്ടേ.. ന്റെല് കാശില്ല്യ. ഒളിഞ്ഞിരിക്ക്യല്ലാണ്ട് വേറെന്താ വഴി "
ഉണങ്ങാനിട്ട കൊണ്ടാട്ടത്തിനു മുമ്പില്‍, വിഷമത്തോടെ ഇരിക്കുന്ന, മുടി ക്രോപ്പ് ചെയ്ത പെറ്റിക്കോട്ടുകാരി പെണ്‍കുട്ടിക്ക് കൊണ്ടാട്ടം നഷ്ട്ടമായ സങ്കടമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ഇന്ന് പിരിവുകാര്‍ വീട്ടില്‍ വരുമ്പോഴാണ് അന്ന് അമ്മ അനുഭവിച്ച പ്രയാസം മനസ്സിലാവുന്നത്..

-പത്മശ്രീ നായര്‍-
4 comments:

 1. ദൈവങ്ങള്‍ക്ക് എന്തിനാണാവോ ഇത്രയധികം കാശ്... നിക്ക് അറിയില്ലേ... പിരിച്ച് പിരിച്ച് മനുഷ്യന്മാര്‍ തമ്മില്‍ പിരിഞ്ഞത് മിച്ചം..

  ReplyDelete
 2. പിരിവും ഒരു തൊഴിലായി.

  ReplyDelete
 3. നിങ്ങളെക്കാളും വലിയ കക്ഷി അരിക്കൊണ്ടാട്ടം എടുത്തവൻ.

  ReplyDelete
 4. അരിക്കൊണ്ടാട്ടത്തിന്‍റെ കഥയില്‍ ഈ ജനലിനു പിന്നില്‍ നിന്ന് നോക്കിച്ചിരിക്കുന്ന ആ ചിരി തന്ന പിരിവുകാര്‍ക്കും അവരുടെ ആക്രാന്തത്തിനും ആശംസകള്‍ ..!!

  എഴുതൂ... വളരെ നന്നായിട്ടുണ്ട് .. ഈ രസകരമായ അനുഭവം...
  Simple is Beautiful അല്ലെങ്കില്‍ “Beauty is Simplicity” എന്നൊക്കെ കേട്ടിട്ടില്ലെ..
  വായിച്ചു വന്നപ്പൊ ഇതതാണ്...

  എല്ലാ അഭിവാദ്യങ്ങളും..

  ReplyDelete