Thursday, 2 October 2014

-വിജയദശമി- ( ഓര്‍മ്മകളിലൂടെ)
വിജയദശമിയും പൂജ വെയ്പ്പും ഒക്കെ സമ്മാനിച്ചതു മറക്കാനാവാത്ത കുറെ ബാല്യകാല സ്മരണകള്‍ ആണ്.. കുട്ടിക്കാലത്ത് ഏറെ സന്തോഷിച്ച ദിവസങ്ങളായിരുന്നു പുസ്തക പൂജ ദിവസങ്ങള്‍..
"തെണ്ടി നടക്കാതെ പോയിരുന്നു വല്ലോം രണ്ടക്ഷരം പഠിക്കാന്‍ നോക്കെടീ" എന്ന അമ്മേടെ തെരുതെരെ ഉള്ള ചീത്ത കേക്കണ്ടല്ലോ എന്നതാണ് ഏറ്റവും വല്ല്യ സന്തോഷം..
വാഗ്ദേവിക്ക് വിശ്രമം കൊടുക്കുന്ന ആ നാളുകള്‍ വളരെ സുന്ദരമായിരുന്നു..
ദേവീ പൂജക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണല്ലോ അവില്‍.. അന്ന് അവില്‍ ഇടിക്കുന്ന മില്ല് അടുത്തൊന്നും ഉണ്ടായിരുന്നില്ല.. കിലോമീറ്ററുകള്‍ക്കപ്പുറത്ത് പട്ടിപ്പറമ്പ് എന്ന സ്ഥലത്താണ് ആകെ ഒരു മില്‍ ഉള്ളത്.. അവിടേക്ക് ഞങ്ങള്‍ അഞ്ചാറു കുട്ടികള്‍ , രണ്ടുമൂന്നു ദിവസം കുതിര്‍ത്തു വാരി വെച്ച നെല്ലുമായി അതിരാവിലെ നടന്നു പോവും.. നല്ല തിരക്കായിരിക്കും. വൈകുന്നെരത്തോടെയെ തിരിച്ചു വരാന്‍ പറ്റൂ.. അതുകൊണ്ട് മില്ലില്‍ ഇരുന്നു കഴിക്കാനായി എന്തെങ്കിലും അമ്മ പൊതിഞ്ഞു തരും..
നെല്ലുമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിക്കും..
"അത് പൂജക്കുള്ളതാണ്.. വാരിത്തിന്ന് എച്ചിലാക്കാന്‍ പാടില്ല്യാട്ടോ".
ദൈവകോപം ഉണ്ടായാലോ എന്ന പേടി കൊണ്ടും ചൂടുള്ള അവില് ഒന്ന് രുചിച്ചു നോക്കാതെ തലയില്‍ ചുമന്നു കൊണ്ട് വരാനുള്ള മനസ്സില്ലാത്തത് കൊണ്ടും മില്ലില്‍ വെച്ച് തന്നെ വഴിച്ചിലവിനുള്ള അവില് വേറൊരു കവറില്‍ ആക്കും.. വഴിക്ക് കാണുന്ന കടയില്‍ കേറി ശര്‍ക്കരയും തേങ്ങാപ്പൂളും വാങ്ങി അവിലും കൂട്ടി തിന്നു വയറു വീര്‍പ്പിച്ചു നാല് മണിയോടെ മുഖത്ത് കൃത്രിമ ക്ഷീണം വരുത്തി എച്ചിലാക്കാത്ത അവിലുമായി നല്ല കുട്ടികളായി വീട്ടിലെത്തും..
ആദ്യമൊക്കെ തറവാട്ടില്‍ ആയിരുന്നു പുസ്തകം പൂജക്ക് വെച്ചിരുന്നത്.. വേറെയും കുട്ടികള്‍ അവിടെ വരും. മൂന്നു ദിവസത്തെ പൂജക്ക്, അവിലോ മലരോ പഴമോ മറ്റു പൂജാ സാധനങ്ങളോ ഒക്കെ കൊണ്ട് പോണം.. കോമരം ഉറയുന്ന കൃഷ്ണന്‍ കുട്ടി മാമയായിരുന്നു പൂജിച്ചിരുന്നതും ചെറിയ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നതും.. പൂജക്കൊടുവില്‍ പ്രസാദം പങ്കിടുന്ന സമയത്ത് അമ്മാമ പക്ഷഭേദം കാണിക്കും.. സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് ഇല നിറയെ പ്രസാദം കൊടുക്കുമ്പോള്‍, ഞങ്ങള്‍ക്കൊക്കെ കൈ നിറയെ പ്രസാദം വാരുന്നു എന്ന് കഷ്ട്ടപ്പെട്ട് വരുത്തുന്ന മുഖഭാവത്തോടൊപ്പം ഇലചീന്തില്‍ ഒരിത്തിരി പ്രസാദവും മാത്രേ തരൂ.. ഈ പരിപാടി തുടര്‍ന്നപ്പോള്‍ അവിടെ കൊണ്ട് പോയി പുസ്തകം വെക്കുന്ന പരിപാടി നിര്‍ത്തി.. തൊട്ടടുത്തുള്ള അമ്പലത്തില്‍ ആക്കി..
പഴയ മനോരമ പത്രത്തില്‍ പൊതിഞ്ഞു വെള്ളക്കടലാസില്‍ അമ്മയുടെ വടിവൊത്ത കൈയ്യക്ഷരങ്ങളാല്‍ പേരെഴുതി ഒട്ടിച്ച പുസ്തക കെട്ടില്‍ ഏറ്റവും മുകളില്‍ കണക്ക് പുസ്തകം തന്നെ ആയിരിക്കും.. കണക്കില്‍ അന്നും ഇന്നും കണക്കായ ഞാന്‍, കണക്ക് പഠിപ്പിച്ചിരുന്നത് ഒട്ടും ദയയില്ലാതെ പിള്ളേരെ തല്ലി മൂത്രമൊഴിപ്പിച്ചിരുന്ന സരസ്വതി എന്ന പേരുള്ള ടീച്ചര്‍ ആയിരുന്നിട്ടും കണക്കിന്റെ കാര്യത്തില്‍ സരസ്വതി ദേവി എന്നെ അനുഗ്രഹിക്കാന്‍ മടി കാണിച്ചു.. എങ്ങാനും കനിവ് കാണിച്ചെങ്കിലോ എന്ന് കരുതിയാണ് കണക്ക് പുസ്തകം മുകളില്‍ തന്നെ വെക്കുന്നത്..
വൈകുന്നേരത്തെ പൂജക്ക് മാത്രേ പോവാറുള്ളൂ കാരണം അപ്പഴേ പ്രസാദം തിന്നാന്‍ കിട്ടൂ.. അമ്പലത്തിലെ അഗ്രശാലയില്‍ മറ്റു കുട്ടികളോടൊപ്പം മലരിലെ നെല്ല് പെറുക്കിയും പൂജക്കുള്ള പൂക്കള്‍ വൃത്തിയാക്കിയും ചന്ദന മുട്ടി കല്ലില്‍ ഉരച്ചു ചന്ദനം ഉണ്ടാക്കി കൊടുത്തും ചുറ്റമ്പലത്തിനു ചുറ്റും വെച്ച ചിരാതുകളില്‍ എണ്ണയും തിരിയുമിട്ടു ദീപം തെളിയിച്ചും പൂജാകാലം ആഘോഷമാക്കിയിരുന്നു.. വിജയദശമി ദിവസം പൂജയെടുപ്പ്.. ദക്ഷിണ കൊടുത്തു പൂജാരിയില്‍ നിന്നും പുസ്തക കെട്ടു വാങ്ങുമ്പോള്‍ .. അന്നും ഇന്നും എന്നും മനസ്സില്‍ നിന്നും വരുന്ന പ്രാര്‍ഥനാ മന്ത്രം "കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ.." എന്ന് മാത്രം.. കരഞ്ഞു നിലവിളിച്ചും കൈകാലിട്ടടിച്ചും അനുസരണയോടും അനുസരണക്കേട്‌ കാണിച്ചും കുടുംബത്തിലെ കാരണവരുടെ മടിയില്‍ ഇരുന്നു സ്വര്‍ണ്ണ മോതിരത്താല്‍ നാവിലും മനസ്സിലും ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍..
വര്‍ഷങ്ങള്‍ക്കു ശേഷവും മഹാനവമിയും വിജയദശമിയും ആഘോഷിക്കുന്ന ഈ അവസരത്തില്‍ എന്‍റെ ഗതകാല പൂജാ സ്മൃതികള്‍ക്ക് തുളസിയുടെയും തെച്ചിപ്പൂവിന്റെയും കളഭത്തിന്റെയും കര്‍പ്പൂര ദീപ ധൂപത്തിന്‍റെയും സുഗന്ധം.. അവിലും മലരും പഴവും ശര്‍ക്കരയും തേങ്ങയും പയറു പുഴുക്കും കൂട്ടി കുഴച്ച ഇലചീന്തില്‍ വിളമ്പുന്ന തീര്‍ത്ഥം തളിച്ച പ്രസാദത്തിന്‍റെ രുചി നാവിന്‍ തുമ്പില്‍...
ഈ ഓര്‍മ്മകുറിപ്പ്‌ എഴുതുമ്പോള്‍ വാഗ്ദേവിയുടെ അനുഗ്രഹം കുറച്ചൊക്കെ എന്‍റെ നെറുകിലും തെറിച്ചു വീണിട്ടുണ്ട് എന്ന വിശ്വാസം. അതില്ലെങ്കില്‍ എനിക്കിത് എഴുതാന്‍ കഴിയില്ലല്ലോ..
ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണ നായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വാര്‍ത്ഥകാരിണീ സരസ്വതീ ദേവി വന്നെന്‍
നാവില്‍ കളിക്ക കുമുദേഷു നിലാവു പോലെ...
വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെ തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ..

-പത്മശ്രീ നായര്‍-2 comments:

  1. കണക്കില്‍ ഞാനും കണക്കാ... അതോണ്ട് പുസ്തകം പൂജക്ക് വെക്കാന്‍ കൊണ്ടുപോകുമ്പോള്‍ എന്റെ ബുക്കും വെക്കണം എന്ന് വാശി പിടിക്കുന്ന കൂട്ടുകാരിക്ക് ആദ്യം എടുത്തു കൊടുത്തിരുന്നത് കണക്ക്‌ ബുക്കായിരുന്നു....

    ReplyDelete
  2. അന്ന് നല്ല കുട്ടിയായി രണ്ടക്ഷരം പഠിച്ചത് കൊണ്ട് ഇപ്പോൾ ഇങ്ങിനെയൊക്കെ എഴുതാൻ കഴിഞ്ഞു.

    ReplyDelete