Wednesday, 3 July 2013

അച്ഛനെയാണെനിക്കിഷ്ടം.!!!


നമ്മളില്‍ ചിലരൊക്കെ യാത്രക്ക് പോകുമ്പോള്‍,
അല്ലെങ്കില്‍ ഒരു നല്ല കാര്യത്തിനു തുടക്കം കുറിക്കുമ്പോള്‍ ഒക്കെ

ശകുനം നോക്കാറുണ്ട് അല്ലേ.. ?
ഇതില്‍ എന്തേലും വാസ്തവം ഉണ്ടോ ആവോ.. 
ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിലപ്പോഴൊക്കെ 
എനിക്ക് ആ കാര്യത്തില്‍ വിശ്വാസം തോന്നും.. ചിലപ്പോള്‍ അവിശ്വാസവും..!! 

എന്‍റെ കുട്ടിക്കാലത്ത് അച്ഛന്‍ ജോലി സ്ഥലത്ത് നിന്ന്
ലീവില്‍ വന്നു പോവുമ്പോള്‍
വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് എന്നോടും അനിയത്തിയോടും പടി 
കടന്നു വരാന്‍ പറയും. ശകുനം കണ്ടു ഇറങ്ങാന്‍ ആണത്രേ.!!

ഈ ചടങ്ങ് അച്ഛന് അത്യാവശ്യമാണെന്ന്  മനസ്സിലാക്കിയ ഞാന്‍
ശകുനം കാണിക്കുന്നതിന് പ്രതിഫലം വേണമെന്ന് പറഞ്ഞു..
കൈയിലെ പിച്ചള മൊന്തയില്‍ നിറയെ വെള്ളവുമായി ഞാനാണ് മുമ്പില്‍ നടക്കുക.
ഞങ്ങള്‍ രണ്ടു പേരും പടി കടന്നു മുറ്റത്തേക്ക് ഇറങ്ങുന്ന നേരം
അച്ഛനും ബാഗും തൂക്കി വീട്ടില്‍ നിന്നിറങ്ങി ഞങ്ങളെ മറി കടന്നു പടിയിറങ്ങും..
കൈയ്യിലെ വെള്ളം നിറച്ച മൊന്ത തിണ്ണയില്‍ വെച്ച് ഞങ്ങള്‍ പുറകെ ഓടും..
ശകുനത്തിനുള്ള കൂലി മേടിക്കാനും,
പിന്നെ അച്ഛന് യാത്ര മംഗളം നേര്‍ന്നു കവിളില്‍ ഉമ്മ കൊടുക്കാനും..!!
പിന്‍ വിളി വിളിക്കരുതെന്ന് അമ്മ നേരത്തെ താക്കീതു തന്നിട്ടുണ്ടാവും..
അന്നത്തെ പ്രതിഫലം ഓരോ രൂപ ആയിരുന്നു.. 
ചിലപ്പോള്‍ ചില്ലറ പൈസ ആയിരിക്കും.. 
അഞ്ചോ പത്തോ പൈസ കുറവുണ്ടാവുമ്പോള്‍ അടുത്ത വരവിനുള്ള
ശകുന കൂലിയില്‍ ചേര്‍ത്ത് തരാമെന്നു കടം  പറഞ്ഞു തടി തപ്പും..

ഒരിക്കല്‍ അച്ഛന്‍ പോകാന്‍ നേരം ഞങ്ങള്‍ നേരത്തെ സ്കൂളില്‍ പോയി

അന്ന് ശകുനം നടന്നില്ല..!!
മക്കളുടെ ശകുനം മുടങ്ങിയത് കാരണം യാത്രയില്‍
ഒരുപാട് തടസ്സങ്ങള്‍ നേരിടേണ്ടി വന്നു എന്ന് അച്ഛന്‍ പല പ്രാവശ്യം പറഞ്ഞിരുന്നു..

ഞാനാരാ മോള്.. ഈ അവസരം മുതലാക്കി.. 
പിറ്റേ തവണ മുതല്‍ ശകുനക്കൂലി കൂട്ടി ചോദിച്ചു.. 
ഒരു രൂപയില്‍ നിന്നും കുത്തനെ രണ്ടു രൂപയാക്കി-
കൂലി ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചു..
ഈ ശകുനക്കൂലി കൊണ്ടാണ് ക്യൂട്ടെക്സും കണ്മഷിയും
മുടിയില്‍ വെക്കാന്‍ പ്ലാസ്റ്റിക് റോസാപ്പൂവും ഒക്കെ മേടിചിരുന്നത്.
ബാഗും തൂക്കി നടന്നു പോവുന്ന അച്ഛനെ കണ്ണില്‍ നിന്ന് മറയുവോളം
നനവാര്‍ന്ന കണ്ണുകളോടെ ഇടവഴിയില്‍ നിന്നുകൊണ്ട് 
കൈ വീശി യാത്രാ മംഗളം നേരുന്ന രണ്ടു ഫ്രോക്ക്കാരി പെണ്‍കുട്ടികള്‍..,..!!
പിന്നെ  അച്ഛന്‍റെ അടുത്ത വരവിനു വേണ്ടിയുള്ള കാത്തിരിപ്പ്‌..,.. !!
കുറെ കാലം ഈ പതിവ് തുടര്‍ന്നു.
കൂലി പിന്നെ കൂട്ടി ചോദിച്ചില്ല..


ഇന്ന്, അന്യ നാട്ടില്‍, വീട്ടിലെ ജോലിയെല്ലാം തീര്‍ത്തു
അന്നത്തിനുള്ള വക തേടി ബാഗും തൂക്കി ഞാനിറങ്ങുമ്പോള്‍
അറിയാതെ കണ്ണ് ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന,
മാലയിട്ട അച്ഛന്‍റെ ഫോട്ടോക്ക് നേരെ നീളും..
യാത്രാനുമതിക്കായി.. ശകുനത്തിനായി..!!

അച്ഛന്‍റെ അനുഗ്രഹം എന്നും കൂടെ ഉണ്ടെന്നുള്ളതിന് പല അനുഭവങ്ങളും ഉണ്ട്..
അതില്‍ അവസാനത്തേതാണ് അടുത്തിടെ ഉണ്ടായ  അപകടവും ,
പരിക്കുകള്‍ കൂടാതെ ഉള്ള രക്ഷപ്പെടലും..!!
മക്കളില്‍ ഏറ്റവും ഇഷ്ട്ടം അച്ഛന് എന്നോടായിരുന്നു..
അതുകൊണ്ട് കൂടിയാവാം അച്ഛന്‍റെ നഷ്ട്ടം ഇന്നും 
എന്‍റെ മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല..


ഇത്തിരി പിശുക്ക് ഉണ്ടെന്നുള്ളതൊഴിച്ചാല്‍,
സ്നേഹത്തിന്‍റെ നിറകുടം  ആയിരുന്നു എന്‍റെ അച്ഛന്‍....,.
പരാതിയില്ലാതെ, പരിഭവം തീരെയില്ലാതെ, 
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ അച്ഛന്‍..,.!!
അച്ഛനോടോത്തു  ജീവിച്ചു കൊതി തീര്‍ന്നില്ല.. 

എങ്കിലും ചുവരില്‍ തൂക്കിയിട്ട ഫോട്ടോയിലേക്ക് നോക്കുമ്പോള്‍
അച്ഛന്‍റെ കണ്ണുകള്‍ എന്നോട് സംസാരിക്കുന്നതായി തോന്നും.!!

ഇനിയൊരു ജന്മം ഉണ്ടായെങ്കില്‍
ഈ അച്ഛന്‍റെ മകളായിത്തന്നെ ഇനിയും ജനിക്കാന്‍ കഴിഞ്ഞെങ്കില്‍,
ഒരിക്കല്‍ക്കൂടി നിറമൊന്തയുമായി നിന്ന്ശകുനക്കൂലിയായി 
രണ്ടു രൂപ വാങ്ങിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍

വെറുതെയീ മോഹം എന്നറിയുമ്പോഴും  വെറുതെ മോഹിക്കുവാന്‍ മോഹം....

11 comments:

 1. 'അച്ഛനെയാണെനിക്കിഷ്ടം.!!!" എന്ന തലക്കെട്ടില്‍
  ഓപ്പോള്‍ എഴുതിയ ഈ ഓര്‍മ്മക്കുറിപ്പ്‌ വായിച്ചു.

  ബാല്യത്തിലെ നിഷ്കളങ്കഭാവങ്ങള്‍, അച്ഛനും മകളുമായുള്ള ആത്മബന്ധം തീവ്രമായി വളരെ കുറഞ്ഞവരികളിലൂടെ സ്വതസിദ്ധമായ ഒപ്പോളിന്‍റെ സ്ഥിരം ശൈലിയില്‍ ഗംഭീരരമായി എഴുതി.

  ഒരു രൂപയില്‍ നിന്നും രണ്ടു രൂപയിലേക്കുള്ള ശകുനക്കൂലി കൂട്ടുന്ന അവസ്ഥാന്തരം ലളിതമായ നര്‍മ്മത്തിലൂടെ ഇങ്ങിനെ അവതരിപ്പിക്കുവാന്‍ ഒപ്പോള്‍ക്കല്ലാതെ വേറെയാര്‍ക്കും കഴിയില്ല. അത് തന്നെയാണ് ഓപ്പോളുടെ പ്രതിഭയും.

  ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോള്‍ ഓപ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തേക്കാള്‍ കൂടുതല്‍ ഒരു പക്ഷേ ഞാന്‍ ഇത് വായിച്ചുതീര്‍ന്നപ്പോള്‍ അനുഭവിച്ചു.

  പുണ്യം ചെയ്ത അച്ഛനും, ആ അച്ഛന് പിറന്ന ആഭിജാത്യമുള്ള മകളും..!!

  ആ അച്ഛന്‍റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ബാഷ്പാഞ്ജലികളോടെ , ഓപ്പോള്‍ക്ക്‌ ഒരു പാട് നന്മകളും,അഭിവൃദ്ധിയും നേരുന്നു..!!

  -അക്കാകുക്ക-


  ReplyDelete
  Replies
  1. അക്കാക്കൂ.. എന്‍റെ ഓര്‍മ്മ കുറിപ്പിനേക്കാള്‍ ഭംഗിയായി അക്കു സ്വന്തം അഭിപ്രായം എഴുതി.. വീണ്ടും വീണ്ടും പറയുന്നു.. ഈ നല്ല മനസ്സില്‍ നിന്നും വരുന്ന ആശംസകള്‍ തന്നെയാണ് എനിക്ക് പ്രചോദനം തരുന്നതും.. നന്ദി പറയുന്നില്ല.. കാരണം ഇതെന്‍റെ അവകാശം ആയി കാണുന്നു...

   സ്നേഹത്തോടെ.. സ്വന്തം ഓപ്പോള്‍

   Delete
 2. സത്യങ്ങള്‍ നിത്യസത്യങ്ങള്‍..' വെറുതെയീ മോഹം എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം....

  ReplyDelete
 3. This comment has been removed by the author.

  ReplyDelete

 4. കൈ വീശി യാത്രാ മംഗളം നേരുന്ന രണ്ടു ഫ്രോക്ക്കാരി പെണ്‍കുട്ടികള്‍..,..!!
  പിന്നെ അച്ഛന്‍റെ അടുത്ത വരവിനു വേണ്ടിയുള്ള കാത്തിരിപ്പ്‌..,.. !!
  ........ആ കാലം ഇനി തിരിച്ചു വരില്ല.....നല്ലരു ഓര്‍മ്മക്കുറിപ്പ്‌ supper

  ReplyDelete
 5. ഹൃദയത്തിൽ നിന്ന് അച്ഛനെ എടുത്തു ഇവിടെ പ്രതിഷ്ട്ടിച്ച പോലെ തോന്നി . രക്ത ബന്ധത്തിന്റെയും ആത്മ ബന്ധത്തിന്റെയും നഷ്ട്ടം ഒരിക്കലും നികത്താൻ കഴിയില്ല. എന്നാലും നമ്മുടെ ഓർമകളിൽ അവർ എപ്പോഴും ജീവിക്കും....

  നല്ല എഴുത്ത്. ഭാവുകങ്ങൾ നേരുന്നു....
  സസ്നേഹം

  ReplyDelete
 6. ഹൃദയത്തില്‍ നിന്ന് വന്ന വരികളില്‍ സ്നേഹം പൊതിഞ്ഞു നില്‍ക്കുന്നു

  ReplyDelete
 7. അച്ഛന്റെ സ്നേഹം വാത്സല്യവും അനുഗ്രവും എ പ്പോഴും കൂടെ ഉണ്ടാട്കട്ടെ ..
  സ്മരണാഞ്ജലി

  ReplyDelete
 8. nalla achantey nalla makal... ennennum nanmakal nerunnu...

  ReplyDelete
 9. മൂന്ന് പെണ്മക്കളുടെ സ്നേഹം അനുഭവിച്ചറിയുന്ന അച്ഛനാണ്‌ ഞാന്‍.
  ഈ പോസ്റ്റിലെ വരികള്‍ വായിച്ച് മനസ്സ് പിടഞ്ഞു.
  കണ്ണുനിറഞ്ഞു.
  ഈശ്വരാനുഗ്രഹമുണ്ടാകട്ടെ.

  ReplyDelete