Wednesday 29 January 2014

ഇഡ്ഡലിപുരാണം....






ആവി വരുന്ന ഇഡ്ഡലി പാത്രത്തിന്റെ മൂടി കയ്ക്കലത്തുണി കൂട്ടിപിടിച്ചു വലിച്ചു തുറന്നു, കൈ കൊണ്ട് ഒരു കുടന്ന തണുത്ത വെള്ളം തളിച്ച്, ചൂണ്ടുവിരല്‍ കൊണ്ട് ഇഡ്ഡലിയുടെ മര്‍മ്മം നോക്കി ഒരു കുത്തു കുത്തി വേവ് ഉറപ്പാക്കുമ്പോള്‍, മനസ്സില്‍ നിന്നും ഒരു ഏഴു വയസ്സുകാരി പിടഞ്ഞെണീറ്റു വര്‍ഷങ്ങള്‍ക്കപ്പുറത്തെക്ക് ഓടിപ്പോയി, ഇഡ്ഡലി വില്‍ക്കുന്ന വള്ളിചെട്ടിച്ച്യാരുടെ മുന്നില്‍ കിതപ്പോടെ നിന്നു.. 

വാലിട്ടു ചേല ചുറ്റിയ, വെഞ്ചാമരം പോലത്തെ തലമുടിയുള്ള, തമിഴ്‌ ചുവക്കുന്ന മലയാളം പറയുന്ന വള്ളി ചെട്ടിച്ച്യാര്‍.. തലയിലെ വട്ടിയില്‍ നിറച്ച ചൂട്‌ ഇഡ്ഡലിയും വലതു കൈയ്യില്‍ കടലയും തേങ്ങയും ചേര്‍ത്തരച്ച ചട്ണി നിറച്ച വലിയ തൂക്കുപാത്രവുമായി, പാടത്ത് പണിയെടുക്കുന്നവര്‍ക്ക് വില്‍ക്കാനുള്ള ഇഡ്ഡലിയുമായി രാവിലെ പത്തു മണിയോടെ വീടിനു മുന്നിലൂടെ ചെട്ടിച്യാര് പോകുന്നത് നിത്യ കാഴ്ചയാണ്. 

പാടത്ത് പണിയുന്ന പെണ്ണുങ്ങള്‍, വരമ്പത്ത് ഇരുന്നു സൊറ പറഞ്ഞു ഇഡ്ഡലി തിന്നുന്നത് പലപ്പോഴായി കണ്ടു കണ്ടു, കുഞ്ഞു മനസ്സിലും ചെട്ടിച്യാരുടെ ഇഡ്ഡലി തിന്നാന്‍ കൊതിയൂറി.. ഒരു ദിവസം വീട്ടുകാരുടെ കണ്ണു വെട്ടിച്ചു ചെട്ടിച്ച്യാരുടെ പുറകെ കൂടി.. തന്നെ ഫോളോ ചെയ്യുകയാണെന്ന് മനസ്സിലാക്കിയ ചെട്ടിച്ച്യാര് "എന്ന വേണം കുട്ടീ" എന്ന് ചോദിച്ചു.. കള്ള ലക്ഷണവും പരുങ്ങലും കണ്ടപ്പോള്‍ ചെട്ടിച്ച്യാര്‍ക്ക് എന്‍റെ മനസ്സിലിരുപ്പ് പിടി കിട്ടി. തലയില്‍ നിന്നും ഇഡ്ഡലി കുട്ട വരമ്പത്ത് ഇറക്കി വെച്ച്, പഴുത്ത് അറ്റം ഉണങ്ങി തുടങ്ങിയ വാഴയില ചീന്ത് ചെട്ടിച്ച്യാര് തന്‍റെ നിതംബത്തില്‍ തുടച്ചു വൃത്തിയാക്കി, ഒരു ഇഡ്ഡലിയും ഒരു സ്പൂണ്‍ ഇഡ്ഡലിപൊടിയും വെച്ച് എന്‍റെ നേര്‍ക്ക്‌ നീട്ടി പറഞ്ഞു " ഇന്താ.. തിന്നുക്കോ"..

ഇളം പുല്ലുകള്‍ നിറഞ്ഞ വരമ്പത്ത് ഇരുന്നു പാടത്തേക്ക് കാലാട്ടി, പൊടിയില്‍ മുക്കി ഇഡ്ഡലി തിന്നുന്നത്, ഏതോ സാമദ്രോഹി പൊടിപ്പും തൊങ്ങലും വെച്ച് അമ്മയുടെ ചെവിയില്‍ എത്തിച്ചു. 

ഇഡ്ഡലി തീറ്റയും കഴിഞ്ഞു പാടത്ത് കൈ കഴുകി, ഒന്നുമറിയാത്ത ഭാവത്തില്‍ "ഒന്നാനാം കുന്നിന്മേല്‍ ഒരാടി മണ്ണില്‍ മേല്‍ ഒരായിരം കിളി കൂടു വെച്ചു" എന്ന പദ്യ ശകലവും ഈണത്തില്‍ പാടി, പടി കടന്നു ചെന്ന എന്നെ സ്വീകരിച്ചത് അസ്സല് പുളിവാറു കൊണ്ടുള്ള അടിയായിരുന്നു. പെട്ടെന്നുള്ള അറ്റാക്ക് ആയത് കൊണ്ട് കൃത്യമായി എണ്ണാന്‍ പറ്റിയില്ല. ആരോടൊക്കെയോ ഉള്ള ദേഷ്യം മുഴുവന്‍ അമ്മ എന്‍റെ ദേഹത്ത് തീര്‍ത്തു. നീറ്റല്‍ അനുഭവപ്പെട്ടപ്പോഴാണ് കാല്‍വണ്ണയില്‍ ചോര പൊടിഞ്ഞത് അറിഞ്ഞത്. 

നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അടിയുടെ വേദനയും, കമ്മ്യൂണിസ്റ്റ് പച്ചയുടെ ചാറു പിഴിഞ്ഞ് ഒഴിച്ചത് കൊണ്ട് അടിയുടെ പാടും മാറിക്കിട്ടി . പക്ഷെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും വള്ളി ചെട്ടിച്ച്യാര് ചന്തിയില്‍ തുടച്ച പഴുത്ത വാഴയില ചീന്തില്‍ വെച്ചു തന്ന ഇഡ്ഡലിയുടെയും പൊടിയുടെയും രുചി നാവിന്‍തുമ്പില്‍ നിന്നും മായുന്നില്ല.. അതങ്ങിനെയാണ്.. ഓര്‍മ്മകള്‍ വീഞ്ഞു പോലെയാണ്.. പഴകുന്തോറും രുചിയേറും.. വീര്യവും കൂടും..!!!!!

-പദ്മശ്രീനായര്‍-

5 comments:

  1. ചില ഓര്‍മ്മകള്‍ അങ്ങിനെയാണ്.

    ReplyDelete
  2. തല്ലു കിട്ടിയ കാര്യമല്ലേ,അപ്പോള്‍ മറക്കില്ല..

    ReplyDelete
  3. ഓര്‍മ്മകളില്‍ അങ്ങനെ ഒഴുകട്ടെ ജീവിതം ... ..ആശംസകള്‍

    ReplyDelete
  4. കന്യാകുമാരി തമിഴ്നാടിന് വിട്ടുകൊടുത്തപ്പോള്‍ കേരളത്തിന് കിട്ടിയ പുണ്യം- പാലക്കാട്-
    അന്ന് അങ്ങിനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഈ പാലക്കാട്ടുകാരിയായ ഓപ്പോളേ നമ്മുക്ക് കിട്ടുമായിരുന്നോ?....
    അല്ലായിരുന്നെങ്കില്‍,
    ഇന്ന് ഫേസ്ബുക്കിലെ അങ്ങേ അറ്റത്തിരുന്നു നല്ല ചെന്തമിഴില്‍
    'ഇഡ്ഡലിപുരാണവും' പ്രഭാതഭേരിയായിട്ട് അണ്ണന്‍മാരുടെയും,
    അണ്ണിമാരുടെയും ലൈക്കും കമന്റും മേടിക്കുകയായിരുന്നിരിക്കാം.. അല്ലേ നമ്മുടെ
    ഈ ഓപ്പോള്‍...
    ഓപ്പോള്‍ക്ക്‌ എന്‍റെ എല്ലാ ആശംസകളും.. സ്നേഹവും....
    ആയുഷ്മാന്‍ ഭവ: ... -അക്കാകുക്ക-

    ReplyDelete
  5. ഇഡ്ഡലി ....കലക്കി..!!

    വ്യത്യസ്തമായ ഓര്‍മ്മകളും എഴുത്തും മുന്നോട്ട് നയിക്കട്ടെ
    അഭിവാദ്യങ്ങള്‍ ,,!

    ReplyDelete