Friday 7 March 2014

വനിതാദിനാശംസകള്‍...



1994 ല്‍  ആണെന്ന് തോന്നുന്നു പാലക്കാട്‌  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഇടതു കൈയ്യില്‍ പിടിച്ചു  ഗുജറാത്തിലേക്ക്  തീവണ്ടി കയറി..  ജീവിതം കരുപ്പിടിപ്പിക്കാനുള്ള മോഹവും തോളത്തു  തളര്‍ന്നു കിടന്നുറങ്ങുന്ന രണ്ടു വയസ്സുകാരന്‍ മകനും,  പെയിന്റ് അടര്‍ന്ന തകരപ്പെട്ടിയില്‍  അത്യാവശ്യം തുണികളും  വണ്ടിയില്‍ കഴിക്കാന്‍ അമ്മ തന്നു വിട്ട പൊതിച്ചോറും മാത്രമായിരുന്നു ലഗ്ഗേജ്..

മകളെ ഒരു ജോലിക്കാരിയായി കാണാനുള്ള  ഒരമ്മയുടെ ആഗ്രഹവും, എന്തെങ്കിലും ഒരു ജോലി കിട്ടിയാല്‍ ജീവിതം പതിയെ ഇഴ ചേര്‍ത്തെടുക്കാമെന്നുള്ള മോഹവുമായിരുന്നു   ഗ്രാമത്തെയും ഗ്രാമഭംഗിയെയും സ്നേഹിച്ചു കൊതി തീരാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയെ  കേരളത്തില്‍ നിന്നും മറ്റൊരു ദേശത്തെക്ക് പറിച്ചു നടാന്‍ പ്രേരിപ്പിച്ച ഘടകം. ഒരു പറിച്ചു നടല്‍ ഇഷ്ട്ടപ്പെടാതിരുന്നിട്ടും  എന്‍റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി  കൂടെ  വരാന്‍ സമ്മതിച്ചതിന്റെ  മുറുമുറുപ്പ് ഭര്‍ത്താവില്‍ നിന്നും ഏറെ കാലം ഏറ്റുവാങ്ങേണ്ടി വന്നു..

ഗ്രാമത്തിന്‍റെ  വിശുദ്ധിയും ,  അമ്പലക്കുളവും,  പാടവും അന്തിമാളന്‍ ക്ഷേത്രവും   വിഷുവേലയും  ഓണവും  ഒക്കെയാണ്  ലോകവും ജീവിതവും എന്ന് തെറ്റിദ്ധരിച്ച  എനിക്ക് അഹമ്മദാബാദില്‍  വണ്ടിയിറങ്ങിയപ്പോള്‍ മൊത്തത്തില്‍ അന്ധാളിപ്പ് ആയിരുന്നു.. കരിമ്പുക  തുപ്പുന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ  പാതകള്‍,  പല തരത്തിലുള്ള ആള്‍ക്കാര്‍, ഒന്നും മനസ്സിലാവാത്ത ഭാഷ..  സഹോദരന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഒറ്റമുറിയുള്ള വാടക വീടിലുള്ള താമസം.. ചുറ്റുപാടുമുള്ള സ്ത്രീകള്‍ ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ ചോദിക്കുമ്പോള്‍  നിര്‍വികാരതയോടെ, മറുപടി പറയാനാവാതെ,  നിറമില്ലാത്ത ചിരി ചിരിച്ചു തിരിഞ്ഞു നടക്കുമായിരുന്നു.

അഹമ്മദാബാദില്‍ എത്തിയതിന്‍റെ  പിറ്റേന്ന് മുതല്‍  ഇന്റര്‍വ്യൂവിനു പോയി തുടങ്ങി.. അധികമൊന്നും അലയേണ്ടി വന്നില്ല.. രണ്ടു കമ്പനിയില്‍ നിന്നും അപ്പോള്‍ തന്നെ കിട്ടിയ മറുപടി  ഏട്ടന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു തന്നു.. "ഭാഷയൊക്കെ നന്നായി പഠിച്ചതിനു ശേഷം വരൂ.. അപ്പോള്‍ വേക്കന്‍സി ഉണ്ടെങ്കില്‍  നിയമിക്കാം."

രണ്ടു ദിവസം കഴിഞ്ഞു ഏട്ടന്റെ ഒരു സുഹൃത്ത്‌ വഴി മറ്റൊരു ഓഫീസില്‍ എത്തി. പേടിച്ചു വിറച്ചു മാനേജരുടെ ക്യാബിനില്‍ എത്തി..   ഗ്രാമീണരെ മാത്രം കണ്ടു പരിചയിച്ച, ഗ്രാമ്യ ഭാഷ മാത്രം കേട്ട് ശീലിച്ച  എനിക്ക്, ഒരു ഓഫീസും  ജോലിക്കാരും ഒക്കെ പുതിയൊരു അനുഭവം ആയിരുന്നു..  ഭാഗ്യത്തിന് അവിടെ ഉണ്ടായിരുന്ന മാനേജര്‍  പാലക്കാട്ടുകാരന്‍ അയ്യര്‍ സര്‍   എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കി   ടൈപ്പിസ്റ്റ്‌  ആയി നിയമിച്ചു.  വെറും അഞ്ഞൂറ് രൂപ ശമ്പള ത്തിനു.. മുങ്ങിത്താഴാന്‍ പോകുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പ്.. അതായിരുന്നു എനിക്കാ ജോലി..  അതെ ഓഫീസില്‍ ജോലിയുള്ള രണ്ടു മൂന്നു മലയാളികള്‍ വേറെയും ഉണ്ടായിരുന്നു.. സ്ത്രീ ആയിട്ട് ഞാന്‍ മാത്രം..  അയ്യര്‍ സാര്‍,   ഒരു മകളെ പോലെ എനിക്ക് വേണ്ടുന്ന ഉപദേശങ്ങള്‍  തന്നു..  ഓരോ ജോലികളും  ചെയ്യാന്‍ പ്രാപ്തയാക്കി, എന്‍റെ ജീവിതത്തില്‍ എക്കാലവും സ്മരിക്കപ്പെടെണ്ട വ്യക്തി അയ്യര്‍ സാര്‍ മാത്രമാണ്..

ഇതിനിടയില്‍, ആകസ്മികമായി ഭര്‍ത്താവിനു ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരികയും കുറെ കാലത്തേക്ക്  ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി .  പുതിയ നാടും കാലാവസ്ഥയും യോജിക്കാതതിനാല്‍   എപ്പോഴും  രോഗം  വന്നു കൊണ്ടിരിക്കുന്ന  മകന്‍,  ഇതിനൊക്കെ ഇടയില്‍ ഞാന്‍ എന്നെകുറിച്ച് ആലോചിക്കാറേ  ഇല്ലായിരുന്നു..   പണ്ടെങ്ങോ മടങ്ങിപ്പോയ ശ്വാസം മുട്ടല്‍ നഗരജീവിതം തുടങ്ങിയപ്പോള്‍  വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു വന്നു..   പലപ്പോഴും ജീവിതം ദുസ്സഹമായി..  അപ്പോഴും ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു  ഏതോ ഒരജ്ഞാത ശക്തി  എന്നെ നിയന്ത്രിക്കുന്നുണ്ടെന്നു,  നിന്നെ കാത്ത് നല്ലൊരു ജീവിതം ഉണ്ടെന്നു ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ..

പണമില്ലാത്തവരെ സ്വന്തക്കാര്‍ക്കു പോലും വേണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍.. ബന്ധങ്ങള്‍ ബന്ധനങ്ങളും ബാധ്യതയുമായി.. തുടര്‍ന്നുള്ള നാളുകളില്‍  ജീവിതത്തെ   ശത്രുസ്ഥാനത്ത് നിര്‍ത്തി വാശിയോടെ നേരിട്ടു.   മുഖം കറുപ്പിച്ചു എന്തെങ്കിലും പറഞ്ഞാല്‍ മുറിയുടെ മൂലക്കിരുന്നു കരഞ്ഞിരുന്ന നാടന്‍ പെണ്ണിന് മാറ്റങ്ങള്‍ വന്നു തുടങ്ങി.. ഒരു പക്ഷെ മാറിയെ തീരൂ എന്നവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മുന്നോട്ടു വെച്ച ചുവടുകള്‍ പരാജയം ഏറ്റുവാങ്ങി പുറകോട്ടു എടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ. എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച്  ശമ്പളക്കയറ്റത്തോടെ അഞ്ചോ  ആറോ കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു.

ഏറ്റവും വലിയ ശത്രുവും ഏറ്റവും വലിയ യുദ്ധക്കളവും ജീവിതം തന്നെയെന്ന് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു.  ഇണങ്ങിയും പിണങ്ങിയും സുഖദുഃഖങ്ങള്‍ പങ്കിട്ടും രണ്ടുപേരും കൂടി ആഞ്ഞു തുഴഞ്ഞു ജീവിതത്തോണി ഒരുവിധം കരക്കടുപ്പിച്ചു..   പന്ത്രണ്ടു വര്‍ഷമായി, ഞങ്ങളുടെ ദാമ്പത്യം പ്രവാസത്തിനിടക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍  വീണു കിട്ടുന്ന രണ്ടു മാസത്തെ അവധിക്കാലമായി ചുരുങ്ങി.

സ്ത്രീ അബലയല്ല..  അവള്‍ ജീവിക്കുന്ന സാഹചര്യമാണ് അവളെ അബലയോ ദുര്‍ബ്ബലയോ ഒക്കെ ആക്കി തീര്‍ക്കുന്നത്.    ജീവിതത്തോട് മല്ലിട്ട് നേടിയതൊന്നും ഒരു നേട്ടമായി ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ മനസ്ഥൈര്യവും, ആത്മവിശ്വാസവും  ഒഴികെയുള്ള  ഒരു നേട്ടവും ശാശ്വതമല്ലല്ലോ..

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍ ഏറെയുണ്ട്.. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പരിശ്രമത്തിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു.. "നീയില്ലെങ്കില്‍  ഇന്ന് നമ്മുടെ കുടുംബം ഈ നിലക്ക് എത്തുകയില്ല"  എന്ന   ഇണയുടെ ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു.  കഷ്ട്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഉലയില്‍ വെച്ച് ഊതിക്കാച്ചിയെടുത്ത പൊന്നാണ് എന്‍റെ ജീവിതം.  ആ തിരിച്ചറിവ് മാത്രം മതി സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍.

തളരരുത്.. ഏതു പ്രതിസന്ധിയെയും ആത്മ വിശ്വാസത്തോടെ നേരിടുക.. തീര്‍ച്ചയായും വിജയിക്കും.  കാരണം സ്ത്രീ ഒരു ശക്തിയാണ്.. സ്ത്രീയാണ് ശക്തി..

എല്ലാ കൂട്ടുകാരികള്‍ക്കും ലോക വനിതാ ദിനത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

-പത്മശ്രീനായര്‍-









8 comments:

  1. മുഖം കറുപ്പിച്ചു എന്തെങ്കിലും പറഞ്ഞാല്‍ മുറിയുടെ മൂലക്കിരുന്നു കരഞ്ഞിരുന്ന നാടന്‍ പെണ്ണിന് മാറ്റങ്ങള്‍ വന്നു തുടങ്ങി..

    ജീവിതം എന്റെ കൂടി തീരുമാനങ്ങള്‍ അടങ്ങിയതാണെന്ന ബോധ്യം നേടുന്നതോടെ ഒരു പരിധി വരെ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നുണ്ട്. ചിലയടത്ത് വിപരീതമായേക്കാം.
    ലോക വനിതാ ദിനത്തിലെ പോസ്റ്റ്‌ സ്വയം വിലയിരുത്തല്‍ ആയപ്പോള്‍ നന്നായി.

    ReplyDelete
  2. ന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  3. വളരെ സന്തോഷം തോന്നുന്നു...സ്നേഹം

    ReplyDelete
  4. പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം
    ആ കവി വാക്കുകളാണ് ഇതു വായിച്ചപ്പോൾ പെട്ടന്ന് ഓർമ്മയിൽ വന്നത്
    ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ സധൈര്യം നേരിട്ടതിന്റെ പരിണിത ഫലം
    മധുരോതരം ആയി മാറി. വീണ്ടും കുറിക്കുന്നു ആ വാക്കുകൾ
    >>തളരരുത്.. ഏതു പ്രതിസന്ധിയെയും ആത്മ വിശ്വാസത്തോടെ നേരിടുക..
    തീര്‍ച്ചയായും വിജയിക്കും. കാരണം സ്ത്രീ ഒരു ശക്തിയാണ്.. സ്ത്രീയാണ് ശക്തി.<<
    ആശംസകൾ

    ReplyDelete
  5. സ്വന്തം പരിശ്രമം പിന്നെ നമ്മുടെആത്മ വിശ്വാസം അതാണ് നമ്മുടെ വിജയ രഹസ്യത്തിന്റെ കാതല്‍

    മുഖപുസ്തകത്തില്‍ തമാശ വിതറുന്ന ചേച്ചിക്ക് പിന്നില്‍ ഇത്രയും ശക്തയായ ഒരു സ്ത്രീ ഉണ്ടെന്നു മനസില്ലാക്കാന്‍ കഴിഞ്ഞു,,കൂടുതല്‍ കരുത്തോടെ മുന്നേറുക കൂടുതല്‍ വിജയങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  6. സ്ത്രീയാണ് ശക്തി.... ആത്മവിശ്വാസം പകരുന്ന എഴുത്ത് :) :)

    ReplyDelete
  7. സങ്കടായി ട്ടോ ,, ഫേസ്ബുക്കില്‍ കളിയും ചിരിയുമായി സന്തോഷിക്കുമ്പോഴും ഇങ്ങിനെയൊരു അവസ്ഥയിലൂടെ കടന്നു വന്നു എന്ന് കേള്‍ക്കുമ്പോള്‍!!!. :(

    ReplyDelete
  8. ഗ്രാമത്തിന്‍റെ വിശുദ്ധിയും , അമ്പലക്കുളവും, പാടവും അന്തിമാളന്‍ ക്ഷേത്രവും വിഷുവേലയും ഓണവും ഒക്കെയാണ് ലോകവും ജീവിതവും എന്ന് തെറ്റിദ്ധരിച്ച എനിക്ക്.................ഇത് തെറ്റിധാരണ ആണെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ ?

    ReplyDelete