Friday 11 April 2014

"പ്രാണസഞ്ചാരം" .... വായനയിലൂടെ..!!!




മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍, തൊഴില്‍പരമായ തകര്‍ച്ചകള്‍, മാറാരോഗം, വിവാഹത്തിനുള്ള തടസ്സങ്ങള്‍,  പഠനത്തില്‍ പെട്ടെന്നുണ്ടാകുന്ന താല്‍പര്യക്കുറവ്, വരുമാനത്തില്‍ ബര്‍ക്കത്ത് ഇല്ലായ്മ, കെട്ടിടം വില്‍ക്കാനുള്ള വൈഷമ്യങ്ങള്‍, കുടുംബപരമായ പ്രശ്നങ്ങള്‍, സ്നേഹിക്കുന്നവരുടെ അകന്നു മാറല്‍,  വിദേശ യാത്രക്കുള്ള തടസ്സങ്ങള്‍ അങ്ങിനെയങ്ങിനെ നിത്യജീവിതത്തില്‍ ഓരോരുത്തരും  നേരിടുന്ന  പ്രശ്നങ്ങള്‍ നിരവധി..

ഒരു ശരാശരി മലയാളിക്ക്, അവനെത്ര സാക്ഷരനാണെങ്കിലും  ഒരിക്കലെങ്കിലും വാസ്തു, ജ്യോതിഷം, മന്ത്രവാദം, കൈനോട്ടം, ജാതകം നോക്കല്‍ തുടങ്ങിയ ഏതുമായെങ്കിലും  ബന്ധപ്പെടാതിരിക്കാനാകാത്ത  അവസ്ഥ ഉണ്ടായേക്കാം. നിരീശ്വരവാദവും യുക്തിവാദവും ഒക്കെ കൈമുതലാക്കിയവരും, ചില വിഷമഘട്ടങ്ങളില്‍,  മേല്‍പ്പറഞ്ഞ വഴികളിലൂടെ  സഞ്ചരിക്കാതിരിക്കില്ല..

സമൂഹത്തിന്റെ അരികുകളിലും മനുഷ്യ മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തു കൊണ്ടുവരുകയാണ് "പ്രാണസഞ്ചാരം"  എന്ന നോവലിലൂടെ  പ്രശസ്ത നോവലിസ്റ്റ്   ശ്രീ രാജീവ്‌ ശിവശങ്കര്‍.ആശയത്തിലും,ആഖ്യാനത്തിലും ഏറെ വ്യത്യസ്തതയും,പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ സൃഷ്ടി "തമോവേദ" ത്തിനു ശേഷം ശ്രീ രാജീവ്‌  ശിവശങ്കറിന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്ത  ശക്തമായ നോവല്‍ ആണ്.

ആനന്ദന്‍ പുരുഷോത്തമന്‍ എന്ന ചെറുപ്പക്കാരനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ജോലിയിലെ ആത്മാര്‍ഥതയും മിടുക്കും കേട്ടറിഞ്ഞു, ആകര്‍ഷകമായ ശംബളം വാഗ്ദാനം ചെയ്തു ഫിന്‍ലൈഫ്‌ എന്ന ധനകാര്യ സ്ഥാപനം ആനന്ദനെ  തങ്ങളുടെ സ്വന്തമാക്കുന്നു.. പുതിയ ഓഫീസില്‍ ചാര്‍ജ്ജെടുത്തു,  മേലുദ്യോഗസ്ഥനെ കാണാന്‍ ചെല്ലുക എന്ന  സാമാന്യ മര്യാദകള്‍ പാലിച്ചില്ലെന്ന  പേരിലായിരുന്നു   പ്രശ്നങ്ങളുടെ  തുടക്കം. അവിടെ തന്നെ ജോലി ചെയ്യുന്ന രണ്ടു പേര്‍ വിലക്കിയതിന്റെ പേരിലാണ് താന്‍ ബോസ്സിനെ കാണാന്‍ വരാതിരുന്നത് എന്ന് പറഞ്ഞപ്പോള്‍ മേലധികാരി വീണ്ടും  ക്ഷോഭിച്ചു.. കാരണം ആനന്ദന്‍ പറഞ്ഞ ആ രണ്ടു പേരും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിലും ആത്മഹത്യചെയ്തും മരിച്ചു പോയവരായിരുന്നു. പിന്നീടങ്ങോട്ട്  യൂണിയന്‍ നേതാവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ.   പലരുടെയും  കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും   വെളിച്ചത്തു വരുമെന്നായപ്പോള്‍, സഹപ്രവര്‍ത്തകരില്‍  ചിലര്‍  ഒറ്റക്കെട്ടായി ആനന്ദന്റെ നിഗൂഡതകള്‍   തേടി യാത്രയായി.. ചെന്നെത്തിപ്പെട്ടത്‌ ആനന്ദനെ ചികിത്സിക്കുന്ന ഡോക്ടര്‍ രാജമൂര്‍ത്തിയുടെ മുന്നിലായിരുന്നു..   ചികിത്സയുടെ ഭാഗമായി, വികാര വിചാരങ്ങളും  അനുഭവങ്ങളും  കുറിച്ചിട്ട  ഡയറിയിലൂടെ, ആനന്ദനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കും  അതുവഴി ജ്യോതിഷത്തിലും മന്ത്രവാദത്തിലും ഹൈക്കുലസ്സിഹാമെന്ന അറബി മാന്ത്രികത്തിലും  അന്ധമായി വിശ്വസിച്ചു  അധപതിച്ചു പോയ കുറെ മനുഷ്യ മനസ്സുകളുടെ വിഭ്രാത്മകമായ വഴികളിലൂടെ  വായനക്കാരെ കൊണ്ട് പോകുന്നു..

ഇനി ആനന്ദനെ  പരിചയപ്പെടാം.
അച്ഛനും അമ്മയും  അനിയത്തിയും അമ്മൂമ്മയും അപ്പൂപ്പനും അമ്മാവന്മാരും ഒക്കെ അടങ്ങുന്ന  ഭേദപ്പെട്ട തറവാട്ടിലെ ഒരു കൂട്ട് കുടുംബത്തിലായിരുന്നു  ആനന്ദന്‍ വളര്‍ന്നത്‌.  കടുക്കാച്ചി മാവിന്‍ ചോട്ടിലും, പാടത്തും പറമ്പിലും പുഴയോരത്തും  തുള്ളിത്തെറിച്ചു  നടന്നിരുന്ന ബാല്യവും കൌമാരവും.  കൌമാര കാലത്തിന്‍റെ അവസാന നാളുകളില്‍ ഒരു ദിവസമാണ്  അയല്‍പക്കത്തെ  പെണ്‍കുട്ടിയില്‍ നിന്നും  ഓജോ ബോര്‍ഡ്‌ വഴി മരിച്ചു പോയവരുടെ ആത്മാവുമായി സംവദിക്കുന്ന കൗതുക  ലോകത്തെ കുറിച്ച് അറിയുന്നത്.

കോളജ്‌ പഠനകാലത്തെ കൂട്ടുകാരന്‍  പീറ്ററിലൂടെയാണ്,  ഉഗ്രമൂര്‍ത്തികളെന്നു  പറയപ്പെടുന്ന വടുകഭൈരവന്‍, വീരഭദ്രന്‍, കര്‍ണ്ണപിശാചിനി  എന്നീ ദുര്‍ദേവതകളെ ഉപാസിച്ചിരുന്ന  പീറ്ററിന്റെ അപ്പൂപ്പനെ കുറിച്ച് അറിയുന്നത്.  പക്ഷെ ആനന്ദന്റെ ജീവിതം മാറ്റി മറിച്ചത് ഇതൊന്നുമായിരുന്നില്ല.

ആനന്ദന്റെ ചെറിയമ്മാവന്‍ ആയിരുന്നു ഭാര്‍ഗ്ഗവന്‍ പിള്ള.. സുന്ദരനും സുശീലനുമായിരുന്ന ചെറുപ്പക്കാരന്‍..  സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ഭാര്‍ഗ്ഗവന്‍ ചെറുപ്പത്തിലെ തന്നെ സ്വന്തം  മുറി ഒരു പരീക്ഷണശാലയാക്കി മാറ്റിയിരുന്നു..  അമ്മാവനും അദ്ധേഹത്തിന്റെ  പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ആനന്ദന്റെ കൌതുകമായിരുന്നു. വലിയമ്മാവന്‍ ചന്ദ്രശേഖരന്‍   കവിതാരചനയും   അല്പസ്വല്പം രാഷ്ട്രീയവുമായി  നടക്കുന്നയാള്‍. എല്ലാം കൊണ്ടും സമാധാനപരമായൊരു കുടുംബാന്തരീക്ഷം..

വരാനിരിക്കുന്ന ദുര്‍ഗ്ഗതികളുടെ മുന്നോടിയായിട്ടാവാം, ആ കുടുംബത്തെ ഉലച്ച  ആ സംഭവം.. ഭാര്‍ഗ്ഗവന്‍ പ്രേമിച്ചിരുന്ന  രാധ എന്ന പെണ്‍കുട്ടി, പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു.  പ്രേമത്തിന്‍റെ പേരില്‍  പഠിത്തം ഉഴപ്പാതിരിക്കാന്‍ വേണ്ടി ഇരു കുടുംബങ്ങളും  തീരുമാനിച്ചതായിരുന്നു പരീക്ഷയില്‍ രണ്ടുപേരും   ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ചാല്‍ മാത്രമേ   വിവാഹം നടത്തുകയുള്ളൂ  എന്ന്. പരീക്ഷാഫലം വന്നപ്പോള്‍ രാധ   തോറ്റു.. ഭാര്‍ഗ്ഗവനെ നഷ്ട്ടപ്പെടുമെന്നോര്‍ത്തു  രാധ  ഒരു തുണ്ടു കയറില്‍ ജീവിതം അവസാനിപ്പിച്ചു..   ഈ സംഭവം ഭാര്‍ഗ്ഗവനെയും കുടുംബത്തെയും വല്ലാതെ പിടിച്ചുലച്ചു.. പ്രണയിനിയുടെ  നഷ്ട്ടം താങ്ങാനാവാതെ,  വല്ല്യേട്ടന്  ഒരു കുറിപ്പ്  എഴുതി വെച്ച് ഭാര്‍ഗ്ഗവന്‍  നാടു വിട്ടു..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍.. ഇതിനിടയില്‍  ആനന്ദന്റെ  കുഞ്ഞനിയത്തി മരണപ്പെട്ടു..   വല്യമ്മാവന്‍  ശ്യാമളമ്മായിയെ  വിവാഹം കഴിച്ചു.. കുടുംബത്തില്‍ എന്തൊക്കെയോ ദുസ്സൂചനകള്‍ കാണാന്‍ തുടങ്ങി..  നാടുവിട്ടു പോയ  ഭാര്‍ഗ്ഗവന്‍  ഒരു സിദ്ധന്‍ ആയി തിരിച്ചെത്തി.  ചുറുചുറുക്കോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന  പഴയ ആ ചെറുപ്പക്കാരന്റെ  സ്ഥാനത്തു, താടിയും മുടിയും നീട്ടി വളര്‍ത്തിയ,  അത്യാവശ്യത്തിനു അളന്നു തൂക്കി മാത്രം അക്ഷരങ്ങള്‍ പുറത്തേക്കു തുപ്പി തെറിപ്പിക്കുന്ന , കണ്ണുകളില്‍  കടലോളം  നിഗൂഡതകള്‍  ഒളിപ്പിച്ചു  വെച്ച  മഹാ മന്ത്രവാദി.

പ്രേതബാധ ഒഴിപ്പിക്കാന്‍ വേണ്ടിയും, ശത്രുക്കള്‍ക്കെതിരെ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യാനും ഒക്കെയായി,  ആളുകളുടെ നീണ്ട നിര  തറവാട്ടിന്റെ മുറ്റത്ത്‌ കാത്തു നിന്നു. സമാധാനപരമായ  അന്തരീക്ഷം കുടുംബത്തിന് നഷ്ട്ടമായി..  ഹരിനാമകീര്‍ത്തനവും നാരായണീയവും സന്ധ്യാനാമവും  ഒക്കെ ഉയര്‍ന്നു കേട്ട അകത്തളങ്ങളില്‍ നിന്ന്   ചാത്തന്‍ സേവയുടെയും കര്‍ണ്ണപിശാനി മന്ത്രങ്ങളും,  രക്തക്കുരുതിയുടെ  മനം മടുപ്പിക്കുന്ന  ഗന്ധവും, പുകയും,  പ്രേതം ബാധിച്ചവരുടെ  അട്ടഹാസങ്ങളും മാത്രം..  എന്തിനും ഏതിനും ഭാര്‍ഗ്ഗവന്‍ മന്ത്രവാദിയുടെ  സഹായിയായി  കാര്‍പ്പരകന്‍ എന്ന ഭീകരത തോന്നിക്കുന്ന മുഖമുള്ള മനുഷ്യനും.

എതിര്‍ത്തവരെയും  ചോദ്യം ചെയ്തവരെയും  രക്തബന്ധം പോലും മറന്നു   ഒന്നൊന്നായി ഭാര്‍ഗ്ഗവന്‍  തളര്‍ത്തിയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നട്ടെല്ലുകള്‍   വീട്ടു വളപ്പിലെ  പട്ടടകളില്‍  പൊട്ടിത്തെറിച്ചു.   അപ്പൂപ്പന്‍,  അമ്മൂമ്മ, അമ്മ, അച്ഛന്‍,  അങ്ങിനെ ഓരോരുത്തരെയായി  ആനന്ദന് നഷ്ട്ടമായി.  കാമകേളികള്‍ക്കായി ജ്യേഷ്ഠസഹോദരന്‍റെ  ഭാര്യ ശ്യാമളയെ  വശീകരിച്ചു  ഭാര്‍ഗ്ഗവന്‍ തന്റെ സ്വന്തമാക്കി.   തകര്‍ന്നു പോയ വല്യമ്മാവന്‍ എവിടൊക്കെയോ അലഞ്ഞുതിരിഞ്ഞു.  അവസാനത്തെ ഊഴം ആനന്ദന്റെ ആയിരുന്നു. മന്ത്രവാദപ്പുരയില്‍ നിന്നും ഉയര്‍ന്നു വന്ന മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലടിച്ചപ്പോള്‍ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കിയ ആനന്ദനെ  ഭാര്‍ഗ്ഗവനമ്മാവന്‍   എന്ന മന്ത്രവാദി, തന്‍റെ  ആഭിചാര മന്ത്രശക്തിക്കിരയാക്കി.     നീണ്ട ഒരു മയക്കത്തില്‍ നിന്നും ആനന്ദന്‍ ഉണര്‍ന്നെണീറ്റത് മറ്റൊരു ലോകത്തായിരുന്നു. അമ്മാവന്‍റെ മന്ത്രവാദത്തിനിരയായ ആനന്ദന് പിന്നെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും  തമ്മില്‍ വേര്‍തിരിച്ചു  അറിയാന്‍ കഴിഞ്ഞില്ല.  

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്ള അഭിരുചി നിര്‍ണ്ണയ ചോദ്യാവലിയില്‍ ഭാര്യയുടെ പേരിന്‍റെ സ്ഥാനത്ത്   എഴുതി ചേര്‍ത്ത യാമിനി എന്ന പേരിന്‍റെ ഉടമ പോലും ആനന്ദനെ കണ്ണിനും മനസ്സിനും മാത്രം ദൃശ്യമാണെന്നു പറയുമ്പോള്‍,  വിശ്വസിക്കാന്‍ പ്രയാസം തോന്നും..  മരിച്ചവരെയും  ജീവിച്ചിരിക്കുന്നവരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍,   പല അവസരത്തിലും മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുമ്പോള്‍   ആനന്ദന്‍ വായനക്കാരുടെ മനസ്സില്‍  ഒരു നൊമ്പരമായി മാറുന്നു.

യുക്തിവാദിയും നിരീശ്വരവാദിയുമായ കൊച്ചച്ചന്‍,  നേരെ വിപരീതമായി അന്ധവിശ്വാസിയായ  സുഭദ്രക്കുഞ്ഞമ്മ,    ചാത്തന്‍ സേവ നടത്തി പ്രശസ്തനായി ,  അവസാനം ഭാര്‍ഗ്ഗവന്‍ പിള്ളയുടെ ആഭിചാരത്തിനു ഇരയായി തളര്‍ന്നു പോയ മിഞ്ചിക്കാട്ടെ നാരായണന്‍,  ഇങ്ങിനെ ഒട്ടനവധി കഥാപാത്രങ്ങള്‍  ഈ നോവലിലൂടെ  കടന്നു പോകുന്നു. 

ഈ നോവലിന്‍റെ രചനയ്ക്കായി മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍, മന:ശാസ്ത്രജ്ഞര്‍   എന്നിവരെ കൂടാതെ മന്ത്രവാദത്തെ   അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായരുടെ അനുഭവങ്ങള്‍ തേടിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും, മന്ത്രവാദ സംബന്ധമായ കുറിപ്പുകള്‍ക്ക് ഡോ.എം. ആര്‍. രാജേഷ്‌ ഉള്‍പ്പെടെയുള്ളവരുടെ വിലപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്നും  നോവലിസ്റ്റ്  വെളിപ്പെടുത്തുന്നു.. 

പ്രശസ്ത  മലയാള  സാഹിത്യകാരനും അദ്ധ്യാപകനും  പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ ഡി. സി. ബുക്സിന്റെ സ്ഥാപകനുമായ   ഡി. സി. കിഴക്കേമുറി എന്ന ഡൊമിനിക്‌ ചാക്കോ കിഴക്കെമുറിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഡി. സി. സാഹിത്യോത്സവത്തില്‍, തിരഞ്ഞെടുത്ത നൂറു എഴുത്തുകാരുടെ നൂറു കൃതികളില്‍  ഇടംനേടിയ  നോവല്‍  കൂടിയാണ്  "പ്രാണസഞ്ചാരം"  

ആഖ്യാനശൈലി കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന  ശ്രീ രാജീവ്‌ ശിവശങ്കറിന്റെ  കിരീടത്തില്‍  "പ്രാണസഞ്ചാരം"  എന്ന ഈ നോവല്‍  ഒരു പൊന്‍തൂവല്‍  കൂടി ചാര്‍ത്തുന്നു.    കഥാകൃത്തിന് ഭാവുകങ്ങള്‍ നേരുന്നു.. !!


- പത്മശ്രീ നായര്‍ -












8 comments:

  1. ഇതിലെ ഓരോ പുസ്തക പരിചയവും വളരെ കൌതുകത്തോടെ വീക്ഷിക്കുന്ന ഒരുവന്‍ ആണ് ഞാനും
    ബുക്കുകള്‍ തിരഞ്ഞെടുക്കാന്‍ ആദ്യം ഓടി എത്തുന്നതും ഇവിടേയ്ക്ക് ....
    വീണ്ടും പുതിയ പോസ്റ്റുമായി വരിക നന്ദി നന്ദി നന്ദി

    ReplyDelete
  2. ഓപ്പോളുടെ പുസ്തകാസ്വാദനം മറ്റു വായനക്കാര്‍ക്ക്കൂടി ഒരു വഴികാട്ടിയായിത്തീരുന്നു എന്നറിയുന്നതില്‍ ഏറെ സന്തോഷം....

    എല്ലാ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  3. പ്രണയ സഞ്ചാരത്തെ നന്നായി പരിചയപ്പെടുത്തി

    ReplyDelete
  4. കലയോ സാഹിത്യമോ പുരോഗമനപരം ആയിരിക്കണം എന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ. 'ഉണ്ടെങ്കിൽ നല്ലത്' എന്നാണ് കരുതാറുള്ളത്. 'ഡ്രാക്കുള' പോലുള്ള പ്രസിദ്ധമായ ഹൊറർ നോവലുകൾക്ക് 'നല്ല സാഹിത്യത്തിനു' പുറത്ത് സ്ഥാനം കൽപ്പിക്കുന്നതിനോടും യോജിപ്പില്ല. രസനീയത സൃഷ്ടിക്കുക മാത്രം ഉദ്ദേശിച്ചുള്ള സൃഷ്ടികൾ, അതിന്റെ അവതരണ സമയത്തിനു ശേഷവും അനുവാചകരിൽ ആ 'രസം' നിലനിർത്തുന്നുണ്ടെങ്കിൽ, അത് അയാളിലോ അയാൾ വഴി സമൂഹത്തിലോ ദോഷങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അയാൾക്ക് അത് തിരിച്ചറിയാനും അതിനെ മറി കടക്കാനും ശേഷി ഉണ്ടാവേണ്ടതുണ്ട്. ഇവിടെ ഓർമ്മവെക്കാനുള്ള പ്രധാന കാര്യം, ആ ഉത്തരവാദിത്തം സൃഷ്ടികർത്താവിന്റേതല്ല , ആസ്വാദകന്റേതാണ് എന്നുള്ളതാണ്. 'ഡ്രാക്കുള' വായിച്ചതിനു ശേഷം രാത്രി പുറത്തിറങ്ങാൻ ഒരാൾ ഭയക്കുന്നുണ്ടെങ്കിൽ, അത് അയാളുടെ തകരാറാണ്, ബ്രാം സ്റ്റോക്കറുടേതല്ല. പക്ഷേ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും, അതിനു പിന്നാലെ ഒരു 'പക്ഷേ' കൂടി വരാറുണ്ട്.


    ഒരു സിനിമ, ഒന്നേമുക്കാൽ മണിക്കൂറോളം ബലാത്സംഗങ്ങളും നായകൻ അത് സമർത്ഥമായും ആസ്വദിച്ചും ചെയ്യുന്നതായും ചിത്രീകരിക്കാം, ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ ദുരന്തജീവിതം മുഴുവൻ സമയവും ചിത്രീകരിച്ചു കൊണ്ടും നിർമ്മിക്കാം.

    'പ്രാണസഞ്ചാരം' വായിച്ചിട്ടില്ല. പുസ്തകം വായിക്കാൻ തോന്നുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ പുസ്തകം 'പുരോഗമനപരമോ' എന്നുള്ള ഒരു ചിന്ത പിന്നാലെ വരുന്നു.

    ReplyDelete
  5. പ്രാണസഞ്ചാരം വായനാ ;ലിസ്റ്റിലേക്ക് കൊണ്ട് വന്നതിനു നന്ദി !!.

    ReplyDelete
  6. പ്രാണസഞ്ചാരം - കേട്ടിട്ടുണ്ടായിരുന്നില്ല പപ്പെച്ചീ... നന്ദി :)

    ReplyDelete
  7. നന്നായി ഈ വിവരണം..
    നന്ദി ചേച്ചീ..
    ഈ പുസ്തകം എടുത്ത് വായിച്ചാൽ കൊള്ളാമെന്നുണ്ട്..
    കിട്ടുമോ എന്ന് നോക്കട്ടെ..
    ആശംസകൾ..

    ReplyDelete
  8. എന്തായാലും ബാക്കി പുസ്തകം വായിച്ചിട്ടെഴുതാം...പരിചയപെടുത്തലിനു നന്ദി

    ReplyDelete