Monday, 12 January 2015

"കല്‍പ്രമാണം" - എന്‍റെ വായനാനുഭവം

സമകാലിക ജീവിതാനുഭവങ്ങളെ  പ്രതിരോധത്തിന്റെ  തീക്ഷണതയും വൈകാരികതയും  ഇഴചേര്‍ത്ത്,  പാരുഷ്യം  കലര്‍ന്ന ഓര്‍മ്മപ്പെടുത്തലുകളിലൂടെ,  പാരിസ്ഥിതിക ബോധത്തെ  ഉദ്ബോധിപ്പിക്കുന്ന   നോവലാണ്‌   ശ്രീ രാജീവ്  ശിവശങ്കറിന്റെ   "കല്‍പ്രമാണം".

"പഴുക്ക"യെന്ന ഗ്രാമത്തില്‍, ശുദ്ധവായുവിനും, മാലിന്യമുക്തമായ ജലത്തിനും, സ്വച്ഛജീവിതത്തിനും   വേണ്ടി പോരാടി,   എങ്ങുമെത്താതെ   നിസ്സഹായരായി നിശ്വാസമുതിര്‍ക്കുന്ന  ഒരു പറ്റം  നിവാസികളുടെ ജീവിത കഥ ഗംഭീരമായി പറഞ്ഞു.  വായനക്കാരന്‍റെ  മനസ്സിനെ  ഖനനം  ചെയ്തും ഖനീഭവിപ്പിച്ചും  ഒരു പിടി  കഥാപാത്രങ്ങള്‍ക്ക്  ജീവന്‍  നല്‍കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

പാറമടകള്‍ സൃഷ്ട്ടിക്കുന്ന  ജീവിത ദുരിതങ്ങളുടെ  ആനുകാലിക ആവിഷ്കാരമാണ്  ഈ നോവല്‍. ഐതിഹ്യങ്ങളിലും  സങ്കല്‍പ്പങ്ങളിലും വിശ്വാസമര്‍പ്പിച്ച്  സമാധാന ജീവിതം നയിച്ചുവന്നിരുന്ന  നിഷ്കളങ്കരായ ഗ്രാമവാസികളുടെ  ജീവിതം പ്രശ്നഭരിതമായത്   പാറമട ലോബിയുടെ   കടന്നുകയറ്റം  മുതലാണ്‌.

പാറക്കെട്ടുകളും കുന്നും  മലകളും   വൃക്ഷങ്ങളും  നിറഞ്ഞ പ്രകൃതിസുന്ദരമായ പഴുക്കയുടെ  മണ്ണില്‍   അദ്ധ്വാനശീലരായ   ഗ്രാമീണര്‍ പൊന്നു  വിളയിച്ചു.  നാട്ടുനന്മയുടെ  തണലില്‍  വിശ്രമിച്ചിരുന്ന   പഴുക്കയുടെ മാറിലേക്ക്‌  കരിങ്കല്‍മാഫിയുടെ  കഴുകക്കണ്ണുകള്‍  ചൂഴ്ന്നിറങ്ങി.. നാട്ടുകാരില്‍ത്തന്നെയുള്ള  ചിലരുടെ  ഒത്താശയോടെ  ഗ്രാമത്തിന് അജ്ഞാതരായ   ചിലര്‍  ഭൂമി വാങ്ങിക്കൂട്ടുന്നു.  അപ്രതീക്ഷിതമായി   ഒരു ദിവസം   പാറക്കൂട്ടങ്ങള്‍ക്കിടയില്‍   നിന്ന്   ആദ്യത്തെ   വെടി  പൊട്ടി. പാറച്ചീളുകള്‍ ഉയര്‍ന്നു തെറിച്ചു.. പിന്നീടുള്ള  രാപകലുകളില്‍   പഴുക്ക  ഗ്രാമം പാറവെടി  ശബ്ദം കേട്ടു  ഞെട്ടിത്തെറിച്ചുകൊണ്ടേയിരുന്നു. കിളിയൊച്ചകളും നീരരുവികളുടെ  കളകളാരവവും, കാറ്റിന്‍റെ  സംഗീതവുമൊക്കെ  മണ്ണുമാന്തി യന്ത്രങ്ങളുടെയും  കരിങ്കല്‍ ലോറികളുടെയും  മുരള്‍ച്ചകളില്‍ ഇല്ലാതായി.

ആയിടക്കാണ്   വര്‍ഷങ്ങളോളം   ചെന്നൈയില്‍   സ്ഥിരതാമസമായിരുന്ന ബാലകൃഷ്ണന്‍  മാഷും  കുടുംബവും  സ്വന്തം  ഗ്രാമമായ പഴുക്കയിലേക്ക് മടങ്ങി  വന്നത്..  അകാലത്തില്‍   വിധവയായ  ഒരേയൊരു  മകള്‍   ദേവിയുടെ മനസ്സിനേറ്റ  ആഘാതത്തില്‍   നിന്നും  മുക്തി  നേടാന്‍ തന്‍റെ   ഗ്രാമാന്തരീക്ഷത്തിലെ   ജീവിതം   കൊണ്ട്  കഴിയുമെന്ന്   മാഷ്‌   കരുതി.  തന്‍റെ   ഗ്രാമത്തിന്‍റെ   അവസ്ഥ കണ്ടു   മാഷ്‌   ഏറെ ദു:ഖിതനായി. ഉള്ളിലെ  പ്രകൃതിസ്നേഹി  ഉണര്‍ന്നു.   മാഷിന്‍റെ   നേതൃത്വത്തില്‍  "പഴുക്ക   സംരക്ഷണസമിതി " രൂപീകരിച്ചു  പ്രക്ഷോഭങ്ങളും   അനിശ്ചിതകാല   സത്യാഗ്രഹവും   തുടങ്ങി. പക്ഷെ   എതിരാളികള്‍   ശക്തരും അപകടകാരികളുമായിരുന്നു. മത-രാഷ്ട്രീയ-കുത്തകമുതലാളിത്തങ്ങള്‍ക്ക് മുന്നില്‍   സമരസമിതിയുടെ  പ്രക്ഷോഭങ്ങള്‍    വേണ്ടത്ര   ഫലം   കണ്ടില്ല. ആസൂത്രിതമായ  കൊലപാതക ശ്രമത്തില്‍  ബാലകൃഷ്ണന്‍ മാഷിന്‍റെ ഇരുകാലുകളും നഷ്ട്ടമായതോടെ   സമരസമിതിയുടെ   നേതൃത്വം   മാഷിന്‍റെ മകള്‍   ദേവി  ഏറ്റെടുക്കുന്നു.

പ്രക്ഷോഭങ്ങള്‍   തുടരുമ്പോഴും   പാറമട ലോബികള്‍  പഴുക്കയെ  തുരന്നു കൊണ്ടേയിരുന്നു.   അന്തരീക്ഷത്തിനു   വെടിമരുന്നിന്റെ   മണം. കുടിവെള്ളത്തിനു   പാറപ്പൊടിയുടെ   ചുവ. ശ്വാസകോശ  രോഗങ്ങള്‍  പഴുക്ക ഗ്രാമാവാസികളെ   കാര്‍ന്നു  തിന്നാന്‍   തുടങ്ങി..   പാറമടകളാല്‍   വികൃതമാക്കപ്പെട്ട   പഴുക്കയില്‍    തുടരെത്തുടരെയുള്ള   ഉരുള്‍ പൊട്ടലും, ഭൂമി കുലുക്കവും  ജനങ്ങളുടെ    ജീവനും   സ്വത്തിനും  ഭീഷണിയായി തുടങ്ങി. പലരും   ഗ്രാമം  വിട്ടു പോയി.  ഗത്യന്തരമില്ലാത്തവര്‍   മരണത്തിന്റെ   കാലൊച്ചക്ക്   കാതോര്‍ത്തു   ഉമ്മറത്തിണ്ണകളില്‍ നിസ്സഹായതയുടെ നെടുവീര്‍പ്പുകളുതിര്‍ത്തു . പോരാട്ടത്തിന്‍റെ,  അതിജീവനത്തിന്റെ, സഹനസമരം 3250 ദിവസങ്ങള്‍  പിന്നിട്ട   ശേഷം ഫലം  കാണാതെ അവസാനിപ്പിച്ചു.

ഏറെ  ചര്‍ച്ചചെയ്യപ്പെട്ട  ഗാഡ്ഗില്‍  റിപ്പോര്‍ട്ടും  കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടും പരാമര്‍ശവിധേയമാക്കിയ  ഈ നോവലിന്‍റെ  പ്രമേയം  പരിസ്ഥിതി സമരമാണെങ്കിലും   ഒട്ടേറെ കഥാപാത്രങ്ങളെക്കൂടി  ഇതില്‍ വിളക്കിചേര്‍ത്തിയിട്ടുണ്ട്.   പഴുക്കയുടെ  പുരാവൃത്തത്തിലേക്ക്, പുരാണങ്ങളെയും   വിശ്വാസങ്ങളെയും   സങ്കല്‍പ്പങ്ങളെയും  കഥാ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായി സന്നിവേശിപ്പിക്കാന്‍  കഥാകാരന്   കഴിഞ്ഞിട്ടുണ്ട്.  തട്ടും   തടവുമില്ലാതെ   ഏതൊരു വായനക്കാരന്‍റെയും   മനസ്സിലേക്ക്  ആഴ്ന്നിറങ്ങാന്‍  കഴിയുംവിധത്തിലുള്ള  ആഖ്യാന ശൈലി. കാലാകാലങ്ങളില്‍ തിരഞ്ഞെടുപ്പു  മുദ്രാവാക്യങ്ങളിലൂടെ മോഹനവാഗ്ദാനങ്ങള്‍  വാരിയെറിഞ്ഞു പൊതുജനങ്ങളെ   കബളിപ്പിച്ചു, കുത്തകമുതലാളിത്തത്തിനു ചുക്കാന്‍  പിടിക്കുന്ന, മാറി മാറി ഭരണത്തില്‍   വരുന്ന  രാഷ്ട്രീയവാദികളുടേയും മുഖങ്ങള്‍,  ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തില്‍  പഴുതുകള്‍   അടച്ചുകൊണ്ട്‌  ആവിഷ്കരിക്കുന്നതില്‍   രചയിതാവ് പ്രത്യേക വൈദഗ്ദ്ധ്യം സൂക്ഷിച്ചിരിക്കുന്നു.

ഏറെക്കാലമായി, തിരക്കു പിടിച്ച   നിരത്തിലൂടെ , വാഹനങ്ങള്‍   വെറുപ്പോടെ പുറത്തേക്കു തുപ്പുന്ന  കരിമ്പുക ജീവവായുവിനോടൊപ്പം  കലര്‍ത്തി ശ്വാസോച്ഛ്വാസകര്‍മ്മം   നിര്‍വ്വഹിച്ചും കീടനാശിനി  തളിച്ച് തിണര്‍പ്പിച്ച   പച്ചക്കറികള്‍   വാങ്ങിത്തിന്ന്  ആരോഗ്യത്തെ   അനാരോഗ്യത്തിലേക്ക്   നയിക്കുമ്പോഴും,    ജീവിച്ചു  കൊതി തീരാത്ത   പാലക്കാടന്‍ ഗ്രാമത്തിന്‍റെ പച്ചത്തുരുത്ത്  തേടി  മനസ്സ്   പലവട്ടം  കുതറിയോടിയിട്ടുണ്ട് .  പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ പശ്ചിമഘട്ട/പ്രകൃതി  സംരക്ഷണത്തെക്കുറിച്ചും   അനധികൃത പാറമടകളെക്കുറിച്ചുമുള്ള   വാര്‍ത്തകള്‍ മുന്നിലെത്തുമ്പോള്‍, പ്രദേശവാസികളുടെ ജീവിതത്തെക്കുറിച്ച്  ആഴത്തിലൊന്നും ചിന്തിച്ചിരുന്നില്ല. ഉന്നതങ്ങളില്‍  പിടിപാടുള്ളവരുടെ  ഒത്താശയോടെ   പ്രകൃതിയെ   തുരന്നു നേട്ടം  കൊയ്യുന്നവരെയും അത്തരക്കാരുടെ  ചൂഷണങ്ങള്‍ക്ക്   വിധേയരാകുന്ന ഒരു  പറ്റം  ഗ്രാമവാസികളെയും   "കല്‍പ്രമാണം"    എന്ന നോവലിലൂടെ   അറിയാന്‍  കഴിഞ്ഞു.

പരിസ്ഥിതിയുടെ   താളക്രമങ്ങളും  രാഷ്ട്രീയ വിശ്വാസത്തിന്റെ  തകിടംമറിച്ചിലുകളും  ഈ നോവലിനെ  അന്തസ്സുറ്റതാക്കുന്നു.  പാരിസ്ഥിതിക പ്രതിസന്ധികളും  സ്വൈര്യജീവിതത്തിനുള്ള വേണ്ടിയുള്ള  പോരാട്ടങ്ങളും  അടുത്തകാലത്തായി   ഏറെ  കണ്ടുവരുന്ന  സാഹചര്യത്തില്‍   ചര്‍ച്ച ചെയ്യപ്പെടേണ്ട   വിഷയം   തന്നെയാണ്   കല്‍പ്രമാണം.    മൌലികവും   സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുള്ള   ഒരു നോവല്‍   എന്ന  നിലയില്‍   അംഗീകാരങ്ങള്‍   "കല്‍പ്രമാണ"ത്തിലൂടെ നോവലിസ്റ്റിനെ   തേടിയെത്തുമെന്ന്   ഉറച്ചു   വിശ്വസിക്കാം..

ശ്രീ   രാജീവ്  ശിവശങ്കറിന്  ആശംസകള്‍.. !!!!7 comments:

 1. നല്ല പരിചയപ്പെടുത്തല്‍
  ഇനി കല്‍പ്രമാണം വായിക്കാതിരിക്കാന്‍ കഴിയില്ല.

  ReplyDelete
  Replies
  1. വളരെ നന്ദി റാംജി.
   തീര്‍ച്ചയായും വായിച്ചു അഭിപ്രായം പറയണേ...

   Delete
 2. വളരെ നല്ല അവലോകനം ഓപ്പോള് .. പ്രകൃതി സുന്ദരമായ , നിഷ്കളങ്കമായ ഗ്രാമ ജീവിതത്തെ ചൂഷണം ചെയ്യാനെത്തുന്ന കഴുകൻ കണ്ണുകള് ..അവര്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ലോബികൾ .. പാരിസ്ഥിതിക -സാമുഹ്യ പ്രശ്നങ്ങളെ തീര്ത്തും അവഗണിച്ചു കൊണ്ട് നേട്ടങ്ങൾ മാത്രം കൊയ്യാൻ നില്ക്കുന്ന ഈ വിഭാഗം ഇന്നിന്റെ ശാപം . ഇതിനെ കുറിച്ചൊക്കെ ശക്തമായി പ്രതിപാദിക്കുന്ന നോവലാണ്‌ "കല്പ്രമാണം" എന്ന് ഒപ്പോളിന്റെ ആസ്വാദന കുറിപ്പിൽ നിന്നും വ്യക്തമാകുന്നു ..വായിക്കാനുള്ള ആകാംക്ഷയെ കൂട്ടുന്ന മാറ്റുള്ള ഒരു അവലോകനം..!
  .. നോവലിസ്റ്റിനും ഒപ്പോളിനും അഭിനനന്ദനങ്ങള് ..!

  ReplyDelete
  Replies
  1. ദഹിക്കാത്ത വാക്കുകളുടെ അതിപ്രസരമില്ലാതെ, എല്ലാ തരം വായനക്കാരെയും കൈയ്യിലെടുക്കുന്ന എന്തോ ഒരു തരം മാന്ത്രികവിദ്യ നോവലിസ്റ്റ് ഈ രചനയിൽ സ്വീകരിച്ചിട്ടുണ്ട്. വായനയുടെ ഒടുക്കം പുസ്തകം മടക്കുമ്പോൾ ഞാനും മനസ്സുകൊണ്ടൊരു പഴുക്ക നിവാസിയായതുപോലെ തോന്നി.

   താങ്ക്യൂ സുഷൂ .. പതിവുപോലെ മനോഹരമായ കമന്റിലൂടെ ഈ പോസ്റ്റിനെ അതിമനൊഹരമാക്കിയതിനു.

   Delete
 3. ശ്രീ രാജീവ്ശിവശങ്കറിന്‍റെ
  'പ്രാണസഞ്ചാര'വും, 'തമോവേദ'വും വായനക്കാര്‍ക്ക്
  പരിചയപ്പെടുത്തിയ ഓപ്പോള്‍ തന്‍റെ വായനയുടെ അനുസ്യൂതമായ
  മേഘലകളിലൂടെ സഞ്ചരിച്ച് 'കല്‍പ്രമാണം' എന്ന അദ്ദേഹത്തിന്‍റെ പുതിയ നോവലും
  വായനക്കാര്‍ക്ക് വിശദമായ ആസ്വാദനക്കുറിപ്പിലൂടെ മനോഹരമായി പരിചയപ്പെടുത്തി.

  അഭിനന്ദനങ്ങള്‍.. !!

  ReplyDelete
  Replies
  1. എഴുത്തിന്‍റെ വഴിയിലൂടെ ഓരോ ചുവടു വെക്കുമ്പോഴും മനസ്സില്‍ അക്കുവിനോടുള്ള സ്നേഹവും ആദരവും ആണ്. ഈ വഴിയില്‍ എനിക്ക് വിളക്ക് കാണിച്ച അക്കുവിനു എന്നെന്നും നന്ദി.. സ്നേഹം. <3

   Delete
 4. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി പത്മശ്രീ. ബുക്ക് വായിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്ന ഈ എഴുത്തിനു ഒത്തിരി അഭിനന്ദനങ്ങള്‍.

  ReplyDelete