Sunday, 29 March 2015

ചന്തമേറും "ചന്ത"യോര്‍മ്മകള്‍ ........!!!
"ഇന്നാ....  ഈ സഞ്ചി   നിറയെ  "കൂട്ടാന്‍   വെക്കാനുള്ളതും"  വാങ്ങി  ബാക്കി   കാശും    കൊണ്ടുവാ.."

സ്കൂളിലേക്കുള്ള   പുസ്തകക്കെട്ടുമായി  തിരക്കിട്ട്   പടിയിറങ്ങുമ്പോഴാണ്  കൈയ്യില്‍  ചുരുട്ടിപ്പിടിച്ച  ഉലുവാ  മണമുള്ള അഞ്ചുരൂപാ  നോട്ടും  സിംഹത്തിന്‍റെ  ചിത്രമുള്ള  കൂട്ടു പെരുംകായത്തിന്റെ  പരസ്യമുള്ള   മഞ്ഞ നിറമുള്ള സഞ്ചിയും  മുഖം  നിറയെ  ചിരിയുമായി അമ്മയുടെ  പിന്‍വിളി.  അഞ്ചു രൂപയ്ക്കു  കൂട്ടാന്‍   വെക്കാന്‍   എന്തുകിട്ടുമെന്നു  വിചാരിച്ചു   വേവലാതിപ്പെടെണ്ട.. അന്ത  കാലത്ത്   അത്രേം  കാശിനു   ഒരുപാടൊക്കെ   കിട്ടുമായിരുന്നു.  നാലണ  കൊടുത്താല്‍   മുറം  വലിപ്പത്തില്‍   നല്ല പഴുത്ത  മത്തങ്ങാ  കഷ്ണം,  എട്ടണക്ക്    ഒരു കുടുംബത്തിനു   മുഴുവന്‍  തിന്നാന്‍   മതിയാവുന്ന  ചക്കപ്പഴത്തുണ്ട് (എന്‍റെ  കാര്യല്ലാട്ടോ..  ഒറ്റയിരുപ്പിനു   ഒരു  ചക്കപ്പഴമാണ്   ന്‍റെ   കണക്ക്) . 

അമ്മയുടെ  കൈയ്യില്‍  നിന്ന്  കാശു  വാങ്ങി  ജ്യോമട്രി  പെട്ടിയില്‍   വെച്ചടച്ചു  ഓടിയും  നടന്നും കളിക്കൂട്ടുകാരന്‍  അപ്പൂട്ടന്റെ   വീടിന്‍റെ  മുന്നിലെത്തി  ഉത്സാഹത്തോടെ   വിളിച്ചു  പറയും. 

"ഡാ  അപ്പൂട്ടാ  ഇന്ന്  ചന്തേല്   പോണം.. സ്കൂള്  വിട്ട്  വരാന്‍   വൈകുംന്നു   നെന്‍റെ  അമ്മയോട്   പറഞ്ഞിട്ട്   വാ"  

ചന്തക്കു   പോണമെന്ന്  കേട്ടത്  പാതി  കേക്കാത്ത  പാതി  അപ്പൂട്ടന്‍   ഇറയത്തെക്ക്   തിരിഞ്ഞോടി   അമ്മയോട്   കാര്യം  പറഞ്ഞു   തിരിച്ചു   വരും.  തൊടിയിലുള്ള  ചേമ്പും  ചേനയും  വാഴക്കയും കുമ്പളങ്ങയും   ചീരയും   താളും  മുരിങ്ങയുമൊക്കെ   തിന്നു   തീരുമ്പോള്‍  മനസ്സില്ലാമനസ്സോടെ ആണെങ്കിലും  കാശു  മുടക്കി   പച്ചക്കറികളും   ഉണക്കമീനും  വാങ്ങാന്‍  പഴമ്പാലക്കോട് ഗ്രാമവാസികള്‍  ആശ്രയിക്കുന്നത്    തിങ്കളാഴ്ച  ചന്തകളെയാണ്.   അന്ന്   ഇന്നത്തെ  പോലെ  മുക്കിനു മുക്കിനു  പച്ചക്കറി പഴക്കടകളോ,  പൊള്ളാച്ചിയില്‍  നിന്നും  ഇറക്കുമതി  ചെയ്ത   മരുന്നടിച്ച  പച്ചക്കറികള്‍   കുത്തിനിറച്ചു  ഉറക്കെ  ഹോണടിച്ചു   വരവറിയിക്കുന്ന  മിനി  ടെമ്പോകളോ   ഉണ്ടായിരുന്നില്ല.

നാലുമണിക്ക്  സ്കൂള്‍  വിട്ട്   ഒരുവിളിപ്പാടകലെയുള്ള   ചന്തയില്‍  പോകുന്നത്  ഒരുപാട്   സന്തോഷമുള്ള  കാര്യമായിരുന്നു.   കാരണം   കുടുംബ  ബജറ്റില്‍ ചന്തചിലവിനു   വകയിരുത്തിയ   അഞ്ചു  രൂപയില്‍  നിന്ന്   ഇരുപത്തഞ്ചു   പൈസ  ഞങ്ങള്  കുട്ടിപ്പട്ടാളങ്ങള്‍ക്കുള്ള    പോക്കറ്റ്  മണിയാണ്.  ഈ  ഫണ്ട്  ഉപയോഗിച്ച്  നാരങ്ങാ മുട്ടായിയോ, കടിച്ചാല്‍ പൊട്ടാത്ത ഇടിപരിപ്പിയോ   വറുത്ത   കടലയോ  ഒക്കെ  കിട്ടുമെങ്കിലും   കൂനന്‍ ചെട്ട്യാരുടെ   ഉള്ളിപ്പൊക്കാവടയോളം   വരില്ല  അതൊന്നും.  ചുമന്നുള്ളിയും   കറിവേപ്പിലയും  പച്ചമുളകുമൊക്കെ  ചേര്‍ത്തു   മൂപ്പിച്ചു മൊരിചെടുക്കുന്ന  പൊക്കാവടയുടെ   മണം   ദൂരെ   നിന്നേ  ചന്തയിലെ   ചെട്ട്യാരുടെ   സാന്നിദ്ധ്യം  വിളിച്ചറിയിക്കും. ചന്തക്കുള്ളിലേക്ക്   കടക്കുന്ന  വഴിയുടെ  തുടക്കത്തില്‍ തന്നെയാണ്  പോക്കാവട  വില്‍ക്കുന്ന  ചെട്ട്യാരുടെ  സ്ഥാനം. അധികം   പൊക്കമില്ലാത്ത ഇളകിയാടുന്ന സ്റ്റൂളിന്റെ   മുകളില്‍  വെച്ച  തകരത്തട്ടിലാണ്   പൊക്കാവട നിറച്ചു  വെച്ചിരിക്കുക.. പൊടിയടിക്കാതിരിക്കാന്‍   തട്ടിനെ   പ്ലാസ്റ്റിക്   കവര്‍  കൊണ്ട്   മൂടിയിട്ടിരിക്കും .  താഴെ  ഒരു കരിങ്കല്‍  കഷ്ണത്തിന്   മുകളില്‍  ചന്തിയൂന്നിയാണ് ചെട്ട്യാര്  പോക്കാവട   വില്‍ക്കുക.

പച്ചക്കറികള്‍  വാങ്ങി  തിരിച്ചു വരുന്ന  വഴി ചെട്ട്യാരുടെ തട്ടിനടുത്തെത്തും.  ഒരു പൈസക്ക്   ഒരെണ്ണമെന്ന  കണക്കില്‍  നാലണക്ക്  ഇരുപത്തഞ്ചു   ഉള്ളിപ്പൊക്കാവട ,  മസിലും  പിടിച്ചു  നില്‍ക്കുന്ന  ജയന്‍റെ  ബ്ലാക്ക് & വൈറ്റ്  ചിത്രമുള്ള   പഴയ   സിനിമാ  നോട്ടീസില്‍   പൊതിഞ്ഞു  ചാക്കു നൂല് കൊണ്ട് കെട്ടിത്തരുന്ന എണ്ണമയമുള്ള  പൊതി, ആളൊഴിഞ്ഞ  ഇടവഴിയിലേക്കിറങ്ങി  അഴിച്ചു  പങ്കിട്ടെടുത്തു  വഴി  നീളെ തിന്നും   കുട്ടി വര്‍ത്തമാനങ്ങള്‍   പറഞ്ഞു   നടന്നതും  പടിയിറങ്ങാന്‍   മടിക്കുന്ന  പടിയിറങ്ങാന്‍ മടിക്കുന്ന ഗൃഹാതുരത്വ  ഓര്‍മ്മകളിൽ ചിലതു മാത്രം.

അങ്ങിനെയൊരു   തിങ്കളാഴ്ച   ചന്ത.  പച്ചക്കറികളും   വാങ്ങി    ചെട്ട്യാരുടെ  പോക്കാവട    തട്ടിനരികില്‍  എത്തി..  സ്ഥിരം   കസ്റ്റമേഴ്സായ  ഞങ്ങള്  നാല്‍വര്‍  സംഘത്തെ  കണ്ടപ്പോള്‍   തന്നെ  കൂനന്‍  ചെട്ട്യാര്    നാലണക്കുള്ള   പൊക്കാവട    സിനിമാ  നോട്ടീസില്‍   പൊതിയാന്‍    തുടങ്ങി.  കാശും  കൊടുത്തു    ചന്തക്കു   പുറത്തു  കടന്നു   ഇടവഴിയിലെക്കിരങ്ങിയപ്പോള്‍   ഉള്ളിപ്പൊക്കാവടയുടെ   വല്ലാത്ത   മണം   മൂക്കിലേക്കടിച്ചു..  നോക്കിയപ്പോള്‍   അപ്പൂട്ടന്‍   പോക്കാവട   തിന്നുന്നു.. 

"ങേ...  നീ   പൊക്കാവട   മേടിക്കുന്നത്  ഞങ്ങളാരും  കണ്ടില്ലല്ലോ.. പിന്നെ    ഇതെങ്ങിനെ  കിട്ടി? "


"ഇത് ഞാൻ ചൂണ്ടീതാ .. നിങ്ങള് ചെട്ട്യാരുടെ പൊക്കാവട തട്ടിൽ മുട്ടിചേർന്നു നിന്നപ്പോ, നിങ്ങടെ ഫ്രോക്കിന്റെ മറവിലൂടെ കയ്യെത്തിച്ച് എടുത്തു."

സത്യാവസ്ഥ വെളിപ്പെടുത്തിയ സത്യസന്ധനായ അപ്പൂട്ടൻ പിന്നീട് പല തവണ ഞങ്ങളുടെ അരപ്പാവാടയുടെ മറവിൽ ഉള്ളിപ്പോക്കാവട ചൂണ്ടൽ ആവർത്തിച്ചു. എട്ടും പൊട്ടും തിരിയാത്ത പിള്ളേരായത് കൊണ്ട് ഇതൊരു കളവായി ഞങ്ങൾക്കൊട്ടു തോന്നിയതുമില്ല ..

പിന്നീടെപ്പോഴോ ചന്തമുക്കിലെ ഉള്ളിപ്പൊക്കവടയുടെ മണം ഇല്ലാതായി. ക്രമേണ ഞങ്ങളുടെ ചന്തയിൽ പോക്കും നിലച്ചു.

അപ്പൂട്ടൻ ഇന്നൊരു വല്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് . ഇക്കഥയെങ്ങാനും കണ്ടാൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുത്താലോന്നു പേടിച്ചാണ് യഥാർത്ഥ പേര് മാറ്റി അപ്പൂട്ടൻ എന്നാക്കിയത്. മാത്രോല്ല ചോണനുറുമ്പുകളെ പോലെ എന്റെ നാട്ടുകാരിൽ ചിലരൊക്കെ ഈ പ്രോഫൈലിലൂടെ അരിച്ചുനടക്കുന്നുണ്ട്. അവരിലാരെങ്കിലും പൊക്കാവട ചെട്ട്യാരുടെ ആളുകളെ തേടിപ്പിടിച്ചു കൊണ്ടുവന്നു പണ്ടു കട്ട് തിന്ന പൊക്കാവടയുടെ വിലയും പലിശയും കൂട്ടുപലിശയുമൊക്കെ ചോദിച്ചാലോ ന്നുള്ളോരു പേടിയും ഇല്ലാതില്ല. പഴയ കേസുകളൊക്കെ പൊന്തിവരുന്ന കാലാണേ ...  

11 comments:

 1. ബാല്യകാലത്തെ കുസൃതികള്‍ ഓര്‍ക്കുമ്പോള്‍........................
  രസകരമായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. തിരിച്ചു പിടിക്കാന്‍ കഴിയാത്ത ബാല്യകാലത്തിന് പുറകെ ഓടുന്നു... വെറുതെ ഒരു രസം.

   വായനക്ക് നന്ദി സര്‍

   Delete
 2. ചോണനുറുമ്പുകള്‍ പ്രശ്നണ്ടാക്കുന്നുണ്ടോ??? രസായിട്ട് വായിച്ചു കുസൃതികളുടെ ഈ ചന്തയില്‍ പോക്ക്... :) :)

  ReplyDelete
  Replies
  1. ചോണനുറുമ്പുകള്‍ ഇടക്കൊക്കെ കടിക്കാന്‍ തുടങ്ങി മുബീ... :)
   വന്നതിലും വായനക്കും സന്തോഷം ട്ടോ

   Delete
 3. പൊക്കാവട ചെട്ട്യാരുടെ ആളുകള്‍ ബ്ലോഗ്‌ അടിച്ചു തകര്‍ക്കാതെ നോക്കണേ .
  എഴുത്ത് രസായി.

  ReplyDelete
  Replies
  1. ഹഹഹഹ.. റോസക്കുട്ടീ .... ഞാന്‍ പത്മതീര്‍ത്ഥത്തിനു ചുറ്റും മുള്ളുവേലി കെട്ടും ..

   ഈസ്റ്റര്‍ ആശംസകള്‍ ... !!!

   Delete
 4. ഉള്ളി പോക്കവടയുടെ രുചി മാറുന്നില്ല അല്ലേ ? സരസമായി എഴുതി

  ReplyDelete
  Replies
  1. എത്ര തവണ ഉള്ളി പോക്കാവട ഉണ്ടാക്കീട്ടും ആ പഴയ രുചി കിട്ടുന്നില്ല. ഓര്‍മ്മകളുടെ കൂട്ടു ഇല്ലാത്തതുകൊണ്ടാവും ല്ലേ..

   വായനക്കും അഭിപ്രായത്തിനും നന്ദി... സ്നേഹം.

   Delete
 5. അപ്പൂട്ടൻ ഇന്നൊരു വല്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് . ഇക്കഥയെങ്ങാനും കണ്ടാൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുത്താലോന്നു പേടിച്ചാണ് യഥാർത്ഥ പേര് മാറ്റി അപ്പൂട്ടൻ എന്നാക്കിയത്.

  -----------ഹഹ്ഹ ചിരിപ്പിച്ചു /

  ReplyDelete