Saturday 23 May 2015

ഋതുഭേദങ്ങളിലൂടെ ......



കുളി കഴിഞ്ഞു, ഏറെ പ്രിയമുള്ള കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്തു..ഇഷ്ട്ടദൈവത്തിനു മുന്നില്‍ വിളക്ക് കൊളുത്തി, മുകുളിതകരങ്ങള്‍ക്കൊപ്പം മിഴികളും കൂമ്പിയടഞ്ഞു.. ആവശ്യപ്പെടാനൊന്നുമില്ല, അല്ലെങ്കില്‍  തന്നെ ആഗ്രഹിച്ചതൊക്കെ  എന്നില്‍നിന്നും ചീന്തിയെടുക്കുകയല്ലാതെ ഒന്നും ഇതുവരെ തന്നനുഗ്രഹിച്ചിട്ടില്ലല്ലോ. എല്ലാം നിന്‍റെ തീരുമാനത്തിന്  ഞാനെന്നേ   വിട്ടു  തന്നിരിക്കുന്നു  എന്ന് മനസ്സില്‍പറഞ്ഞു.  അത് കേട്ടിട്ടെന്നോണം കള്ള കൃഷ്ണന്‍ ഒന്ന്  മന്ദഹസിച്ചോ  . 

നെറ്റിയില്‍  കളഭക്കുറി വരച്ചു ,   നിലകണ്ണാടിക്ക്  മുന്നില്‍ നിന്നു.  മുടിയില്‍  ചുറ്റിക്കെട്ടിയ ഈറന്‍  തോര്‍ത്ത്‌  അഴിച്ചപ്പോഴേക്കും   ജാലകവിരിക്കിടയില്‍  പതുങ്ങി നിന്ന  ഇളംകാറ്റ്  അവളുടെ  മുടിയിഴകള്‍ക്കിടയിലൂടെ   വിരലുകളോടിച്ചു    രണ്ടു മൂന്നു   വെള്ളി നൂലിഴകളെ  നെറ്റിയിലേക്ക്  പറത്തിവിട്ടു  കുസൃതിയോടെ  ഓടിപ്പോയി.

"കണ്‍തടങ്ങളില്‍  ഇരുള്‍  പരക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇപ്പൊ  ദാ   തലമുടിയിലും  വെള്ളിത്തിളക്കം.  യാത്ര   തുടങ്ങിയിട്ട്  കുറെയായി. ഒന്നും  അറിഞ്ഞില്ല്യാന്നുണ്ടോ? "   കണ്ണാടിയിലെ   തന്‍റെ  നിഴലിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് അവള്‍  വെറുതെ  ചിരിച്ചു. 

"ഒന്ന്  കാതോര്‍ക്കൂ..  വാര്‍ദ്ധക്യത്തിന്‍റെ പദനിസ്വനം   അടുത്തുവരുന്നതുപോലെ   തോന്നുന്നില്ലേ.. അതിങ്ങടുത്തെത്തും    അധികം   വൈകാതെ. " 

മുറ്റത്തെ   ആര്യവേപ്പിന്റെ  കാറ്റേറ്റ്, പൂമുഖത്തിണ്ണയിലെ  ചാരുകസേരയിലേക്ക്   ചാഞ്ഞു  കിടന്നവള്‍  ഓര്‍ത്തു.  പിഞ്ഞിക്കീറിയ  ഷിമ്മിയിട്ടു, കണ്ണി മാങ്ങ  പെറുക്കി, കൊതാംകല്ല് കളിച്ചു,  കഴുത്തില്‍  തോര്‍ത്തുമുണ്ട്  കെട്ടി  തോട്ടിലിറങ്ങി    പരല്‍മീനിനെ  പിടിച്ച കാലം, ആര്‍ത്തലച്ചു പെയ്യുന്ന  കര്‍ക്കിടമഴയില്‍ വരിവെള്ളത്തിലൂടെ   കടലാസ്  തോണി  ഒഴുക്കി കൈകൊട്ടി  ചിരിച്ച , നൊട്ടി നുണഞ്ഞു  മതിവരാത്ത കുട്ടിക്കാലം..

പിന്നീടെപ്പോഴോ  കാലം പുള്ളിപ്പാവാടയില്‍  ചോരപ്പൊട്ടുകള്‍ കൊണ്ട്  ചിത്രം  വരച്ചു. അഞ്ചാം നാള്‍  തൊട്ട് അരുതുകളുടെ ഘോഷയാത്രകള്‍ ഒന്നിനു പിറകെ  ഒന്നായി ..  ഉറക്കെ  ചിരിക്കരുത്,  കാലുരച്ചു  നടക്കരുത്, ആണ്‍കുട്ടികളോട് മിണ്ടരുത്..    മോഹവല്ലരികള്‍ക്ക്  പടര്‍ന്നു കയറാന്‍  കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളിരിട്ട  മോഹങ്ങളൊക്കെയും  നുള്ളിയെറിഞ്ഞു.  വെച്ചു നീട്ടിയ  സ്നേഹത്തെ പെട്ടകത്തിലിട്ടു  പൂട്ടി  മനസ്സിന്‍റെ  തട്ടിന്‍പുറത്തിട്ടു.       കാലത്തിനൊപ്പം   മുന്നോട്ട്..  

കെട്ടുതാലിയില്‍ മുറുകെപ്പിടിച്ച്‌  കത്തിക്കാളുന്ന  വിശപ്പിനെ   തല്ലിക്കെടുത്താനുള്ള   തത്രപ്പാടില്‍    മനപ്പൂര്‍വ്വം  മറന്ന  യൌവ്വന കാലം . 

ഇപ്പോഴിതാ   വാര്‍ദ്ധക്യത്തിന്റെ  കാലൊച്ചക്ക് കാതോര്‍ത്ത് ..  അടുത്തെത്തും മുമ്പ്  ഒരിത്തിരി  കടമകള്‍ കൂടി  ചെയ്തുതീര്‍ക്കാനുണ്ട്.  അതുകഴിഞ്ഞാല്‍..  പോകാം  കാലത്തിന്റെ  കൈപിടിച്ച്  എങ്ങോട്ടെന്നില്ലാതെ   ഒരു യാത്ര.  ഒടുവില്‍ പുഴുക്കള്‍ക്ക്  ആഹാരമാവാന്‍ , അല്ലെങ്കില്‍  കത്തിയമര്‍ന്നു   ഒരു പിടി  ചാരമാവാനുള്ള    ദേഹത്തെയോര്‍ത്ത് എന്തിനു   വെറുതെ  വേവലാതിപ്പെടണം..   എന്തൊക്കെ  നേടി   എന്നൊരു  കണക്കെടുപ്പിനു  ഇതുവരെ  തുനിഞ്ഞിട്ടില്ല  എങ്കിലും   നഷ്ടങ്ങളൊക്കെ  ഓര്‍മ്മകളായി  കൂടെത്തന്നെയുണ്ട്‌..

ഞെട്ടറ്റു  വീഴാനൊരുങ്ങിയ   കണ്ണീര്‍മുത്തുകളെ  നേര്യതിന്റെ  കോന്തലകൊണ്ടു  ഒപ്പിയെടുത്ത്  വിദൂരതയിലേക്ക്  മിഴികള്‍  നട്ട് ആരെയോ  പ്രതീക്ഷിച്ചിട്ടെന്ന പോലെ   അവളിരുന്നു..  ചുറ്റിതിരിഞ്ഞെത്തിയ  ഇളം  കാറ്റ്   അവളെ തഴുകിയുറക്കി.





4 comments:

  1. നഷ്ടങ്ങളെയും,ലാഭങ്ങളെയും കുറിച്ച് ഓര്‍ക്കാതിരിക്കുക....
    മടങ്ങിപ്പോകുമ്പോള്‍ ലാഭവും,നഷ്ടവും കൂടെകൊണ്ടുപോകുവാന്‍ ഒക്കുകയില്ലല്ലോ!!!
    ആശംസകള്‍

    ReplyDelete
  2. ഒരു തിരിഞ്ഞു നോട്ടം. അത് വളരെ ഭംഗിയായി എഴുതി. നഷ്ട്ട ബോധങ്ങൾ ആണ് അധികവും. അതെ പൂർവ കാലം, കൂടുതലും കുട്ടിക്കാലം, മിയ്ക്ക ആളുകൾക്കും ഇഷ്ട്ടപ്പെട്ട ഓർമ്മകൾ ആണ്. നിഷ്ക്കള ങ്കത അതാണ്‌ ആ കാലത്തിന്റെ പ്രത്യേകത.

    മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതിയ കഥ.

    ReplyDelete
  3. വായിച്ചു, ഇഷ്ടപ്പെട്ടു. ആശംസകള്‍

    ReplyDelete
  4. സങ്കടപ്പെടുത്തിയ എഴുത്ത്

    ReplyDelete