Wednesday 26 August 2015

** റിസ്റ്റ് വാച്ച് ** ഓര്‍മ്മയില്‍ ഒരോണസമ്മാനം..




റിസ്റ്റ് വാച്ച്  കെട്ടാന്‍ ഏറെ  കൊതിച്ചിരുന്നൊരു  കാലമുണ്ടായിരുന്നു  എനിക്ക്.വളരെ  ചെറിയ  കുട്ടിയായിരുന്നപ്പോള്‍  നാട്ടിലെ  വിഷുവേല  ഉത്സവത്തിനു, കൈനീട്ടം  കിട്ടിയ കാശു കൊടുത്ത്  പീപ്പിയും  ബലൂണുമൊക്കെ  വില്‍ക്കുന്ന വഴിവാണിഭക്കാരുടെ  കൈയ്യില്‍  നിന്നും ഒരു രൂപക്ക് കിട്ടുന്ന  വര്‍ണ്ണ  സ്ട്രാപ്പുള്ള,  അക്കങ്ങള്‍  അടയാളപ്പെടുത്തിയ  ഓടാത്ത  പ്ലാസ്റ്റിക് വാച്ച്   മേടിച്ചു  കെട്ടുമായിരുന്നു.  ഇടക്കൊക്കെ  പച്ചത്തെങ്ങോല ചീന്തി  കളിവാച്ചുണ്ടാക്കി  കെട്ടിത്തരുമായിരുന്നു  അമ്മ.   സ്കൂളില്‍  പഠിക്കുന്ന കാലത്ത്  കൂട്ടുകാരികളില്‍   ചിലര്‍  വാച്ച്  കെട്ടി  വരുമ്പോള്‍  കൌതുകത്തോടെ  അവരുടെ  കൈത്തണ്ട  പിടിച്ചു  നോക്കും.  പിന്നീട്  പൂര്‍ത്തീകരിക്കാനാവാത്ത  ആഗ്രഹങ്ങളുടെ  ചവറ്റുകൊട്ടയിലേക്ക്  വാച്ചിനോടുള്ള  മോഹവും  വലിച്ചെറിഞ്ഞു.  അതവിടെ നിന്നും  പിന്നെയും   ഏന്തി വലിഞ്ഞു  എന്നിലെക്കെത്തിയത്   എന്‍റെ കല്യാണ  സമയത്തായിരുന്നു.

"അവള്‍ക്കു   വാച്ചുണ്ടോ? ഇല്ലെങ്കില്‍   ഞാന്‍  കൊണ്ടുവരാം. "  ചെറ്യമ്മ  പറഞ്ഞപ്പോള്‍ അമ്മ  ആശ്വസിച്ചത്    അത്രേം  കാശുണ്ടെങ്കില്‍   വേറെന്തെങ്കിലും   കാര്യത്തിനാകുമല്ലോ   എന്നോര്‍ത്തിട്ടാവാം.  സാമ്പത്തികമായി  ഞങ്ങളെക്കാള്‍  ഏറെ  മുന്നിലായിരുന്നു ചെറ്യമ്മയുടെ  കുടുംബം. അപ്പോള്‍  വാച്ചും  നല്ലതായിരിക്കുമെന്ന്  കരുതി ഞാനും  സന്തോഷിച്ചു.  കല്യാണ  തലേന്ന്  വന്ന  ചെറ്യമ്മ  കൈയ്യില്‍  വെച്ച് തന്നത്  അക്കങ്ങള്‍  മിന്നിത്തെളിയുന്ന  കറുത്ത  സ്ട്രാപ്പ് ഉള്ള  ഒരു ഇലക്ട്രോണിക്  വാച്ചായിരുന്നു. കഷ്ടിച്ചു  ഒരുമാസം  ഓടിയപ്പോഴേക്കും  വാച്ചു  തളര്‍ന്നു. രവിയേട്ടന്‍  അതെടുത്തു  പൊന്തകാട്ടിലേക്ക്  വലിച്ചെറിഞ്ഞു.

കാലമെന്ന  ഘടികാരത്തിലെ  സൂചികള്‍  ഓടിക്കൊണ്ടേയിരുന്നു. ജന്മനാട്ടില്‍  നിന്നും  ഗുജറാത്തിലേക്ക്  ചേക്കേറിയ കാലം.  ഉള്ളംകൈയില്‍  മുറുക്കിപ്പിടിച്ച  പ്രാരാബ്ദങ്ങള്‍  മാത്രമേ  കൈവശം  ഉണ്ടായിരുന്നുള്ളൂ.  ഒറ്റ മുറിയുള്ള വാടക വീട്ടിലായിരുന്നു  താമസം.   തൊട്ടടുത്തായിരുന്നു  നരോഡ   റെയില്‍വേ സ്റ്റേഷന്‍. പാസഞ്ചര്‍ ലോക്കല്‍ വണ്ടികളും  ഇടയ്ക്കു  ചരക്കു  വണ്ടികളും കടന്നു  പോകുന്ന  ചെറിയൊരു  സ്റ്റേഷന്‍.   ഇടവിട്ടുള്ള  തീവണ്ടിയുടെ  ചൂളംവിളികള്‍.  എത്രയോ രാത്രികളില്‍   തീവണ്ടിയുടെ  ചൂളംവിളി  വിളി കേട്ടു  ഞെട്ടിയുണര്‍ന്നു  കുഞ്ഞായിരുന്ന  മോന്‍  പേടിച്ചു  കരഞ്ഞിട്ടുണ്ട്.  റെയില്‍വേ ട്രാക്കിന്‍റെ  ഓരം  പറ്റി  നടന്നാല്‍  അര മണിക്കൂര്‍  കൊണ്ട് എളുപ്പവഴിയിലൂടെ  ഓഫീസിലെത്താം. പത്തുമണിയാണ്  ഓഫീസിലെത്തേണ്ട  സമയം.  വാച്ചില്ലാത്തതുകൊണ്ട്   സമയമറിയാന്‍  മാര്‍ഗ്ഗമില്ല. ഒന്നുകില്‍  നേരത്തെ  എത്തും  അല്ലെങ്കില്‍   അഞ്ചോ  പത്തോ  മിനിറ്റ്  വൈകി.  കുറച്ചു  ദിവസം കഴിഞ്ഞപ്പോള്‍    ഒരു ട്രെയിന്‍  കൃത്യമായി  ഒരേ  സമയത്ത്   സ്റ്റേഷനില്‍  എത്തുന്നത്‌ ശ്രദ്ധയില്‍ പെട്ടു.  ആ സമയത്ത്  ഇറങ്ങിയപ്പോള്‍   കൃത്യസമയത്തിന്  ഓഫീസില്‍  എത്താനും  കഴിഞ്ഞു. ഒരു വഴിപോക്കനോടു   അറിയാവുന്ന  ഹിന്ദിയില്‍   സമയം  ചോദിച്ചപ്പോള്‍  അയാള്‍  തന്റെ  വാച്ചില്‍  നോക്കി  പറഞ്ഞു.

"സവാ  നൌ "  (ഒമ്പതേകാല്‍) .  പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടു ജോലികള്‍ വേഗം   തീര്‍ത്തു, മോനെ  നോക്കാന്‍ ഏര്‍പ്പാടാക്കിയ   വീട്ടില്‍  കൊണ്ടുചെന്നാക്കി, വീടും  പൂട്ടി,  ആ  സമയത്ത്  വരുന്ന   വണ്ടിയുടെ  ചൂളംവിളി  കാതോര്‍ത്തിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍  തീവണ്ടിയുടെ കിതപ്പായിരുന്നു  എന്‍റെ വേഗതയും  സമയവും  നിശ്ചയിച്ചിരുന്നത്.

ഒരു ദിവസം  ചൂളംവിളിച്ചുകൊണ്ട്  വണ്ടി  കിതപ്പോടെ സ്റ്റേഷനില്‍  എത്തിയപ്പോള്‍  വീടുപൂട്ടി  ഞാനും  ഇറങ്ങി.  അന്നത്തെ  സൂര്യന്  പതിവിലും  കൂടുതല്‍  ചൂടുണ്ടെന്നു  തോന്നി.  സാരിത്തുമ്പ്  കൊണ്ട്  ഇടയ്ക്കിടെ  വിയര്‍പ്പൊപ്പി  റെയില്‍വേ ട്രാക്കിന്‍റെ   ഓരം  ചേര്‍ന്ന്  നടന്നു  ഓഫീസിന്‍റെ  ഗേറ്റിലെത്തി.  ടെമ്പററി ജീവനക്കാര്‍   സമയമെഴുതി  ഒപ്പിടുന്ന   അറ്റെന്‍ഡന്‍സ്‌  രെജിസ്റ്റര്‍   കാണുന്നില്ല.

"റെജിസ്റ്റര്‍  സാബ്  കെ പാസ്  ബേജ്ദിയാ ബെഹന്ജീ. ആജ് ആപ് ബഹുത്ത്  ലേറ്റ് ഹോഗയീ  ഹൈ "

സെക്യൂരിറ്റി ജീവനക്കാരന്‍റെ പറച്ചിലില്‍  എന്‍റെ  ഉള്ളൊന്നാളി. ഓഫീസില്‍  വൈകിയെത്തുന്നവരെ ഒരിക്കലും  വെച്ചു പൊറുപ്പിക്കാത്ത  അയ്യരു സാറിന്‍റെ   കാബിനിലേക്ക്‌  വിറയ്ക്കുന്ന  കാലുകളോടെ  കയറി ചെന്നു.

"എന്തിനാ   ഇത്രേം  നേരത്തേ  ഇങ്ങോട്ടു  വന്നത്.  വീട്ടില്‍  തന്നെ  ഇരുന്നാല്‍  പോരെ.അത്യാവശ്യം  വല്ലതുമുണ്ടെങ്കില്‍  ആളെ  പറഞ്ഞു  വിടുമായിരുന്നല്ലോ. സമയമെത്രയായീന്നാ   വിചാരം.  അഞ്ചോ  പത്തോ  മിനിറ്റാണ്   വൈകിയതെങ്കില്‍  പോട്ടേ  ന്നു  വെക്കാം..  ഞാന്‍  മാത്രമല്ല  ഇതൊക്കെ  ശ്രദ്ധിക്കാന്‍   എന്നെ കൂടാതെ  ഡിപ്പാര്‍ട്ട്മെന്റില്‍  വേറേം  ആളുകളുണ്ട്.  ലേറ്റ്  കമിംഗിന്‍റെ  പേരില്‍   തുച്ഛമായി  കിട്ടുന്ന  ശമ്പളത്തില്‍  നിന്ന് കാശു   കട്ട്  ചെയ്‌താല്‍  എനിക്കൊന്നും  ചെയ്യാന്‍  പറ്റില്ല.   മേലാല്‍  ആവര്‍ത്തിക്കരുത്..  സൈന്‍  ചെയ്തിട്ട്  സീറ്റില്‍  പോയിരുന്നു  ജോലി  ചെയ്യ്. "

രെജിസ്റ്ററില്‍  ഒപ്പിട്ടിട്ട്  നിറഞ്ഞ  കണ്ണുകളോടെ  കാബിനില്‍  നിന്നും  പുറത്തു കടക്കുമ്പോള്‍   ചുമരില്‍ തൂക്കിയ  ക്ലോക്കിലേക്ക്  നോക്കി..  പതിനൊന്നു  മണി കഴിഞ്ഞിരിക്കുന്നു.  സമയമറിയിച്ചുകൊണ്ടു സ്ഥിരമായി വരാറുള്ള    വണ്ടി  ഒരു  മണിക്കൂര്‍   വൈകിയാണ്  വന്നതെന്നു  അപ്പോഴാണ്‌  ഞാനറിഞ്ഞത്.  വൈകുന്നേരം  വീട്ടിലെത്തി,  അന്ന്  നടന്ന  സംഭവം  പറഞ്ഞപ്പോള്‍  രവിയേട്ടന്റെ  മുഖം  മ്ലാനമാവുന്നത്  ഞാന്‍  ശ്രദ്ധിച്ചു.. എന്റെ ഒഴിഞ്ഞ  കൈത്തണ്ടയില്‍ ഒന്ന്  തടവിയിട്ടു  ഒന്നും  മിണ്ടാതെ അകത്തേക്ക്  പോയി.  ഒന്നും  പറയേണ്ടിയിരുന്നില്ലെന്ന്  പിന്നീടെനിക്ക്  തോന്നി.

ഗുജറാത്തിലെ  മണ്ണില്‍  പാകിയ  ജീവിതത്തിന്‍റെ  വിത്ത്  മുളച്ചു വളരാന്‍  കുറച്ചധികം  സമയം  വേണ്ടിവന്നു.  ഇതുപോലെ  ഒരോണക്കാലം..  മോനുള്ള  ഓണക്കോടി  ജനല്‍പ്പടിയില്‍  വെച്ചിട്ടു  രവിയേട്ടന്‍  എന്നോട്  പറഞ്ഞു.

"നീയാ   കൈയ്യൊന്ന്  നീട്ട്."   എന്തിനെന്നു  പോലും  ചോദിക്കാതെ  ഞാന്‍ വലതു  കൈ നീട്ടിക്കാണിച്ചു .  ചതുരാകൃതിയിലുള്ള  ചെറിയൊരു പെട്ടി  തുറന്നു  സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍  മെറ്റല്‍  സ്ട്രാപ്പ് ഉള്ള  TITAN ന്‍റെ  ഒരു ലേഡീസ്  റിസ്റ്റ് വാച്ച്  എന്‍റെ  കൈത്തണ്ടയില്‍  കെട്ടി തന്നു.

"ഇഷ്ടായോ?   കുറച്ചുകാലം  ഇത്  കെട്ടൂ.  കാശുണ്ടാവുമ്പോ  ഇതിനേക്കാള്‍  നല്ലൊരു  വാച്ച്  വാങ്ങിത്തരാ ട്ടോ. "

അപ്പോഴത്തെ   എന്‍റെ  മനോവികാരം  എന്തെന്ന്  എനിക്ക്  പറഞ്ഞറിയിക്കാന്‍ കഴിയില്ല.ഇടനെഞ്ചില്‍  വല്ലാത്തൊരു  വിമ്മിഷ്ടം.  സന്തോഷത്താലാണോ  സങ്കടം  കൊണ്ടാണോ   എന്‍റെ  കണ്ണുകള്‍  നിറഞ്ഞൊഴുകി.

"വാച്ച്  വാങ്ങാനോക്കെ  ഇപ്പെവിടുന്നാ   പണം " ചോദിക്കാതിരിക്കാനായില്ല.

"ഓവര്‍ ടൈം  ചെയ്ത  വകയില്‍  ഈ മാസം  ഇത്തിരി  കാശു  കൂടുതല്‍  കിട്ടി. ഓഫീസില്‍  പോണ  നിനക്ക്  ഒരു വാച്ച്   അത്യാവശ്യമാണ്."

ഒരുപാട്  വര്‍ഷങ്ങള്‍ക്കു   ശേഷം  വാച്ചു  കെട്ടാനുള്ള  മോഹം  പൂവണിഞ്ഞത്  ആ  ഓണക്കാലത്തായിരുന്നു.  ജീവിത പങ്കാളിയുടെ  വിയര്‍പ്പിന്‍റെ  മണമായിരുന്നു  ആ  വാച്ചിന്.  വര്‍ഷത്തിലൊരിക്കല്‍  സെല്‍ മാറ്റുന്നതല്ലാതെ  ഒരിക്കല്‍ പോലും  റിപ്പയര്‍ ചെയ്യാതെ   ഒമ്പത്  വര്‍ഷത്തോളം  ഞാനാ വാച്ച്  ഉപയോഗിച്ചു. അതിനു  ശേഷം വ്യത്യസ്ത മോഡലുകളില്‍     എത്രയോ  വാച്ചുകള്‍ എന്‍റെ  കൈത്തണ്ടക്ക് അലങ്കാരമായി .   ഗള്‍ഫില്‍  നിന്ന് രവിയേട്ടന്‍  ഓരോ  തവണ അവധിക്കു   വരുമ്പോഴും  എനിക്കൊരു  വാച്ചുണ്ടാവും. കഴിഞ്ഞ  തവണ  ഹരിക്കുട്ടന്‍   വരുമ്പോഴും  കൊണ്ടുവന്നു അച്ഛനുമമ്മക്കും  വേണ്ടി  ഒരേ പോലുള്ള  കപ്പിള്‍ വാച്ച്..

പണമില്ലാത്തവന്റെ  ആഗ്രഹങ്ങളുടെ  പൂര്‍ത്തീകരണത്തിന്  സമയം  നിശ്ചയിക്കുന്നത്  കാലമാണ്. കാലത്തിന്‍റെ ഘടികാരത്തിലെ  സൂചി  ഓടിയോടി   ഒടുവില്‍  ആ  സമയം  എത്തുമ്പോഴേക്കും മിക്കവാറും  ആഗ്രഹങ്ങള്‍ അസ്തമിക്കാറായിട്ടുണ്ടാവും.  ഒരു റിസ്റ്റ്  വാച്ചിനു  വേണ്ടി  ഒരുപാടാഗ്രഹിച്ച   എനിക്ക്  കാലം  പോകെ  കിട്ടിയത്  അനവധി  വാച്ചുകള്‍. പക്ഷെ അപ്പോഴേക്കും  വാച്ചിനോടുള്ള ആഗ്രഹം  കുറഞ്ഞുകൊണ്ടിരുന്നു.    വാച്ചുകളുടെ  എണ്ണം  കൂടിയിട്ടും അന്നുമിന്നും  സമയത്തിന് ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഇരുപത്തിനാലു  മണിക്കൂര്‍  മാത്രമായി  ഒതുങ്ങുന്നു.  ഇതൊക്കെ  എപ്പോ  കെട്ടിതീര്‍ക്കാനാണല്ലേ..  ചിലപ്പോള്‍  സ്വയം  ആലോചിച്ചു   ചിരിക്കാറുണ്ട്  ഞാന്‍.

പുതുമയുള്ള പുതിയ വാച്ചുകള്‍  എത്രയോയെണ്ണം   എനിക്ക് കിട്ടി.  എങ്കിലും  ആദ്യമായി  കിട്ടിയ  ആ  വാച്ചിനോടു എനിക്കുള്ള  ആത്മബന്ധമാവാം   ഞാനതിന്നും  സൂക്ഷിക്കുന്നു. കാരണം   ജീവിതപങ്കാളിയുടെ  വിയര്‍പ്പിന്‍റെ  വില, അതൊഴുക്കിയ സമയത്തിന്‍റെ  വില, അതിനൊന്നും   വിലയിടാന്‍ കഴിയില്ല.  ഇടക്കൊക്കെ  നടന്നു തീര്‍ത്ത   ദുര്‍ഘടം പിടിച്ച  ജീവിത  വഴിയിലേക്ക്  ഞാനൊന്ന്  തിരിഞ്ഞു നോക്കാറുണ്ട്.  വന്ന  വഴി മറക്കാതിരിക്കാനായി  ചില അടയാളപ്പെടുത്തലുകളും.  പെയിന്‍റ്  അടര്‍ന്ന  ഇരുമ്പുപെട്ടിയും   ഓണ സമ്മാനമായ  ഈ വാച്ചും   ഒക്കെ അത്തരം  അടയാളപ്പെടുത്തലുകളില്‍   ചിലതു മാത്രം.

കടന്നു  പോകുന്ന ഓരോ  ഓണക്കാലത്തും  ഈ  റിസ്റ്റ് വാച്ചിന്‍റെ  ഓര്‍മ്മകളെ ഞാന്‍  പൊടിതട്ടിയെടുക്കും..   വരികളായി  കുറിക്കാനുള്ള   അവസരം  കിട്ടിയത്  ഈ  ഓണക്കാലത്താണ്.   എല്ലാത്തിനും   അതിന്‍റെതായ  സമയമുണ്ടെന്ന്  പറയുന്നതെത്ര   ശരിയാണ്  അല്ലേ..

ഓര്‍മ്മപുസ്തകത്തില്‍   ഇനിയുമുണ്ട് ചീന്തിയെടുക്കാന്‍  നോവും നൊമ്പരവും  ആഹ്ലാദവും   നിറഞ്ഞ താളുകള്‍.. സമയം  പോലെ  കുറിച്ചിടാം  പങ്കിടാന്‍  എന്‍  പ്രിയ സൌഹൃദങ്ങളും  കൂടെയുണ്ടെങ്കില്‍..  :)

എല്ലാവര്ക്കും   എന്റെ  ഹൃദയം  നിറഞ്ഞ ഓണാശംസകള്‍  ..!!!




6 comments:

  1. "അപ്പോഴത്തെ എന്‍റെ മനോവികാരം എന്തെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല.ഇടനെഞ്ചില്‍ വല്ലാത്തൊരു വിമ്മിഷ്ടം. സന്തോഷത്താലാണോ സങ്കടം കൊണ്ടാണോ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി."

    എന്റേയും.

    അനുഭവങ്ങളുടെ ഉപ്പ് പുരണ്ട ഈ കുറിപ്പ് ഉള്ളില്‍ തട്ടി.
    ഒരു വാച്ചിന്‌ കൊതിച്ച ആള്‍ക്ക് ഏറെ വാച്ചുകള്‍ അനുവദിച്ചുകൊണ്ട് കാലം ദയകാട്ടിയല്ലോ. വളരെ സന്തോഷമായി. ഈ വരികളില്‍ ഒരു മിനുക്കമായി ഉടനീളം കാണപ്പെടുന്ന ദാമ്പത്യസ്നേഹത്തിന്റെ ശോഭയും അതീവഹൃദ്യമായനുഭവപ്പെട്ടു.

    ReplyDelete
  2. ഇടയ്ക്കു ഇതുപോലെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാറുണ്ടായിരുന്നു.. ഇടയ്ക്കു എങ്ങിനെയോ ഒരു ഇടവേള വന്നു ഭവിച്ചു. മടി എന്നുവേണമെങ്കില്‍ പറയാം.. ഓണക്കാലമായപ്പോള്‍ തികട്ടി വന്ന ഈ ഓര്‍മ്മ അപ്പോള്‍ തന്നെ കുറിച്ചിട്ടു.. ഭാഗ്യമെന്നു പറയട്ടെ.. താങ്കളെപ്പോലെ വേറെയും ഒരുപാടുപേര്‍ ഈ എഴുത്തിനെ ഇഷ്ടപ്പെട്ടു.

    ഈ നല്ല വാക്കുകള്‍ എനിക്ക് പ്രചോദനം നല്‍കുന്നുണ്ട്.. നന്ദി പറയുന്നതോടൊപ്പം ഹൃദ്യമായ ഒരോണക്കാലം ആശംസിക്കുന്നു.

    ReplyDelete
  3. രണ്ടുമുഹൂര്‍ത്തങ്ങള്‍....
    മനസ്സില്‍ തട്ടുന്നതായി...
    എന്തുചെയ്യാം,ചിലര്‍ അങ്ങനെയാണ്...
    രവിയേട്ടന്‍ സന്ദര്‍ഭോചിതമായി പെരുമാറുകയും,പ്രവര്‍ത്തിക്കുകയും ചെയ്തുവല്ലോ!അതുതന്നെ കാര്യം............
    ആശംസകള്‍

    ReplyDelete
  4. രണ്ടുമുഹൂര്‍ത്തങ്ങള്‍....
    മനസ്സില്‍ തട്ടുന്നതായി...
    എന്തുചെയ്യാം,ചിലര്‍ അങ്ങനെയാണ്...
    രവിയേട്ടന്‍ സന്ദര്‍ഭോചിതമായി പെരുമാറുകയും,പ്രവര്‍ത്തിക്കുകയും ചെയ്തുവല്ലോ!അതുതന്നെ കാര്യം............
    ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിലും വായനക്കും പ്രോത്സാഹിപ്പിച്ചതിനും നന്ദി സര്‍. സ്നേഹാദരങ്ങള്‍..

      Delete
  5. എല്ലാത്തിനും അതിന്‍റെതായ സമയമുണ്ടെന്ന് പറയുന്നതെത്ര ശരിയാണ് !! സത്യം .

    ReplyDelete