Wednesday 5 June 2013

"ഒരു ചക്കക്കുട്ടിയുടെ കഥ"



ഇവിടെ പറയാന്‍ പോകുന്നത് രസകരമായ ഒരു കഥ..
ഇപ്പോഴും ഓര്‍ക്കുമ്പോള്‍ തെല്ലൊരു ജാള്യതയും,
ചുണ്ടിലൊരു കുസൃതി ചിരിയും ഊറി വരും.

ഏഴിലോ എട്ടിലോ പഠിക്കുന്ന പ്രായം..
ഒരു ഞായറാഴ്ച.. വീട്ടില്‍ നിന്നും കഷ്ട്ടിച്ചു പതിനഞ്ചു മിനിറ്റ് 
നടന്നെത്തേണ്ട ദൂരത്തില്‍ ഉള്ള തറവാട്ടിലേക്ക് പോകാനിറങ്ങി..
ഭാഗം കഴിഞ്ഞ തറവാട്ടില്‍ അമ്മേടെ ചെറ്യമ്മയും അമ്മാവനും ഒക്കെയായിരുന്നു താമസം.. മാവും പ്ലാവും ഇട കലര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്‍ തോട്ടവും,
അതിനു നടുക്ക് സ്പടികം പോലെ വെള്ളമുള്ള കുളവും ഒക്കെ ഉള്ളൊരു തറവാട്..









ഇടക്കിടെയുള്ള ഈ തറവാട്ടു വിസിറ്റിനു ചില ഉദ്യേശങ്ങള്‍ കൂടിയുണ്ട്..നീന്തിത്തുടിച്ചുള്ള കുളിയാണ് അതില്‍ പ്രധാനം.., പിന്നെ തീ കത്തിപിടിപ്പിക്കാന്‍ കുറച്ചു തെങ്ങോല, 

സുന്ദരി ആടിനു കൊടുക്കാന്‍ അവളുടെ ഇഷ്ട്ട ഭക്ഷണമായ ശീമക്കൊന്ന പൊട്ടിക്കാം,
ഉച്ചക്ക് ചെറ്യമ്മയുടെ കൈപുണ്യമുള്ള കൈ കൊണ്ടുണ്ടാക്കിയ പുളിങ്കറിയോ പടവലങ്ങ മൊളകൂഷ്യമൊ, പിന്നെ കടുമാങ്ങയും കൂട്ടിയുള്ള ഊണ്..
തിരിച്ചു പോരുമ്പോള്‍ ഒന്നോ രണ്ടോ തേങ്ങയും കിട്ടും..
ഇതിനു പ്രതിഫലമായി മുറ്റത്ത്‌ ഉണങ്ങാനിട്ട നെല്ല് കോരി ചായ്പ്പില്‍ കൊണ്ടിടുക, പാടത്തിനക്കരെ എന്‍റെ വരവ് കാണുമ്പോഴേ അടുക്കളയിലും,
മച്ചിന്‍റെ ഉള്ളിലും ഉള്ള സകലമാന ചെമ്പും കുടങ്ങളും,
അണ്ട്ടാവും ഒക്കെ പുറത്തെടുത്തു വെക്കും..
അതൊക്കെ തേച്ചു കഴുകി അതിലൊക്കെ കിണറ്റില്‍ നിന്നും വെള്ളം കോരി നിറക്കണം..

എന്‍റെ അടുത്ത വിസിറ്റ് വരേക്കുള്ള പണികള്‍ ചെയ്യിപ്പിക്കും..
അതൊക്കെ എനിക്ക് വല്ല്യ ഇഷ്ട്ടവും ആയിരുന്നൂട്ടോ..
അങ്ങനെ നാലുമണിക്ക് നല്ലൊരു ചായയും കുടിച്ചു,
(ചിലപ്പോള്‍ ചെറ്യമ്മ അരി കൊണ്ടാട്ടം വറുത്തു തരും)
ശീമ ക്കൊന്നയും തെങ്ങോലയും തേങ്ങയും ഒക്കെയായി വീട്ടിലേക്കു തിരിച്ചുവരും..

അങ്ങനെയുള്ള ഒരു മടക്ക യാത്രയില്‍, ഒരിക്കല്‍=
പാട വരമ്പിലൂടെ നടക്കുകയായിരുന്നു..
പെട്ടെന്ന് വലതു ഭാഗത്തുള്ള ഒരു പാടത്തിന്റെ മൂലയ്ക്ക് 
നല്ലൊരു സുന്ദരന്‍ ചക്കപ്പഴം കിടക്കുന്നു.ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി.. കണ്ണെത്താവുന്ന ദൂരത്തോന്നും ആരെയും കാണുന്നില്ല..അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല,
കൈയ്യിലിരുന്ന ഓല ശീമക്കൊന്ന കെട്ടു വരമ്പത്ത് വെച്ച്പാടത്തേക്ക് ചാടി ഇറങ്ങി ചക്ക എടുത്തു ഒക്കത്ത് വെച്ചു..

തിരിച്ചു കേറി ചക്കയും ബാക്കി സാധന സാമഗ്രികളുമായി ഒരു പത്തടി നടന്നില്ല..
ദാ വളവു തിരിഞ്ഞു വരുന്നു കഷണ്ടിയുള്ള പാല്‍കാരന്‍ കുമാരനും, ഭാര്യ തങ്കചിയും.. !!! 

എന്നെ കണ്ടപാടെ തങ്കച്ചി അത്ര മയത്തിലല്ലാതെ ചോദിച്ചു
"കുട്ടീ എവിടുന്നാ ഈ ചക്ക"?

പെട്ടെന്നുള്ള ഈ ചോദ്യം കേട്ട്  ആദ്യം ഞാനൊന്ന് പരുങ്ങി..!! 
പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു..
'ചെറ്യമ്മേടവിടുന്ന്‍'.

ഉടനെ തങ്കച്ചി..
"അമ്പ്രാളിന്ടവിടെ ഇങ്ങനത്തെ ചക്ക ഇല്ല്യാലോ..കുട്ടീ..
ഇത് ഞാന്‍ പാല് കൊടുക്കാന്‍ പോയ വീട്ടീന്നു കിട്ടീതാ.. വേറേം വീടുകളില്‍ പാലും കൊണ്ട് പോമ്പോ ഇതും ഏറ്റിക്കൊണ്ട് പോവാന്‍ പറ്റ്വോ..? അതോണ്ട് എന്‍റെ പാടത്തിന്റെ മുക്കില്‍ എടുത്തു വെച്ചതാ. കുട്ടി അതങ്ങട് ചോട്ടില് വെക്ക്യ."

ഞാന്‍ വല്ലാതായി..!!

വല്ല്യ പാലു പാത്രം തൂക്കി കൂടെ നിക്കുന്ന കഷണ്ടി കുമാരനേം ഞാന്‍ ഒന്ന് നോക്കി.. അയാള്‍ക്കും വല്യ ഭാവഭേദം ഒന്നും ഇല്ല്യ..തങ്കച്ചിയെ വിട്ടു നിക്കില്ലല്ലോ..

ഞാന്‍ മനസ്സില്ലാമനസ്സോടെ ചക്ക തങ്കച്ചിയുടെ കാല്‍കീഴില്‍ സമര്‍പ്പിച്ചു വിഷണ്ണയായി  മുമ്പോട്ടു നടന്നു.!!

ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ തങ്കച്ചി ചക്കയും തോളില്‍ വെച്ചു കേട്ട്യോനോട്
എന്തൊക്കെയോ പിറുപിരുതോണ്ട് പോവുന്നു..!! തങ്കച്ചിയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു..  വീട്ടില്‍ വന്നു വിവരം പറഞ്ഞപ്പോള്‍  അമ്മേടെ കുലുങ്ങി കുലുങ്ങിയുള്ള ചിരി.. ഹും..!!

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുപോലുള്ള യാത്രയില്‍
ചക്ക കിടന്നിരുന്ന തങ്കച്ചിയുടെ പാടത്ത് പെണ്ണുങ്ങള്‍ ഞാറു നടുന്നു..
കൂടെ തങ്കച്ചിയും..!! 

വരമ്പത്ത് കൂടി നടക്കുന്ന എന്നെ കണ്ടപ്പോള്‍ പെണ്ണുങ്ങള്‍ എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിക്കുന്നു..!! ഞാന്‍  അറിഞ്ഞതായി ഭാവിച്ചില്ല.. 

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു.. അന്നത്തെ ആ മിനി സ്കെര്‍ട്ട് കാരിക്ക്  ഇന്നത്ത ഈ പത്മശ്രീ നായരുമായി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം..!! 
തങ്കച്ചിയും കഷണ്ടി കുമാരനും ഒക്കെ മരിച്ചു..!!

കഴിഞ്ഞയിടെ നാട്ടില്‍ പോയപ്പോള്‍ വഴിയില്‍ വെച്ചു
  അറുപതുകളില്‍ എത്തിയ മീനാക്ഷിയെയും  യശോദയെയും കണ്ടു..






കുശലാന്വേഷണങ്ങള്‍ക്കിടെ യശോദ മീനാക്ഷിയോടു ചോദിച്ചു..

"മീനാഷ്യെടത്യെ ഏതാ ഈ കുട്ടി..? നിക്ക് മനസ്സിലായില്ല്യ.."..

മീനാക്ഷി പറഞ്ഞു..
ങേ.. നെനക്ക് മനസിലായില്ല്യെ..' ഡീ  ഇത്  നമ്മടെ കുഞ്ഞേമ്പ്രാളിന്റെ മൂത്ത മകള്..!!
തങ്കച്ച്യെടത്തി പറയാറില്ല്യെ..!! ഒരു ചക്കക്കുട്ടി.! ആ കുട്ട്യാത്..
കാലം ഇത്ര്യൊക്കെ ആയിട്ടും കുട്ടിക്ക് ഒരു മാറ്റോംല്ല്യ..! ശെരി മാളെ.. കണ്ടെല് ശ്ശി സന്തോഷായീട്ടോ..   പിന്നെ കാണാട്ടോ..'
എന്നും പറഞ്ഞു കവിളത്ത് ഒരു തലോടലും തന്നു മീനാക്ഷിയും യശോദയും നടന്നകന്നു..

അപ്പോഴാണ്‌ എനിക്ക് വീണ ആ പേര് ഞാന്‍ അറിയുന്നത് തന്നെ..! "ചക്കക്കുട്ടി". 
ചക്ക കിട്ടിയില്ലെങ്കിലും ഒരു പേര് കിട്ടി.. ചക്കക്കുട്ടി.. !!

വിഷയ ദാരിദ്യം കൊണ്ട്,കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ നിന്നും ഒരേട് ചീന്തിയതാ..
അല്ലെങ്കിലേ ഇഷ്ട്ടം പോലെ വിളിപ്പേരുകള്‍ എനിക്കിവിടെ ഉണ്ട്..!
അതിന്‍റെ കൂടെ ചക്കക്കുട്ടി എന്ന് നിങ്ങള്‍ക്ക് എന്നെ വിളിക്കാന്‍
തോന്നിയാല്‍ വിലക്കാന്‍ എനിക്കവകാശമില്ലല്ലോ..?..!!


-പദ്മശ്രീ നായര്‍-








28 comments:

  1. ചക്ക കിട്ടിയില്ലെങ്കിലും എന്താ പേര് കിട്ടിയില്ലേ ..ഞങ്ങള്ക്ക് വായിക്കാനും കിട്ടിയില്ലേ

    ReplyDelete
    Replies
    1. അഷ്‌റഫ്‌...,.. ഇക്കാലമത്രയും ചക്ക തിന്നിട്ടും മനസ്സിപ്പോഴും ആ പഴയ കിട്ടാത്ത ചക്കയുടെ പുറകെയാണ്..

      നന്ദി.. വന്നതിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും..

      Delete
  2. വളരെ ഇഷ്ടമായി.ഓര്‍മ്മക്കുറിപ്പുകളോട് ഒരു പ്രതേക സ്നേഹം ഉള്ളതുകൊണ്ടാകം....ഇനിയും ഇത്തരം കുറിപ്പുകള്‍ തേടി വരും.എഴുതണേ...

    ReplyDelete
    Replies
    1. രൂപേഷ്‌...,.. ശ്രമിക്കാം.. ഇടക്കൊക്കെ ഈ വഴി പോവുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ മറക്കരുത്... :) നന്ദി..

      Delete
  3. എന്നാലും :(

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പഴയ ഓര്‍മ്മകള്‍ ..................പുറത്ത് വരുന്നു.

    ReplyDelete
    Replies
    1. അതെ.. ഇങ്ങനെ കുറെ ഓര്‍മ്മകള്‍ മായാതെ കിടക്കുന്നു..

      Delete
  6. ഓർമ്മക്കുറിപ്പ്‌ വളരെ ഇഷ്ടമായി ..,.,മനസ്സില് പഴയകാല ഓർമ്മകൾ നിറയുന്നു ,ഉമ്മയോടൊപ്പം ചില വീടുകളിൽ കുഞ്ഞുംന്നാളിൽ പോയ ഓർമ്മകൾ ,,,,ആശംസകൾ അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക .,.,.,

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി.. അക്ഷര തെറ്റുകള്‍ പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്.

      Delete
  7. ആദ്യമായാണ് ഇവിടെ . . .നന്നായിട്ടുണ്ട് എഴുത്ത്. അനുഭവങ്ങള്‍ തുറന്നെഴുതാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. (അതിപ്പോ ചക്കയായാലും മാങ്ങയയാലും)

    ReplyDelete
    Replies
    1. മാങ്ങയുടെ ഒരെഴുതുണ്ട്.. നോക്കിയില്ലേ.. വാരാസ്യാര്..

      Delete
  8. ഒരു ‘ര’ ചേര്‍ക്കാന്‍ മറന്നുപോയെന്നല്ലെയുള്ളു

    ReplyDelete
  9. ഇവിടെ എത്താൻ വൈകി. നല്ല ഒഴുക്കുള്ള എഴുത്ത്‌. ചക്കക്കുട്ടി നല്ല പേരല്ലേ, ചക്കക്കള്ളീന്നു വിളിച്ചില്ലല്ലോ

    ReplyDelete
    Replies
    1. ചക്കക്കള്ളി എന്ന് വിളിക്കാന്‍ തുടങ്ങി സര്‍..,. മാത്രമല്ല തൊട്ടു പിറകിലാതെ പോസ്റ്റ്‌ കൂടി ആയപ്പോള്‍ മാങ്ങാ കള്ളീ എന്നാ പേരും വീണു കഴിഞ്ഞു..

      Delete
  10. ചക്കക്കുട്ടീ
    നല്ല രസായി എഴുതി.
    ഇഷ്ടമായി.

    ReplyDelete
    Replies
    1. നളിനേച്ചി.. സന്തോഷം.. പുതിയ പോസ്റ്റുകള്‍ ഉണ്ടോ എന്ന് ചോദിചിരുന്നില്ലേ.. ഇട്ടിട്ടുണ്ടേ..

      Delete
  11. ന്നാലും തങ്കചിക്ക് രണ്ടു ചുളയെങ്കിലും തരായിരുന്നു...

    ReplyDelete
  12. അപ്പൊ കിട്ടാത്ത ചക്കയും മധുരിക്കും അല്ലെ ചേച്ചീ??? :) നല്ല ഓര്‍മ്മകള്‍...

    ReplyDelete
  13. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും എന്തൊരു ഓര്‍മ്മ സക്തി. കഥയും കഥാപാത്രങ്ങളും ഒട്ടും യാദ്രിഛികമായി തോന്നിയില്ല.. നന്നായി എഴുതി വീണ്ടും എഴുക...

    ReplyDelete
  14. ഇങ്ങനെ ചുറ്റുപാടുകളിലെ ഓർമകൾ എഴുതൂ, അത് വായിക്കാനും രസമാണ്

    ReplyDelete
  15. ന്നാലും ചക്കക്കുട്ടീയേ.....തറവാട്ടുകാരി മോഷ്ടിക്കാമോ?അതും അടിയാളന്റെ മുതല്‍

    ReplyDelete
  16. മാധവിക്കുട്ടിയെ ഓര്‍മിപ്പിക്കുന്ന വരികള്‍.... ഹൃദയാന്തരത്തില്‍ വല്ലാത്തൊരു കുളിര്...

    ReplyDelete
  17. നല്ല പേര് ... ചേച്ചിക്ക് നന്നായി ചേരും :)
    ചക്ക(ര)ക്കുട്ടീ ...

    ReplyDelete
  18. പദ്മതീര്തം കൊള്ളാം കലക്കി..

    ReplyDelete
  19. ormakaliley thilakkam.................

    ReplyDelete