Sunday 10 August 2014

കര്‍ക്കിടക സ്മൃതികള്‍...!!!!



 ഒരല്‍പ്പം നൊസ്റ്റാള്‍ജിയ ആവാല്ലേ.. :)

കര്‍ക്കിടകം എന്നാല്‍ എല്ലാവരും ആധിയോടെ, വേവലാതികളോടെ വരവേറ്റിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു. രാപകല്‍ നിര്‍ത്താതെ പെയ്യുന്ന കര്‍ക്കിടക മഴയില്‍ പാടവും തോടും കിണറും കുളവുമൊക്കെ നിറഞ്ഞൊഴുകി, അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാവും.. പഞ്ഞമാസമെന്നും വറുതിക്കാലമെന്നും ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ മാസത്തില്‍ മിക്കവാറും വീടുകളില്‍ തീ പുകയാറുണ്ടായിരുന്നില്ല .

കള്ളക്കര്‍ക്കിടകത്തെ കുറിച്ച് ഒരുപാടോരുപാടോര്‍മ്മകള്‍ ഇന്നുമെന്റെ മനസ്സില്‍ ഈര്‍പ്പം മാറാതെ കിടക്കുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍, ഓടു പൊട്ടിയ മേല്‍ക്കൂരയിലൂടെ മഴവെള്ളം തട്ടു നിരത്താത്ത ഇടനാഴിയിലേക്ക്‌ വീഴുമ്പോള്‍, ചോര്‍ച്ചയുടെ വണ്ണമളന്ന് പാത്രങ്ങള്‍ നിരത്താന്‍ മിടുക്കി ഞാന്‍ തന്നെയായിരുന്നു.. ഗ്ലാസ്സ് മുതല്‍ ചെമ്പ് കുടം വരെ ഇടനാഴിയിലും അടുക്കളയിലുമായി ഓടി നടന്നു നിരത്തും. ഒരാഴ്ചയായിട്ടും പുഴുങ്ങിയിട്ട നെല്ല് ഉണങ്ങാതെ പൂപ്പല് പിടിച്ചു കിടക്കുമ്പോള്‍ അമ്മ മഴയെ ശപിക്കുന്നത് കേള്‍ക്കാം

"രണ്ടീസത്തെക്കുള്ള അര്യെ ള്ളൂ.. ഈ നശിച്ച മഴ ഇങ്ങനെ നിന്നാല്‍ ഞാനെന്താ ചെയ്യാ.."

തീ കത്തിക്കാന്‍ വിറകില്ലാത്ത മഴക്കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്നെ തിരുവാതിരക്കാലത്ത് മുള്ള് വേലി കെട്ടാന്‍ വരുന്നവരോട് അമ്മ പറയും.... "വേലായുധാ അടുപ്പിച്ചടുപ്പിച്ചു തറി ഇട്ടോ ട്ടോ.. കര്‍ക്കട മാസ്ത്തില് വെറക് ഇല്ല്യാണ്ടാവുമ്പോ വേലിത്തറി ഊരി കത്തിക്കാല്ലോ."

മുടിയഴിച്ചാടുന്ന കര്‍ക്കിടക മഴയെ വക വെക്കാതെ അമ്പലക്കുളത്തില്‍ നീന്തി തുടിച്ചു കുളിച്ചു വരുമ്പോഴേക്കും തലേ രാത്രി തന്നെ ചൂടുള്ള അടുപ്പിന്റെ മുകളില്‍ നിരത്തി വെച്ചിരിക്കുന്ന നനഞ്ഞ വിറകിനു മുകളില്‍ ഇട്ടു പാതി ഉണക്കി വെച്ച പുകചൂരുള്ള പെറ്റിക്കോട്ടും അരപാവാടയും ഇട്ടു, പ്ലാസ്റ്റിക്‌ കടലാസില്‍ കറുത്ത വലിയ റബ്ബര്‍ ബാണ്ട് ഇട്ടു പൊതിഞ്ഞെടുത്ത പുസ്തകക്കെട്ടും മാറത്തടുക്കി ഒരു കുടക്കീഴില്‍ അനിയത്തിയെയും ചേര്‍ത്തു പിടിച്ചു, കെട്ടിക്കിടക്കുന്ന മഴ വെള്ളത്തെ ചവിട്ടിത്തെറിപ്പിച്ചു, കൂട്ടുകാരോടൊപ്പം സ്കൂളിലേക്കുള്ള യാത്ര.

ഇറവെള്ളം ഒത്തുകൂടി ഒഴുകിയോലിക്കുന്ന മഴച്ചാലുകളില്‍ അമ്മ കാണാതെ പുസ്തകത്താള് കീറി, കളിവഞ്ചി ഒഴുക്കാന്‍ എന്ത് രസമായിരുന്നു. ഉമ്മറത്തിണ്ണയിലുരുന്നു ഇറയത്തെക്ക് കാലു നീട്ടി ഓടിലൂടെ ഒഴുകി വരുന്ന മഴ നൂലുകള്‍ കൊലുസ്സിടാത്ത കുഞ്ഞിക്കാലുകളെ നനയിച്ചു നിര്‍വൃതിയടഞ്ഞിട്ടുണ്ടാവാം.. കൂട്ടുകാരോടൊപ്പം ഒത്തിരി ദൂരം ഇടവഴികളിലൂടെ നടന്നു, കൊള്ളിക്കിഴങ്ങും (കപ്പ) വാങ്ങി, തോട്ടക്കാരന്‍ വെറുതെ തരുന്ന നുള്ള് നുറുമ്പ് കിഴങ്ങുകള്‍, നിവര്‍ത്തി പിടിച്ച കുടയുടെ കമ്പിയിലൂടെ ഒഴുകി വരുന്ന മഴ വെള്ളത്തില്‍ മണ്ണ് കഴുകി, തോല് കടിച്ചു കളഞ്ഞു പച്ചക്ക് തിന്നു നടക്കാന്‍ ഇനിയീ ജന്മത്തില്‍ കഴിയില്ലല്ലോ.

ഇന്ന് കാലം മാറി. കര്‍ക്കിടകത്തെ ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് മാലോകര്‍. പട്ടിണിയും പരിവട്ടവുമില്ല. ക്ഷേത്രദര്‍ശനവും വഴിപാടുകളും രാമായണ- പാരായണവുമൊക്കെയായി, പണ്ടത്തെ വറുതിക്കാലം ഇന്ന് പുണ്യമാസമായി മാറിക്കഴിഞ്ഞു.

ഇത്തവണ നാട്ടില്‍ ചെന്ന് മഴയോട് പണ്ടത്തെ വിശേഷം പറഞ്ഞിരിക്കുമ്പോള്‍ വെറുതെ ഒരു കുസൃതി തോന്നി.. പണ്ട് മഴ തകര്‍ക്കുമ്പോള്‍ അടുപ്പിലെ കനലില്‍ മൂടി ചുട്ടെടുത്ത പുളിങ്കുരു കടിച്ചു പൊട്ടിച്ചു മഴത്താളത്തിനു മേനി കൂട്ടിയിരുന്നു.. മനസ്സിലുള്ള ഓര്‍മ്മ ആഗ്രഹമായി അമ്മയോട് പറഞ്ഞപ്പോള്‍ ചായ്പ്പില്‍ എവിടെയോ അലസമായി വെച്ചിരുന്ന പുളിങ്കുരു, ഉണക്കചകിരി കത്തിച്ചു ചട്ടിയിലിട്ടു വറുത്തു തന്നു.. അതിന്‍റെ ചിത്രം കൂടി ഈ നൊസ്റ്റാള്‍ജിയക്ക് നിറം പകരാന്‍ ചേര്‍ക്കുന്നു..
------------------


-പദ്മശ്രീനായര്‍-





4 comments:

  1. പുളിങ്കുരു ചുട്ടു തിന്നാല്‍ ചൊറി പിടിക്കുമെന്ന് പേടിപ്പിച്ചിരുന്നു മുതിര്‍ന്നവര്‍ അന്നൊക്കെ ...അതൊക്കെ അന്ത കാലം ...!

    ReplyDelete
  2. ഈ കർക്കിടക വറുതിയുടെ അവസാന ഘട്ടമെത്തുമ്പോൾ പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം വരവായി,, അതിനു മുന്നോടിയായി ഞങ്ങടെ നാട്ടില്‍ വീടുകളില്‍ ഒരു ശുദ്ധികലശം നടത്തും,,,,
    ആ ഒരു വർഷം ഉപയോഗിച്ച വീട്ടുസാധനങ്ങൾ ഒഴിവാക്കി പകരം പുതിയത് വാങ്ങി വീട്ടില്‍ കൊണ്ട് നിറക്കും,,,,
    ഈ ഒഴിവാക്കിയ സാധനങ്ങള്‍ ഞാന്‍ എടുത്തുകൊണ്ടു വന്ന് എന്റെ വീട്ടില്‍ ഉപയോഗിച്ചിട്ടുണ്ട് പുൽപ്പായ, നേരമ്പായ, തടുക്ക്, തൊടപ്പ, (കവുങ്ങിന്റെ ഒാലകൊണ്ടുള്ള ചൂല്) പുൽച്ചൂല്, ഉറി,, മുതലായവ അക്കാലത്ത് വലിയ വീട്ടിലെ പറമ്പിലെ മൂലയില്‍ കൊണ്ടിടും അതെടുത്തോണ്ടു വന്ന് ഞങ്ങള്‍ ഒരു വർഷമോടിച്ചിട്ടുണ്ട്,,,
    പപ്പേച്ചീടെ ഈ കുറിപ്പ് വായിച്ചപ്പോള്‍ ആ പഴയ കാലം ഒാർമ്മ വന്നു ഞാന്‍ കുറിച്ചതാണ് ,,,
    Padmashree Nair

    ReplyDelete
  3. ഓര്‍മ്മക്കുറിപ്പ് ഇഷ്ടായിട്ടോ.....

    ReplyDelete
  4. ഒന്ന് കൂട്ടികൊണ്ട് പോയ്‌ ..ആ കാലത്തേക്ക് .
    ഇഷ്ടായ്

    ReplyDelete