Monday 31 August 2015

നാത്തൂനേ... ന്‍റെ മുണ്ട്.. !!!



"നാത്തൂനേ    ... കണ്ണപ്പേട്ടന്റെ    മകന്‍റെ  കല്യാണം   കെട്ടാന്‍   പോണ്ടേ ന്നും  ?"

ചാണകം  മെഴുകിയ   തിണ്ണയില്‍  തൂണും   ചാരി    എന്തോ  കുനിഷ്ടു   ചിന്തയിലായിരുന്ന ദാക്ഷായണിയേടത്തിയെ    പടികടന്നു   വന്ന   രുക്കുവിന്റെ  ചോദ്യമാണ്   ഉണര്‍ത്തിയത്. 

"പോണം  ന്നുണ്ടടി   രുക്ക്വോ..  ന്‍റെ   ചെക്കന്‍റെ  കല്യാണം   വിളിച്ചപ്പോ   വന്നു   ഇരുപത്തഞ്ചുര്‍പ്യ   ബന്ധുമ   തന്നീര്‍ന്നു..  അത്   മടക്കി  കൊടുത്തില്ലെങ്കി  മോസല്ലേ   ഡീ   പെണ്ണെ.  പക്ഷെ    കല്യാണത്തിന്   ഉടുത്തോണ്ട്  പൂവാന്‍   നെറോള്ള   മുണ്ട്   ഒന്നൂല്ല്യ.   കഴിഞ്ഞ   തിര്വോണത്തിനു    ന്‍റെ   ചെക്കന്‍   ഒരു  കരമുണ്ട്   വേടിച്ചു   തന്നീര്‍ന്നു.   രണ്ടീസം  മുമ്പ് വക്കാണം  കൂടി  പോമ്പോ   ആ  മൂധേവി..  ങാ    അവന്‍റെ   കെട്ട്യോള്    അയ്‌  മുണ്ടിനേം   വാരിക്കെട്ടി   കൊണ്ടോയടി   പെണ്ണേ..  ഇങ്ങനൊരു   ജമ്മം   ഈ   കുടീലിക്ക്    വന്നു  കേറീല്ലോ  ന്‍റെ    തമ്പുരാനേയ്  .." 

മരുമോളോടുള്ള   അരിശം    അതിന്‍റെ   പരമാവധി   പ്രകടിപ്പിക്കാനായി തലേല്  രണ്ടും  കൈയും  വെച്ച്,   മുറ്റത്തിന്റെ   വടക്കേ  കോണില്‍  നില്‍ക്കുന്ന  മുരിങ്ങച്ചോട്ടിലെക്ക്    ത്ഫൂ    ന്ന  ശബ്ദത്തോടെ   ദാക്ഷായണി   നീട്ടിത്തുപ്പി. 

"ങ്ങാഹാ..   അവള്  പിന്നേം  പോയാ?  ഇത്തവണ  പൂവാന്‍   ന്താ  ന്നും   നാത്തൂനേ കാരണം.?" 

രുക്കുവിന്    രസം  പിടിച്ചു.. ഇത്തിരി   വെയില്  കൊണ്ടായാലും    വന്നത്  വെറുതെയായില്ല  ന്നു   മനസ്സില്‍  നിനച്ചു   തിണ്ണയിലെ  പൊടി  കൈകൊണ്ടു   തുടച്ചു,  രുക്കു   ദാക്ഷായണിയുടെ   അടുത്തിരുന്നു. 

ഉള്ളതും   ഇല്ലാത്തതും   പ്രാധാന്യമുള്ളതും   അല്ലാത്തതുമായ   മരുമകളുടെ കുറ്റങ്ങളും കുറവുകളും   കുറെ   പറഞ്ഞുകഴിഞ്ഞപ്പോള്‍   ദാക്ഷായണിക്കും,  അതിനേക്കാള്‍   സന്തോഷം    പരദൂഷണം   കേട്ട   രുക്കുവിനും.   ആ സന്തോഷത്തില്‍   മതിമറന്നു   രുക്കു   ദാക്ഷായണിക്ക്     ഒരു മെഗാ ഓഫര്‍   നല്‍കി.  

"മ്മക്ക്   കല്യാണം  കൂടാന്‍   പൂവാന്നും   നാത്തൂനേ  ..  ന്റെല്   ഒരു  മുണ്ടുണ്ട്.. ഞാന്തരാം..  ങ്ങള്  പൊറപ്പെട്ടോളീ  ന്നും " 

പിറ്റേന്ന്    രാവിലെ   തന്നെ   രുക്കു   മുണ്ടുമായി  വന്നു.   രുക്കു   നല്‍കിയ സെറ്റ് മുണ്ടൊക്കെ  ഉടുത്തു  നാട്ടു  വര്‍ത്തമാനവും  പറഞ്ഞു  നടന്നു.. അര   മണിക്കൂറിനു  ശേഷം   വന്ന   ബസ്സു  കൈകാണിച്ചു  നിര്‍ത്തി   രണ്ടുപേരും   കയറിപ്പറ്റി.  ആദ്യം  കണ്ണില്‍ പെട്ട  സീറ്റില്‍  ഇരിക്കാന്‍  ദാക്ഷായണി   നടു   വളച്ചതെയുള്ളൂ..  പെട്ടെന്ന്   രുക്കുവിന്റെ   വിളി.. 

"നാത്തൂനേ..  ന്‍റെ   മുണ്ട്..!!   സീറ്റിലപ്പടി   പൊട്യാണ്.   ന്‍റെ മുണ്ടില്   ചെള്യാവും.  ങ്ങള്   ദാ  ഈ  കമ്പീമ്മേ   പിടിച്ചു   നിന്നോളീ.." 

ഇരിക്കാനുള്ള   അവകാശം    നിഷ്കരുണം   നിഷേധിച്ചു    ആ  സീറ്റില്‍     രുക്കു   കേറിയിരുന്നു. രണ്ടു  ബസ്സിലേക്കുള്ള   യാത്രക്കാരെ  കുത്തി നിറച്ച ബസ്സ്‌   ഒരു   വളവു  തിരിഞ്ഞപ്പോള്‍   ഒന്നാടിയുലഞ്ഞു. ഒപ്പം   ദാക്ഷായണിയും   ഒന്നാടി..  വീഴാതിരിക്കാന്‍  തൊട്ടടുത്ത  സീറ്റിലെ   കമ്പിയില്‍ ഒന്നു   ചാരി.  അപ്പൊ    ദേ   പിന്നേം.. 

"നാത്തൂനേ    ന്‍റെ  മുണ്ട്...  ആ കമ്പീമ്മേ    ചാരണ്ടാ   ട്ടോളീന്‍..   തുരുമ്പുണ്ടാവും..  ന്‍റെ   മുണ്ടില്   കറ   പിടിക്ക്യോള്ളൂ.". 

ഓടുന്ന   വണ്ടിയായത്  കൊണ്ടും    യാത്രക്കാരുടെ    തിരക്കു  കൊണ്ടും   എങ്ങാനും   കേട്ടില്ലെങ്കിലോ  എന്ന്  കരുതി    രുക്കു   അല്‍പ്പം   ഉറക്കെതന്നെയാണ്   പറഞ്ഞതും,   ദാക്ഷായണിയെ   കൂടാതെ    ചുറ്റുമുള്ള യാത്രക്കാര്‍   കേള്‍ക്കുകയും    ദാക്ഷായണി  ഉടുത്തിരുന്ന    മുണ്ട്   രുക്കുവിന്റെതാണെന്നു    അവരൊക്കെ   മനസ്സിലാക്കുകയും,   എല്ലാം    നിമിഷ നേരം  കൊണ്ടായിരുന്നു. 

ദാക്ഷായണിക്ക്     ദേഷ്യം   വന്നു   തുടങ്ങിയെങ്കിലും    കണ്ട്രോള്‍   വിട്ടില്ല. 
കല്യാണവീട്ടിലെത്തി,    നാരങ്ങാ   വെള്ളം  കുടിയും,    തുടര്‍ന്നു   കല്യാണ   ചടങ്ങുകളും   കഴിഞ്ഞു.  ഇതിനിടയില്‍   പലവട്ടം   ദാക്ഷായണിയുടെ   ചന്തിയില്‍    തോണ്ടി,   രുക്കു    തന്‍റെ    മുണ്ടിന്‍റെ   കാര്യം   ഓര്‍മ്മപ്പെടുത്തി. 

സദ്യക്ക്   ഇലയിട്ടു..  അന്നത്തെക്കാലത്ത്‌   ഇന്നത്തെപ്പോലെ    മേശയും   കസേരയുമോന്നും   ഇട്ടല്ല   സദ്യ ഉണ്ടിരുന്നത്.   പുല്ലു  ചെത്തി   വൃത്തിയാക്കിയ  മുറ്റത്തും    തൊടിയിലുമൊക്കെ   പന്തലിട്ടു,    താഴെ   പന്തിപ്പായ   വിരിച്ചു    അതില്‍   ചമ്രം   പടിഞ്ഞിരുന്നായിരുന്നു    സദ്യ യൂണ്. ചരിഞ്ഞിരുന്നു    രണ്ടുകാലും   വളച്ചു   വെച്ച്,   ഇടതുകൈ   നിലത്തു കുത്തി,   പരിപ്പും  സാമ്പാറും   പപ്പടവും   കൂട്ടിക്കുഴച്ചു   ആദ്യത്തെ   ഉരുള   വായിലെക്കിടാന്‍     തുടങ്ങിയതേയുള്ളൂ   ദാക്ഷായണി..

"യ്യോ    നാത്തൂനേ...  ന്‍റെ   മുണ്ട്..  ങ്ങള്   ഇങ്ങനെ   പടിഞ്ഞിരുന്നാ    ന്‍റെ   മുണ്ടില്   ചള്യാവില്ല്യെ ന്നും.   ങ്ങള്    കുന്തിച്ചിരുന്നിട്ടു    ചോറുണ്ണീ  ട്ടോളീന്‍.." 

വായിലെത്തെണ്ട ചോറുരുള  രുക്കുവിനോടുള്ള  പ്രതിഷേധം   അറിയിച്ചുകൊണ്ട്‌  ദാക്ഷായണിയുടെ കൈയ്യില്‍   നിന്നും   ഇലയിലേക്ക്   എടുത്തുചാടി.   വിളമ്പുകാരും   സഹ ഊണുകാരും   തമ്മില്‍   തമ്മില്‍   നോക്കി    അടക്കം   പറഞ്ഞു   ചിരിച്ചു.  കഠിനമായ   വിശപ്പു കൊണ്ടും   വിഭവ സമൃദ്ധമായ   സദ്യ  ഉപേക്ഷിക്കാന്‍   മനസ്സില്ലാത്തത്  കൊണ്ടും   മാത്രം  ദാക്ഷായണി   കുന്തിച്ചിരുന്നു     വയറു നിറച്ചും    ഊണ്  കഴിച്ചു.  

മടക്കയാത്രയിലുടനീളം കല്യാണപ്പെണ്ണിന്‍റെ, കഷ്ട്ടപ്പെട്ടു കണ്ടെത്തിയ കുറവുകളും    സദ്യവട്ടങ്ങളുടെ  പോരായ്മകളെയും  കുറിച്ച്   വാ  തോരാതെ  സംസാരിച്ച    രുക്കുവിനെ    ദാക്ഷായണി    മൈന്‍ഡ്    ചെയ്തില്ല.   മറുപടികള്‍ വെറും   മൂളലുകളില്‍ മാത്രമൊതുക്കി    എന്ന്  മാത്രമല്ല,  ബസ്സില്‍   സീറ്റുണ്ടായിരുന്നിട്ടു കൂടി    ദാക്ഷായണിയേടത്തി    ഇരിക്കാന്‍  കൂട്ടാക്കിയില്ല.  

ബസ്സിറങ്ങി    ആദ്യം   കണ്ട പെട്ടിക്കടയില്‍  നിന്നും   501   ബാര്‍  സോപ്പിന്‍റെ   രണ്ടു  കഷണവും   വാങ്ങിയാണ്   ദാക്ഷായണി    വീട്ടിലെത്തിയത്.  പിറ്റേന്ന്   രാവിലെ   തന്നെ  അലക്കി  വെളുപ്പിച്ചു,  കഞ്ഞി  പിഴിഞ്ഞുണക്കിയ മുണ്ടുമായി   ദാക്ഷായണിയെടത്തി    രുക്കുവിന്റെ   വീട്ടിലെത്തി..

"ഡീ   രുക്ക്വോ    ന്നാ   നെന്‍റെ   മുണ്ട്.  നെന്‍റെ    ഇരവല്   മുണ്ടും  ഉടുത്തു     നിന്‍റെ കൂടെ    കല്യാണത്തിന്    വന്നതോണ്ട്   ഞാന്‍  ഒരൂട്ടൊക്കെ  പഠിച്ചു ട്ടോ . ഇല്ല്യാച്ചാ ഇല്ലാത്ത  പാട്ടിലിരിക്ക്യ..  ന്നാലും   ആരാന്‍റെ   സാനം ഇരവല്   വാങ്ങ്യാ   നാണോം  മാനോം  ഒക്കെ   കെടും  ന്നു  മനസ്സിലായി..   തന്തോസായി ട്ടോ "

മുണ്ട്    രുക്കുവിന്റെ   കൈയ്യില്‍   പിടിപ്പിച്ചു  ശരവേഗത്തില്‍   ദാക്ഷായണിയേടത്തി  നടന്നു..  പാടവരമ്പിലൂടെ     രുക്കുവിനെ  മുറുമുറുത്തു  കൊണ്ട്  ദാക്ഷായണി  മുറ്റത്തേക്ക്   കാലെടുത്തു വെച്ചപ്പോ    ചായേം  പലഹാരോം   ഒരുക്കി   തിണ്ണയില്‍  കാത്തിരിക്കുന്ന    മരുമോളെയാണ്   കണ്ടത്.  ഗമ   വിടാതെ   അകത്തേക്ക്   കയറിയ  അമ്മായിയമ്മയുടെ   കൈയ്യില്‍ പിടിച്ചു  മരുമകള്‍   ഒരു പൊതി    വെച്ച്   കൊടുത്തെന്നും ദാക്ഷായണിയേടത്തി  പൊതി  തുറന്നു   നോക്കിയപ്പോള്‍    നല്ല  ഒന്നാംതരം   കുത്താമ്പുള്ളി   കസവ്  മുണ്ടും  നേര്യതുമാണ്   പൊതിക്കകത്ത്‌   ഉണ്ടായിരുന്നത്   എന്നും    ഐതിഹ്യത്തില്‍   പറയുന്നു.

---------------------

ഒരുച്ച  നേരത്ത്   വൈദ്യശാലയില്‍  നിന്നും   കഷായവും   അരിഷ്ട്ടവും   വാങ്ങി   വരുന്ന  വഴി   വീട്ടിലേക്കു   കയറിയ   കുണ്ടാപ്പെട്ടനോട്‌  "ഇനീപ്പോ   ഒരുപിടി   ചോറുണ്ടിട്ട്   പോയാ  മതി"   എന്നമ്മ   പറഞ്ഞപ്പോള്‍,  ഊണ്   കാലാവണ   ഇടവേളയില്‍    കുണ്ടാപ്പേട്ടന്‍ വലിച്ചുനീട്ടി   പറഞ്ഞു   തന്ന   കഥയുടെ   പ്രസക്തഭാഗമാണ്   മുകളില്‍   വിവരിച്ചത്.   മുപ്പത്തിയാറു  ഭാഷകളിലായി വിവിധ രാജ്യങ്ങളില്‍ ഈ കഥ പ്രചാരത്തിലുണ്ട്  എന്നൊരു   മഹാ  പുളുവടി  കൂടി   സമ്മാനിച്ചിട്ടാണ്   കുണ്ടാപ്പേട്ടന്‍   അന്ന്  സ്ഥലം വിട്ടത്.

സംഗതി   പുളുവടിയാണെങ്കിലും   കഥയില്‍,  നമുക്ക്    ഉള്‍ക്കൊള്ളാവുന്നൊരു  ഉപദേശമുണ്ട്.

"ഇരന്നു  വാങ്ങി   നാണം  കെടുന്നതിനേക്കാള്‍   അന്തസ്സുണ്ട്   ഇല്ലായ്മക്ക്."  

13 comments:

  1. കാര്യം സത്യമാണ് ട്ട്വോ!പണ്ട്‌ കാലത്ത് ഇങ്ങന്യൊള്ള വിശേഷങ്ങള്‍ക്ക് പോവുമ്പോള്‍ അയലോക്കത്ത്ന്ന് വസ്ത്രങ്ങളും,പണ്ടങ്ങളും ഇരവല് വാങ്ങുക പതിവുണ്ടായിരുന്നു.അതിങ്ങോട്ടും,അങ്ങോട്ടും ഉണ്ടാവും.അതോണ്ടതൊരു ശീലമായി മാറിയിരുന്നു.ഇപ്പോള്‍ കേള്‍ക്കുന്നവര്‍തിരൊ തമാശയും,മാനക്കേടുമായി തോന്നിക്കും!
    പഴംപുരാണങ്ങള്‍ തുടരട്ടെ!നല്ല രസമുണ്ട്................
    ആശംസകള്‍

    ReplyDelete
    Replies
    1. ഇരവല്‍ പണ്ടങ്ങളും വസ്ത്രങ്ങളും വാങ്ങി വിശേഷങ്ങള്‍ക്ക് പോകുന്ന ഒരു കാലഘട്ടത്തില്‍ ഞാനും ജീവിച്ചിരുന്നു തങ്കപ്പന്‍ സര്‍. ഇങ്ങനെയൊക്കെ ഉള്ള പതിവുകളില്‍ മനുഷ്യര്‍ തമ്മിലുള്ള ഒരു വിശ്വാസം കൂടി ഊട്ടിയുറപ്പിച്ചിരുന്നു.. ഇന്നത്തെ കാലഘട്ടത്തില്‍ എത്ര പേര്‍ക്ക് ഇങ്ങനത്തെ മനസ്ഥിതി ഉണ്ടാകും..

      വന്നതിലും വായനക്കും ആശംസകള്‍ക്കും ഒരുപാടൊരുപാട് നന്ദി. സ്നേഹാദരങ്ങള്‍

      Delete
  2. "ഇരന്നു  വാങ്ങി   നാണം  കെടുന്നതിനേക്കാള്‍   അന്തസ്സുണ്ട്   ഇല്ലായ്മക്ക്."


    അതേതായാലും ദാക്ഷായണിയമ്മയ്ക്ക്‌ പെട്ടെന്ന് തന്നെ മാറ്റമായല്ലോ!!

    ReplyDelete
    Replies
    1. അനുഭവമല്ലേ ഏറ്റവും നല്ല അദ്ധ്യാപകന്‍.. ദാക്ഷായണിയേടത്തി വളരെ പെട്ടെന്ന് തന്നെ അത് മനസ്സിലാക്കി..

      നന്ദി സുധി.. :)

      Delete
  3. ഈ കഥയുടെ മറ്റൊരു വെര്‍ഷന്‍ ഞാന്‍ കേട്ടിട്ടുണ്ട്. കഥാപാത്രങ്ങള്ക്ക് മാറ്റമുണ്ടെങ്കിലും കഥാബീജം ഇതുതന്നെ. ആ നിലക്ക് കുണ്ടാപ്പേട്ടന്റെ അവകാശവാദം അംഗീകരിക്കാവുന്നതാണ്‌.
    ഇതിലെ ഗുണപാഠം സര്‍വ്വകാലികമാണ്‌.
    നന്നായെഴുതി.

    ReplyDelete
    Replies
    1. അവകാശവാദവുമായി മറ്റാരും കടന്നു വന്നു പ്രശ്നം ഉണ്ടാക്കാതിരിക്കാനാവും കുണ്ടാപ്പേട്ടന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തത്‌. കുട്ടിക്കാലത്ത് കുണ്ടാപ്പേട്ടന്‍ ഒരുപാട് കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്.. ഓര്‍മ്മകളില്‍ ചിക്കിച്ചികഞ്ഞു പുറത്തെടുക്കട്ടെ.. എഴുതാം.. വായിക്കാന്‍ പ്രത്യേകം ക്ഷണിക്കേണ്ടതില്ലല്ലോ.. കാരണം പത്മതീര്‍ത്ഥം നിങ്ങള്ക്ക് വേണ്ടിയാണ്.

      വളരെ നന്ദി ഉസ്മാന്‍ ജീ..

      Delete
  4. മുണ്ട് പുരാണം കൊള്ളാട്ടാ....

    ReplyDelete
    Replies
    1. ഹിഹി.. റോസാക്കുട്ട്യേ ...

      Delete
  5. കുണ്ടാപ്പേട്ടൻ പറഞ്ഞ കഥയ്ക്ക്‌ ഒരു universal അപ്പീൽ ഉണ്ട്. പല സ്ഥലങ്ങളിലും പല രീതിയിലും. ഞങ്ങൾ കേട്ട കഥ ഒരു അലക്കുകാരാൻ മുണ്ട് കടം കൊടുത്ത കഥയാണ്. അതൊക്കെ പോട്ടെ. പക്ഷെ കഥ പറഞ്ഞ രീതിയാണ്. അത് വളരെ സ്വാഭാവികമായി, നന്നായി.

    ReplyDelete
  6. ഹഹ് ഞാന്‍ ആദ്യായിട്ടാ ഈ കഥ കേള്‍ക്കണേ ,, തമാശയിലൂടെ പറഞ്ഞത് ഒരു നല്ല ഗുണപാഠം . കൊള്ളാം .

    ReplyDelete
  7. ...ന്നാലും ന്റെ മുണ്ട്....

    ReplyDelete
  8. നർമ്മത്തിൽ ചാലിച്ഛെഴുതിയതാണെങ്കിലും, ഒരു കാലത്ത് നമ്മുടെയിടയിൽ ഉണ്ടായിരുന്ന ഒരു ശീലമായിരുന്നു, ഈ ഇരവ് വാങ്ങൽ, പ്രത്യേകിച്ഛ് ആഭരണങ്ങൾ. അന്ന് അമ്മായി അമ്മയും അമ്മയും, മരുമകളും തമ്മിൽ പൊരുത്തക്കേടുകൾ എല്ലാം ഉണ്ടാകുമെങ്കിലും, അതൊന്നും സ്ഥായിയായി നിൽക്കുന്നതായിരുന്നതല്ല്. അവരുടെയൊക്കെ മനസ്സിൽ ശുദ്ധത ഉണ്ടായിരുന്നു. ഇന്നതല്ല. പത്മ രസകരമായി എഴുതി, ആ നാട്ട്ഭാഷയല്ല ഉപയോഗിച്ഛത് എങ്കിൽ പാളിപ്പോയേനെ. പത്മക്കറിയുമോ ഇതെല്ലാം ഞാൻ ഒരു തവണ വായിച്ഛതാണ്, ആസ്വദിച്ഛതുമാണ്, പക്ഷെ അന്ന് എനിക്ക് ഒരു ശീലമുണ്ടായിരുന്നു, അതോ ദുഃശ്ശീലമോ തലനാരീഴ കീറി പരിശോധിക്കുക എന്നത്, പിന്നെ അതങ്ങ് നിർത്തി, കാരണം ഇത് എഫ്ബിയിൽ നിന്ന് പുറത്തേക്ക് ആരും കൊണ്ട് പോകുന്നില്ല എന്ന് മനസ്സിലായപ്പോൾ. പത്മക്ക് നല്ല observing capacity ഉണ്ട്, അതാണ് എഴുത്തുകാർക്ക് വേണ്ട ആദ്യത്തെ ഗുണവും. പരിസരത്തുള്ളതുമുഴുവനും ഒരൊപ്പുകടലാസ്സുപോലെ ഒപ്പിയെടുക്കുവാനുള്ള കഴിവ്. ..ന്റെ മുണ്ട്..!!!

    ReplyDelete