Monday 31 August 2015

ചെണ്ടുമല്ലിപ്പൂവിന്‍റെ മണമുള്ള "ചിന്ന"


"മഷിക്കുപ്പി,  വൃന്ദാവനം,  മഹാത്മാഗാന്ധി...    എഴുത്യോ? "
ചൂണ്ടുവിരളോളം  നീളമുള്ള  കുഴലുപോലത്തെ  ഡപ്പിയില്‍ നിന്ന് ഇടത്തേ ഉള്ളംകൈയ്യിലേക്ക്   കുടഞ്ഞിട്ട  മൂക്കുപ്പോടിയില്‍  നിന്നും   ഓരോ  നുള്ള് മൂക്കിന്‍റെ  ദ്വാര ദ്വയങ്ങളിലൂടെ   വലിച്ചുകേറ്റി,  ആഞ്ഞു തുമ്മി  താഴ്തിയിട്ട മുണ്ടിന്‍റെ  കോന്തല  പൊക്കി, നാസികാപരിസരവും  നരച്ചു  തുടങ്ങിയ മീശയും    അമര്‍ത്തിത്തുടച്ചു  ഗോവിന്ദന്‍കുട്ടി മാഷ്‌  കുട്ടികളോടായി   ചോദിച്ചു. 3-B യില്‍   കേട്ടെഴുത്ത്  നടക്കുകയാണ്..  

"ഓ...  എഴുതി  മാഷേ."   
സ്ലേറ്റ്‌   മാറോടു ചേര്‍ത്തു  മറച്ചു  പിടിച്ചു   മുഖാമുഖം  തിരിഞ്ഞു  നില്‍ക്കുന്ന കുട്ടികള്‍    ഒരേ  സ്വരത്തില്‍   ഒച്ചയിട്ടു  പറഞ്ഞു..  ചിലര്‍   തലയാട്ടി.. മറ്റു ചിലര്‍  മാഷുടെ   മേശപ്പുറത്തിരിക്കുന്ന   ചൂരലിലേക്ക്  പേടിയോടെ  നോക്കി  ഉമിനീരിറക്കി.

"ഉം..  ഓരോരുത്തരായി   കൊണ്ടുവരീന്‍.. നോക്കട്ടെ.  തെറ്റിച്ചോര്‍ക്ക്   ചുട്ട   അടി  കിട്ടും  ട്ടോ. "  

ഭീഷണിയുടെ സ്വരമുയര്‍ത്തി  ഗോവിന്ദന്‍കുട്ടി  മാഷ്‌   ഗൌരവത്തോടെ   കസേരയില്‍  ചെന്നിരുന്നു.  കേട്ടെഴുത്ത്   തന്ന  പത്തു  വാക്കുകളില്‍ അഞ്ചെണ്ണം   ശരിയാക്കിയവരെ   അടിയില്‍   നിന്നും  ഒഴിവാക്കി,  തെറ്റിയ വാക്കുകള്‍   ഇരുപത്തഞ്ചു  തവണ  വീതം  എഴുതാനുള്ള   ശിക്ഷയും വിധിച്ചു. അടുത്ത ഊഴം   'ചിന്ന'യുടെയാണ്.   വക്കുപൊട്ടിയ   സ്ലേറ്റും  മാറോടു  ചേര്‍ത്ത്  വിറയാര്‍ന്ന കാലുകളോടെ ചിന്ന   മാഷുടെ  അരികിലെത്തി. 

ചിന്ന  സ്ഥിരമായി  സ്കൂളില്‍  വരാറില്ല.   ചങ്കരന്‍  ചെറുമന്റെയും   കുറുമ്പചെറുമിയുടെയും  നാലുമക്കളില്‍   മൂത്തവളാണ്  എഴുവയസ്സുകാരി   ചിന്ന. അപ്പനുമമ്മയും കൊത്താനും  കിളക്കാനും  കൊയ്യാനുമൊക്കെ   പോകുമ്പോള്‍  കുട്ടിത്തം   മാറാത്ത   ചിന്ന   കുടുംബസ്ഥയാവും.  തനിക്കിളയ മൂന്നു   സഹോദരങ്ങളെ  നോക്കണം.   അവരടി  കൂടുമ്പോള്‍  ശാസിക്കുകയും ഗുണദോഷിക്കുകയും ചെയ്യും , കഞ്ഞിവെച്ചു  വിളമ്പിക്കൊടുക്കും, ഉണക്കമീന്‍ ചുട്ടുകൊടുക്കും,   അപ്പിയിട്ടാല്‍  വീടിനടുത്തുകൂടി  ഒഴുകുന്ന    തോട്ടിലിറങ്ങി   കഴുകിക്കും.  ഇതിനുപുറമെ   വീട്ടുപണികള്‍,  മുറ്റമടിക്കണം, കഞ്ഞിക്കലവും പിഞ്ഞാണങ്ങളും   തേച്ചുകഴുകണം,  ദൂരേയുള്ള   കിണറ്റില്‍  നിന്ന്   പാളതൊട്ടി കൊണ്ട്   വെള്ളം  കോരി  നിറയ്ക്കണം,   ആടിന്  തീറ്റ   കൊടുക്കണം,  പുഴുങ്ങിയ  നെല്ലു    മുറ്റത്തിട്ട്   ചിക്കിയുണക്കണം.  അങ്ങിനെ   നൂറുകൂട്ടം   പണിയുണ്ട്   ചിന്നക്ക്.  അമ്മ  കുറുമ്പക്ക്  പണിയില്ലാത്ത ദിവസങ്ങളില്‍ അവളും  ഒരു കൊച്ചുകുട്ടിയാവും .  വക്കുപൊട്ടിയ  സ്ലേറ്റും തുണ്ടു പെന്‍സിലും,  ഉച്ചക്കഞ്ഞിക്കുള്ള  ചോറ്റുപാത്രവുമായി   സ്കൂളിലെത്തും.   ഹുക്കിളകിപ്പോയ  പഴകിപ്പിഞ്ഞിയ, പിന്‍ഭാഗം  തുറന്നു മലച്ച  ഉടുപ്പ്‌,  സ്വര്‍ണ്ണ കമ്മലിനു പകരം കാതിലെ  തുള തൂര്‍ന്നു പോവാതിരിക്കാന്‍ അമ്മ  കുറുമ്പചെറുമി ചെറിയ ഈര്‍ക്കില്‍തുണ്ട്ചെത്തിമിനുക്കി തിരുകിക്കയറ്റിയിട്ടുണ്ടാവും,   എണ്ണമയമില്ലാത്ത   അഴുക്കുപുരണ്ട   ചപ്രതലമുടി   ചുരുണ്ടുകൂടിയ   ചുവന്ന   റിബ്ബണ്‍ കൊണ്ട്  കെട്ടിമുറുക്കി  ഇടയില്‍  ഒരു മഞ്ഞ ചെണ്ടുമല്ലിപ്പൂവും   തിരുകിയിട്ടുണ്ടാവും.  അതുകൊണ്ടാവാം   കാഴ്ചക്ക്   വൃത്തിക്കുറവു   തോന്നുമെങ്കിലും  ചിന്നക്ക്   ചെണ്ടുമല്ലിപ്പൂവിന്റെ  ഗന്ധമായിരുന്നു.

ഗോവിന്ദന്കുട്ടിമാഷ്  ചിന്നയുടെ സ്ലേറ്റിലെക്കും  പേടിച്ചരണ്ടുനില്‍ക്കുന്ന   അവളുടെ  മുഖത്തേക്കും    മാറി  മാറി   നോക്കി.  ഒന്നും   എഴുതാത്ത   സ്ലേറ്റു   കണ്ടു  മാഷ്‌   അലറി..

"എന്താ  ഇതിലൊന്നും   എഴുതീട്ടില്ലല്ലോ .. നീയൊക്കെ  പിന്നെന്തിനാ   ഇങ്ങോട്ടെഴുന്നള്ള്ണത്."

"നിയ്ക്ക്    എഴുതാനറീല്ലാ   മാഷേ "   ചിന്ന  വിക്കിക്കൊണ്ട്   പറഞ്ഞൊപ്പിച്ചു.

മാഷ്‌  കസേരയില്‍  നിന്നെഴുന്നേറ്റു.  മേശപ്പുറത്തിരുന്ന   ചൂരല്‍   വടി കൊണ്ട്  ചിന്നയുടെ   ഉടുപ്പ് പൊക്കി  ചന്തിയില്‍    രണ്ടുമൂന്നടി.   അടി  കൊണ്ട് പുളഞ്ഞു  അലറിക്കരയുന്ന   ചിന്നയുടെ   കവിളിലൂടെയും , കുഞ്ഞു കണങ്കാലുകളിലൂടെയും    ചുടുനീരൊലിച്ചിറങ്ങുമ്പോള്‍  അവളുടെ  നഗ്നമായ ചന്തി  കണ്ടു   ക്ലാസ്സില്‍   കൂട്ടച്ചിരിയുയര്‍ന്നു..

"എഴുതാനും   വായിക്കാനുമറിയില്ല..   പിന്നെ  നിനക്കെന്താ    അറിയ്യ്വ ?"   ആറാത്ത  ദേഷ്യത്തോടെ   മാഷ്‌   വീണ്ടും.

"നിയ്ക്ക്  കഞ്ഞി  വെക്കാനറിയ്യ്വാം ,  വെള്ളം  കോരാനും   മുറ്റമടിക്കാനും  മാന്തള്   ചുടാനും   മുള്ളന്‍ വര്‍ക്കാനും  അറിയ്യാം."   തേങ്ങിക്കൊണ്ട്‌    ചിന്ന  പറഞ്ഞൊപ്പിച്ചു.

"ന്നാ   ഒറക്കെ പ്പറ    എങ്ങന്യാ  മുള്ളന്‍  വര്‍ക്ക്വാന്നു.   ഇവരും   കൂടി   കേക്കട്ടെ."  മാഷുടെ   ആജ്ഞ.

ചിന്ന  ക്ലാസ്സിലെ  കുട്ടികളുടെ  മുഖങ്ങളിലേക്ക്  നോക്കി. എല്ലാവരുടെ  മുഖത്തും  പരിഹാസം. തേങ്ങലിനോപ്പം   മുറിഞ്ഞ  വാക്കുകളും  കൈയ്യാംഗ്യവും  കാണിച്ചു    ചിന്ന മുള്ളന്‍   വറുത്തു.

"ആദ്യം   മുള്ളന്‍   അമ്മീല്  വെച്ച്   ചതക്ക്വ. പിന്നെ  കഴുകീട്ടു  ഉള്ളീം  മെളകും   കൂടി    അരച്ചു പെരട്ട്വ.  ന്നിട്ട്    ചീഞ്ചട്ടീല്   എണ്ണ  വീത്തീട്ട്  മീന്‍   അയ്ലിക്കിട്വ. ത്തിരി   കയിഞ്ഞിട്ട്‌     മറിച്ചിട്വ.  ന്നട്ട്     പിന്നേം   ലേശം   എണ്ണ   വീത്ത്വ..   ത്രേള്ളൂ."

വാക്കുകള്‍  കൊണ്ട്   മീന്‍   വറുത്തു  കഴിഞ്ഞപ്പോഴേക്കും   ചിന്നയുടെ   തേങ്ങല്‍  നേര്‍ത്ത്‌ നേര്‍ത്തില്ലാതായി    പകരം   ചുണ്ടില്‍   നനുത്തൊരു  ചിരി പടര്‍ന്നിരുന്നു. നിങ്ങള്‍ക്കറിയാത്തതൊക്കെ  എനിക്കറിയാമെന്ന് അര്‍ത്ഥംവെച്ചുള്ള ചിരി.    പൂത്തിരി കത്തിയപോലെ  നിഷ്ക്കളങ്കമായൊരു   ചിരി.

"ഇനി   മുതല്‍   ഇങ്ങട്   വരണ്ട..  കഞ്ഞീം   വെച്ച്   മുള്ളനും  വറുത്തു   ചാളേല്‍ ഇരുന്നാ  മതി.  എഴുത്തും  വായനേം  പഠിക്കണം  ന്നുള്ളോരു    വന്നാ മതി   ഇങ്ങട്"

ഗോവിന്ദന്‍കുട്ടി മാഷ്‌   അങ്ങനെ  പറഞ്ഞെങ്കിലും  അമ്മ  കുറുമ്പക്കു   പണിയില്ലാത്ത   ദിവസങ്ങളിലും   കര്‍ക്കിടക   വറുതികളിലും   ഉച്ചക്കഞ്ഞിക്കുള്ള    തൂക്കുപാത്രവുമായി,   ചപ്രത്തലമുടിയില്‍   ചെണ്ടുമല്ലിപ്പൂ  തിരുകി  ചിന്ന   പല  തവണ   സ്കൂളിലെത്തി.  ഋതുഭേദങ്ങള്‍ മാറി   മറിയുന്നതോടൊപ്പം   ചിന്നയും  വളര്‍ന്നു.  പിഞ്ഞിക്കീറിയ ഹുക്ക് പൊട്ടിയ  ഉടുപ്പില്‍ നിന്നും ഇറക്കമുള്ള പുള്ളിപ്പാവാടയിലെക്കും,  പിന്നെ ഒറ്റമുണ്ടിലെക്കും  വേഷം മാറ്റി.   കേട്ടെഴുത്ത്   എഴുതാഞ്ഞതിനു  മറ്റു   കുട്ടികളുടെ മുന്നില്‍   വെച്ച്  തന്‍റെ   നഗ്നതയില്‍  ചൂരല്‍ കൊണ്ടടിച്ചു വേദനിപ്പിച്ചതിന്റെയും   അപമാനിച്ചതിന്റെയും  ഖേദം  തീര്‍ക്കാനായിട്ടാവാം,   വയസ്സറിയിച്ചത് മുതല്‍ ചിന്ന  ഒറ്റമുണ്ടിനടിയില്‍   ഒന്നരയുടുത്തു  ശീലിച്ചത്. (നീളമുള്ള  മല്‍മല്‍ മുണ്ട് കൊണ്ട്  തറ്റ് ഉടുക്കുന്നതിനെയാണ്  ഒന്നരയുടുക്കുക  എന്നു  പറഞ്ഞിരുന്നത്. അക്കാലത്ത്  നായര്‍ സ്ത്രീകള്‍ മാത്രമേ അങ്ങിനെ ഉടുത്തിരുന്നുള്ളൂ).

പതിനേഴിന്റെ  പടിവാതില്‍ക്കലെത്തും  മുമ്പേ   ചിന്ന  വേലന്റെ ചെറുമിയായി,  കുടുംബനാഥയായി,  മൂന്നു  കുട്ടികളുടെ   അമ്മയായി,   യൌവ്വനത്തിന്റെ   പാതി   വഴിയില്‍  വെച്ച്    വിഷം  തീണ്ടി ചത്ത വേലന്‍ ചെറുമന്റെ   വിധവയുമായി.

കുനിഞ്ഞുനിന്ന്‌  ഞാറു നടുന്ന  പെണ്ണുങ്ങള്‍ക്കിടയിലും   കതിരണിഞ്ഞ  പാടങ്ങളുടെ  നടവരമ്പിലൂടെ  നെല്‍ക്കറ്റ  ചുമന്നു പോകുന്ന  കൊയ്ത്തുകാരി പെണ്ണാള്കള്‍ക്കിടയിലും     ദൂരെ നിന്നെ ചിന്നയെ  തിരിച്ചറിയുന്നത്‌   മേല്മുണ്ടിന്റെ  അടിയിലൂടെ  കണങ്കാലിനെ  തൊട്ടുരുമ്മിക്കളിക്കുന്ന  ഒന്നരയുടെ    തുമ്പു  കാണുമ്പോഴാണ്.

ചിന്നയുടെ  ഓര്‍മ്മകളുമായി വയലേലകളെ  തഴുകി തലോടിയെത്തുന്ന  പാലക്കാടന്‍  കാറ്റിനു  ചെണ്ടുമല്ലിപ്പൂവിന്റെ   ഗന്ധം.

                                                                     *************

പറയര്‍ക്കും  പുലയര്‍ക്കും   മറ്റു  കീഴ്ജാതിക്കാര്‍ക്കും   അയിത്തം കല്പ്പിച്ചിരുന്നൊരു  കാലഘട്ടത്തെക്കുറിച്ച്  ആഴത്തില്‍  അറിഞ്ഞത്  എം. മുകുന്ദന്റെ  "പുലയപ്പാട്ട് "  എന്ന   നോവല്‍  വായിച്ചപ്പോഴാണ്.   അധ:കൃത വര്‍ഗ്ഗത്തോടുള്ള  അവഗണനയുടെയും    ക്രൂരതയുടെയും  മേലാള മുഖങ്ങള്‍   തുറന്നുകാട്ടിയ  ആ   നോവല്‍  വായിച്ചപ്പോഴാണ്  ചാരം   മൂടിക്കിടന്നിരുന്ന ചിന്നയുടെ  ഓര്‍മ്മകള്‍   തെളിഞ്ഞതും  ഇങ്ങനെയൊരു   കുറിപ്പെഴുതാന്‍   പ്രചോദനമായതും .

ഞാന്‍  ചിന്നയെ  കണ്ടിട്ട്  ഒരുപാട്  വര്‍ഷങ്ങളായി. രണ്ടു മാസങ്ങള്‍ക്ക്  മുമ്പ്  ഈ  ഓര്‍മ്മക്കുറിപ്പ്‌  എന്‍റെ ഫേസ്ബുക്ക്  പേജില്‍  പോസ്റ്റ്‌  ചെയ്യുകയും, എന്‍റെ സഹപാഠിയും  സുഹൃത്തുമായ  ഒരാള്‍  അത് വായിക്കാനിടയാവുകയും അയാള്‍  വഴി  ഈ കുറിപ്പ്  ചിന്നയിലെക്കെത്തുകയും  ചെയ്തു. അവള്‍ക്കുപോലും  അന്യമായ ഓര്‍മ്മകള്‍ ഇപ്പോഴും  ഞാന്‍  സൂക്ഷിച്ചുവെച്ചതറിഞ്ഞു  അന്നവള്‍  ഒരുപാട്  കരഞ്ഞതായി  അറിഞ്ഞു.  ഇക്കഴിഞ്ഞ   അവധിക്കു  നാട്ടില്‍  പോയപ്പോള്‍  ചിന്നയെ  കാണാന്‍   ശ്രമിച്ചു.  രോഗം ബാധിച്ചു   ആശുപത്രിയിലായതിനാല്‍  കാണാന്‍  കഴിഞ്ഞില്ല  എങ്കിലും  ഫോണിലൂടെ  ഞങ്ങള്‍  കുറെയേറെ   നേരം  സംസാരിച്ചു.

അക്ഷരങ്ങളിലൂടെ  കുറിച്ചിടുന്ന  കഥാപാത്രങ്ങള്‍ നമ്മളെ തേടിവരുമ്പോള്‍ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്.  അത്തരം ഒരനുഭവമാണ് ഈ ഓര്‍മ്മക്കുറിപ്പിലൂടെ ഞാന്‍  അനുഭവിച്ചത്.  


11 comments:

  1. വല്ലാത്തൊരു വൈവശ്യത്തോടെ വായിച്ചു തീർത്തു.കണ്ണു നിറഞ്ഞത്‌ പോലെ.

    പരിഹാസം ഏറ്റുവാങ്ങാൻ മാത്രം കുറേ മനുഷ്യർ ജീവിച്ചിരുന്നതിനെ ഓർമ്മിപ്പിച്ചു.

    ReplyDelete
    Replies
    1. സുധീ.. നല്ല വായനക്ക് നന്ദി ട്ടോ..

      Delete
    2. ഹൃദയസ്പര്‍ശിയായി ഈ എഴുത്ത്!
      ഇന്ന് സാംസ്ക്കാരികമായും,സാമ്പത്തികമായും അന്നത്തേതിനേക്കാള്‍ എത്രയോ ഉയര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു നമ്മള്‍!!
      നവോത്ഥാനനായകന്മാര്‍ക്ക് പ്രണാമം!
      പ്രതിപാദ്യവിഷയം അനുവാചകന്‍റെ ഉള്ളിലേക്ക് തുളഞ്ഞുകയറാന്‍ കെല്‍പ്പുള്ള എഴുത്തിന് അഭിനന്ദനങ്ങള്‍....

      Delete
    3. ശരിയാണ് സര്‍. കീഴാളന്മാരെ അവജ്ഞയോടെ മാത്രം വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നവര്‍ക്കും സമൂഹത്തില്‍ ഒരു സ്ഥാനമുണ്ട്. ശ്രീ മുകുന്ദന്റെ "പുലയപ്പാട്ട്" എന്നെ ഒരുപാട് സ്വാധീനിച്ചു. തീര്‍ച്ചയായും വണങ്ങേണ്ടത് നവോത്ഥാനനായകന്മാരെ തന്നെയാണ്.

      വീണ്ടും വീണ്ടും നന്ദി പറയുന്നു. അനുഗ്രഹമായ് എന്നിലേക്ക്‌ വര്‍ഷിക്കുന്ന ഈ നല്ല വാക്കുകള്‍ക്കു മുമ്പില്‍ നമിക്കുന്നു.

      Delete
  2. ചിന്നയുടെ കഥ മനോഹരമായി. ആ മീശക്കാരൻ മാഷിനോട് വലിയ ദ്വേഷ്യവും തോന്നി. നല്ല എഴുത്ത് എഴുത്ത്.

    ReplyDelete
    Replies
    1. വളരെ സന്തോഷം വന്നതിലും വായനക്കും.. നന്ദി..

      Delete
  3. എഫ് ബിയില്‍ വായിച്ചിരുന്നു . ഈ കുറിപ്പ് അന്വര്‍ത്തമാക്കുന്നത് , തീര്‍ച്ചയായും ചിന്നയെ കുറിച്ച് എഴുതുകയും പിന്നീട് അവരുമായി സംസാരിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ഇടവരികയും ചെയ്തു എന്നതിലാണ് , ചിന്ന എത്രയും പെട്ടന്നു സുഖം പ്രാപിക്കട്ടെ ,,പ്രാര്‍ത്ഥനയോടെ

    ReplyDelete
    Replies
    1. തിരക്കുകള്‍ക്കിടയിലും ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി ഫൈസല്‍ ബായ്..

      Delete
  4. ഒരു കാലഘട്ടത്തെ മനസ്സിലേക്ക് കൊണ്ടുവന്നു.

    അടിക്കുറിപ്പ് കൂടി വായിച്ചപ്പോള്‍ എഴുത്ത് പലപ്പോഴും രചയിതാവിന്‌ വിലമതിക്കാനാകാത്ത അനുഭവങ്ങള്‍ എത്തിച്ചുതരുന്നുവല്ലോ എന്ന് വിസ്മയം തോന്നി.

    ReplyDelete
    Replies
    1. ആഴത്തിലുള്ള വായനക്കും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി ഉസ്മാന്‍ ജീ..

      Delete
  5. “ചെണ്ടുമല്ലിപ്പൂവിന്റെ മണമുള്ള ചിന്ന” അത് മനസ്സിൽ ഒരു തേങ്ങലുയർത്തി. അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിലല്ലാത്തവരുടെ ഇടയിലും കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന കുടുംബത്തിലെ കുട്ടികളുടെയും സ്ഥിതി ഇത് തന്നെയായിരുന്നു, എന്റെ അനുഭവത്തിൽനിന്നു പറയുകയാണ്. ചിന്ന എന്ന കഥാപാത്രത്തെ പത്മ മെനഞ്ഞെടുത്തതല്ല എന്നു കൂടി വായിച്ഛപ്പോൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ചിന്നയുടെ ദയനീയത. കവി എ. അയ്യപ്പൻ അയളുടെ കുട്ടികവിതകളിൽ ഒന്നിൽ എഴുതിയിരുന്നു, അടിയിൽ ഒന്നുമിടാതെ അച്ഛന്റെ ഷർട്ട് മാത്രം ഇട്ട് ആദ്യമായി സ്കൂളിൽ പോയതിനെപ്പറ്റി. അത് ശരിക്കും ഉണ്ടായതുതന്നെയാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.നന്നായി എഴുതി പത്മ. അഭിനന്ദനങ്ങൾ. പത്മ ഒരു കവിത എഴുതുവാൻ ശ്രമം നടത്തിനോക്കൂ. വിജയിക്കും. തീർച്ഛ.

    ReplyDelete