Tuesday 15 September 2015

** വിസ്ഡം ടീത്ത് അഥവാ വിവര പല്ല്.**




അഞ്ചെട്ടു മാസം  മുമ്പായിരുന്നു  കലശലായ പല്ലു വേദന  വന്നത്.. അന്ന് എന്റേതായ  ചില  വീട്ടു വൈദ്യങ്ങള്‍ പരീക്ഷിച്ചു   ഏല്‍ക്കാതെ  വന്നപ്പോള്‍  ദന്ത ഡോക്ടറെ  കാണാന്‍ ചെന്നതും , ഈ  മധ്യവയസ്സാം  കാലത്ത്  വിവരം  വെച്ച് തുടങ്ങിയപ്പോ മുളച്ചു പൊന്തിയ വിസ്ഡം ടൂത്ത്  ആണതെന്നും  ഉള്ള  കാര്യങ്ങളൊക്കെ  ഞാന്‍  നിങ്ങളോട്  വിശദീകരിചിരുന്നല്ലോ..  എന്‍റെയൊരു  സുഹൃത്തിന്‍റെ മകള്‍  പല്ല്  ഡോക്ടര്‍  ആവാനുള്ള  പഠിത്തത്തില്‍ ആണ്.  മോള്  പഠിച്ചിറങ്ങുമ്പോള്‍  പരീക്ഷണങ്ങള്‍ക്കായി  എന്‍റെയീ  വണ്‍ & ഓണ്‍ലി   വിസ്ഡം  പല്ല്  സംഭാവന  ചെയ്യാമെന്ന്  സമ്മതപത്രം ഒപ്പിട്ടു  കൊടുത്തിട്ടുമുണ്ട്.   അതൊക്കെ  അവിടെ ഇരിക്കട്ടെ..  പറയാന്‍ വന്നത്  അതൊന്നുമല്ല.


അന്നുണ്ടായ  പല്ലുവേദന  മരുന്നൊക്കെ  കഴിച്ചു  സുഖപ്പെടുത്തിയതായിരുന്നു.  ഓഫീസിലെ  റിസപ്ഷനിസ്റ്റിനു  എന്‍റെ  പല്ലുകളില്‍  ഒരു കണ്ണുണ്ടായിരുന്നു. എപ്പോഴും  എന്‍റെ  പല്ലിനെ  കുറിച്ച്  വര്‍ണ്ണിക്കും. അവളുടെ കണ്ണു  പറ്റിയതാണെന്ന്  ശക്തമായ  സംശയം.. മൂന്നാല്  ദിവസം  കൊണ്ട്  സഹിക്കാന്‍  വയ്യാത്ത  പല്ലുവേദന.  ന്‍റെ  വേദന  കണ്ടിരിക്കാന്‍  ത്രാണിയില്ലാതെ   നായരേട്ടന്‍  നിര്‍ബന്ധിച്ചു  ഇന്നലെ  ഡോക്ടറുടെ  അടുക്കല്‍  കൊണ്ടുപോയി.  പരിശോധന  കഴിഞ്ഞപ്പോള്‍  ഡോക്ടര്‍  പറഞ്ഞു.

"ഈ പല്ലിനെ ഇനി തീറ്റിപ്പോറ്റുന്നതില്‍ അര്‍ത്ഥമില്ല. വിസ്ഡം  പല്ലാണെങ്കിലും  വളഞ്ഞ  വഴിക്കാണതിന്‍റെ  പോക്ക്.  മറ്റു  പല്ലുകളോട്  സഹകരിക്കാതെ  നിരയില്‍  നിന്ന്  മാറിയാണു  അത്  പൊന്തി  വരുന്നത്.. ഇത്  പറിച്ചു  കളഞ്ഞേ  പറ്റൂ." 

ഞാനും  നായരദ്യേഹവും     മുഖത്തോട്  മുഖം  നോക്കി..  വിസ്ഡം  പല്ല്  വന്നതിന്‍റെ  പേരില്‍  ഞാന്‍  കുറെ  അഹങ്കരിച്ചിരുന്നു..  "ഇപ്പെന്തായീ"   എന്നായിരുന്നു   അദ്യെത്തിന്‍റെ   നോട്ടത്തിന്‍റെ   അര്‍ത്ഥം.

ഡോകടര്‍  തുടര്‍ന്നു.
"സാധാരണ  പല്ലു  പറിക്കുന്നത്‌  പോലെ  ഈസിയല്ല.  ഇതിത്തിരി  കൊമ്പ്ലിക്കെറ്റഡ്   പല്ലാണ്.. പറിച്ചു  കഴിഞ്ഞാല്‍  സ്റ്റിച്ച്  ഇടേണ്ടി  വരും.. നാലഞ്ചു  ദിവസം  ഫുള്‍ റെസ്റ്റ്  എടുക്കണം..  കട്ടിയുള്ള  ഭക്ഷണമൊന്നും  ചവച്ചു  തിന്നാന്‍ പാടില്ല.. വായിലും മുഖത്തുമൊക്കെ   നീര്  വരും.. സംസാരിക്കാന്‍ കഴിയില്ല .   സമ്മതമാണെങ്കില്‍ നിങ്ങളുടെ സൗകര്യം പോലെ  അപ്പോയിന്റ്മെന്റ്  എടുത്തിട്ടു   വന്നോളൂ.തല്‍ക്കാലം   വേദന  കുറയാന്‍  ഈ  മരുന്ന്  കഴിച്ചാല്‍  മതി.  വെച്ചു  താമസിപ്പിക്കാതെ  എത്രയും  പെട്ടെന്ന്   ആ പല്ലു  പറിക്കണം  എന്നാണു  എന്റെ  അഭിപ്രായം. "

ഫീസും  കൊടുത്തു ഡോക്ടറുടെ  കുറിപ്പടിയും  വാങ്ങി  കണ്‍സള്‍ട്ടിംഗ് റൂമില്‍  നിന്ന്  പുറത്തു  കടന്നു.   വെയിറ്റിംഗ്  റൂമില്‍  പല്ലു  പ്രശ്നവുമായി  വന്ന  നാലഞ്ചു  പേര്‍  ഇരിക്കുന്നുണ്ട്‌.  സോഫയുടെ  അറ്റത്ത്  ഞങ്ങളും  ഇരുന്നു.

"ന്നിട്ടെന്താ  നിന്‍റെ  തീരുമാനം.. ? ഇപ്പൊ  തന്നെ  അപ്പോയിന്റ്മെന്റ്   എടുത്തിട്ട്  പോയാലോ?"    നായരദ്യെത്തിനു  വല്ലാത്ത ധൃതി.

" ങ്ങളൊന്നു  സമാധാനപ്പെട്.  പല്ല്  വേദന  നിയ്ക്കല്ലേ  ങ്ങക്കല്ലല്ലോ .   എനിക്ക് ഓഫീസില്‍  ലീവ്  പറയാതെ  പറ്റില്ല. നാളെ  പോയി ലീവ് പറഞ്ഞിട്ട്  തീരുമാനിക്കാം."      ഞങ്ങള്‍  പോകാനായി എഴുന്നേറ്റു .  വെയിറ്റിംഗ് റൂമിന്‍റെ  ഓരത്ത്  ഒതുങ്ങിക്കൂടി  നില്‍ക്കുന്ന  ക്ലിനിക്  ക്ലീന്‍  ചെയ്യാന്‍  വരുന്ന  പയ്യനോട്  രണ്ടു ഗ്ലാസ്  വെള്ളം  കൊണ്ടുവരാന്‍  പറഞ്ഞു.  തണുത്ത  വെള്ളം  കുടിച്ചപ്പോള്‍  പല്ലുവേദനക്ക് അല്പം  ആശ്വാസം  തോന്നി.  ഗ്ലാസ്‌   തിരിച്ചു  കൊടുക്കുന്നതിനോപ്പം പോക്കറ്റില്‍  നിന്നും  അമ്പത് രൂപയുടെ  നോട്ടെടുത്ത്   നായരദ്യേം  ആ  ചെക്കന്  കൊടുത്തു.   അതെന്തിനാണെന്ന്  എനിക്കൊരു  പിടീം  കിട്ടീല്ല്യ .   ഒരു ഗ്ലാസ്‌  വെള്ളം  എടുത്തു  തന്നതിന്  അമ്പത്  രൂപ  ടിപ്പോ? പത്തിരുപത്തഞ്ചു  കൊല്ലമായി  ഇദ്ദ്യെഹത്തെ  വെള്ളം  കുടിപ്പിക്കുന്ന  എനിക്ക് അഞ്ചു രൂപ  പോലും  ആയിനത്തില്‍   ഇതുവരെ തന്നിട്ടില്ല.   ഇദ്യേം  എപ്പഴാ   അംബാനിയായത്?  പുറത്തിറങ്ങിയ  ഉടനെ  ഞാന്‍  ചോദിച്ചു.

"അതേയ്.. നിങ്ങളെന്തിനാ  ആ  ചെക്കന് അമ്പതുര്‍പ്യ  കൊടുത്തത്? കുടിക്കാനൊരുഗ്ലാസ്‌ വെള്ളമെടുത്തു  തന്നതിനോ?  അതൊക്കെ  അവരുടെ  ജോലിയല്ലേ "

"അതെന്‍റെയൊരു  സന്തോഷത്തിന്".

"ങ്ങാഹാ..  ഞാന്‍  പല്ലുവേദന  സഹിക്കാഞ്ഞു  പൊരിയുമ്പോഴാണോ നിങ്ങക്ക്  സന്തോഷം ല്ലേ...  ത്രേം  ദുഷ്ടത്തരം  മനസ്സില്‍  വെച്ചോണ്ട്  ന്നേം  കൊണ്ട്  ആസ്പത്രിയില്‍   വരണ്ടായിരുന്നു. "

ഓട്ടോക്ക്   വേണ്ടി   കാത്തു നിക്കുന്നതിനിടയില്‍   നായരദ്യേം  പറഞ്ഞു.

"ഡോകടര്  പറഞ്ഞത്  നീയും  കേട്ടതല്ലേ..  പല്ലു  പറിച്ചു  കഴിഞ്ഞാല്‍   നാലഞ്ചു  ദിവസം  റെസ്റ്റ്  എടുക്കണമെന്നും  അത്രേം  ദിവസം  സംസാരിക്കാന്‍ കൂടി  പാടില്ലെന്നും .   നാലഞ്ചു  ദിവസം  ചെവിതല കേട്ട്  ഇത്തിരി സമാധാനത്തോടെ  ജീവിക്കാല്ലോന്നു  വിചാരിച്ച്  സന്തോഷിച്ചു പോയെന്റെ  ഭാര്യെ."

നായരദ്യെത്തിന്‍റെ  മറുപടി  കേട്ട  നിമിഷം,  ആറ്റു നോറ്റു  വയസ്സാം  കാലത്തുണ്ടായ  എന്‍റെ   വിസ്ഡം പല്ലിനെ  വെറുത്തു.  ഈ  ആഴ്ചയില്‍  തന്നെ  അതിനെ  ഞാനെന്റെ  ജീവിതത്തില്‍  നിന്ന്  വേരോടെ പിഴുതെറിയും. ഇപ്പോഴുള്ള   വിവരം  തന്നെ  ധാരാളം.  ഇനി  വിസ്ഡം  പല്ല് ഉണ്ടാക്കി  തരുന്ന  വിവരമൊന്നും  വേണ്ട  ...  അല്ല   പിന്നെ.. 


13 comments:

  1. Pulli ithu thirichariyaan othiri kaalam eduthu. Njangalkkokke ithu pande manassilaayatha

    ReplyDelete
  2. ഈ നർമ്മലേഖനത്തിനും പത്തിൽ പത്ത് മാർക്കും തരുന്നു. നായരദ്ദേഹം താൻ എഴുതിയതു വായിച്ചു മനസ്സിലാക്കിയതുപോലൊന്നുമല്ല, അൽ‌പ്പം വെവരമുള്ള കൂട്ടത്തിലാണെന്ന് ഇപ്പോൾ മനസ്സിലായി. അങ്ങേര് കുറച്ഛ് സഹിച്ഛ് കാണും അല്ലെങ്കിൽ അ സമയത്ത്, അതും വേദനകൊണ്ട് പുളയുന്ന സഹധർമ്മിണിയോട് അങ്ങിനെ പറയാൻ തോന്ന്വോ? ഇനി വിസ്ഡം പല്ല്കൂടിവന്നാലുണ്ടാകുന്ന വിസ്ഡം ഓർത്ത് അങ്ങിനെ അങ്ങേര് പറഞ്ഞുപോയതായിരുക്കും, സ്നേഹക്കുറവൊന്നുമുണ്ടാകില്ല. ഇപ്പോ എന്താ പല്ലിന്റെ അവസ്ഥ, അവിടെ കിടക്കട്ടെന്ന്, കുറച്ഛ് കൂടി കഴിയുംബോൾ അത്കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകും. നല്ലവണ്ണം എഴുതി. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. ഹ ഹ . സേനഹക്കുറവൊന്നുമില്ല. പിന്നെ ഇതൊക്കെ ഒരു തമാശക്ക് തട്ടി വിടുന്നതാ. പല്ലുവേദന സത്യം തന്നെയാണ് ട്ടോ. കുറച്ചുകാലായിട്ട് വിസ്ഡം പല്ല് ശല്യപ്പെടുത്തുന്നു. ഉടനെ ഒരു തീരുമാനമുണ്ടാകും

      Delete
  3. ഒരുപ്രശ്നോല്ല്യാ! ന്‍റെ പല്ലെല്ലാം എട്ത്ത് പ്പോ മുഴ് വേന്‍ വെപ്പ് പല്ലാ!!
    ആശംസകള്‍

    ReplyDelete
    Replies
    1. ഹ-ഹ സന്തോഷം സർ. വായനക്ക് നന്ദി

      Delete
  4. Replies
    1. ഹിഹിഹി.. അതന്നേ കുഞ്ഞുറുമ്പേ

      Delete
  5. ഹഹഹ് ഇങ്ങക്ക് അങ്ങിനെ തന്നെ വേണം ട്ടാ .. സന്തോഷായി

    ReplyDelete
  6. ഹാ ഹാ ഹാാ.എന്നിട്ടെന്തായി?!?!?!?!?!!

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. പപ്പെച്ച്യെ ....അതുകലക്കി .നായരേട്ടൻ 50 രൂപ പയ്യന് കൊടുക്കാൻ കണ്ടനേരം മനുഷ്യൻ ഇവിടെ അണപ്പല്ല് വേദനിച്ചു കിടന്നു പിടയുമ്പോൾ ...ഹുഹഹ ..
    പിന്നെ ഇനി ഞാനും ഉണ്ടുട്ടോ ഇവിടെ വായനയ്ക്ക് ..ഇന്ന് മുതൽ ..

    ReplyDelete