Tuesday, 1 October 2013

വൃദ്ധദിനം...!! ചില ഓര്‍മ്മകളിലൂടെ......അത്യാവശ്യം പിശുക്ക് കാണിക്കുന്ന, പെണ്മക്കളോട് പ്രത്യേക വാത്സല്യം ഉള്ള, സ്നേഹനിധിയായ അച്ഛന്‍..,. ഈ ഭൂമിയില്‍ നിന്ന് വിട പറഞ്ഞിട്ട് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു.. ഇന്നും മനസ്സിലൊരു വിങ്ങലായി, ചുമരില്‍ തൂക്കിയിട്ട ഫോട്ടോയിലൂടെ എന്നെ നോക്കി ചിരിക്കുന്നു.. എന്‍റെ വീടിനും എനിക്കും കാവലായിരിക്കുന്നു. അച്ഛന്‍ എന്നും കൂടെ ഉള്ളത് പോലൊരു തോന്നല്‍ മനസ്സിന് നല്ല ധൈര്യം പകരുന്നു.. 

പുലര്‍കാലത്ത് തന്നെ എണീറ്റ്‌ കുളിച്ചു വൃത്തിയായി, കിലോ മീറ്ററുകള്‍ കാല്‍നടയായി വന്നു രണ്ടു രൂപ വീതം മകന്‍റെ മക്കള്‍ക്ക്‌ കൈനീട്ടം തന്നു തിരിച്ചു പോയിരുന്ന, എന്തൊക്കെ ഉണ്ടെങ്കിലും ഇല്ല്യാപ്പാട്ട് പാടിയാല്‍ മാത്രം മനസുഖം അനുഭവിക്കുന്ന ഗോപാല മുത്തശ്ശന്‍..

കുട്ടിക്കാലത്ത് തന്നെ ശരീര വൈകല്യം ബാധിച്ചു, ജീവിതകാലം മുഴുവന്‍ അടുക്കളയില്‍ പുകയൂതി, സഹോദരങ്ങള്‍ക്ക് വേണ്ടി സ്വയം പുകഞ്ഞു തീര്‍ന്ന, പൂരത്തിന് വാങ്ങിയ അലുവയില്‍ നിന്ന് തന്‍റെ പങ്കു എടുത്തു വെച്ച് മാസങ്ങള്‍ക്ക് ശേഷവും ആരും കാണാതെ ആങ്ങളയുടെ മക്കള്‍ വരുമ്പോള്‍ കൊടുക്കുന്ന അച്ഛന്‍ പെങ്ങള്‍ ഉണ്ണ്യമ്മ ..

മനസ്സില്‍ പോലും വിചാരിക്കാത്തതും, പറയാത്ത കാര്യങ്ങളും വളച്ചൊടിച്ചു കുഴച്ചു കുഴമ്പ് പരുവത്തിലാക്കി ഏഷണി മേമ്പൊടി ചേര്‍ത്ത് കുടുംബാംഗങ്ങള്‍ക്കിടയില്‍ നായക്കുരണ പൊടി വിതറിയ അനുഭവം ഉണ്ടാക്കിയെടുക്കുന്ന, എന്നാല്‍ എല്ലാവരോടും ദയാ ദാക്ഷിണ്യം ഉള്ള അമ്മമ്മ ..

മുഖസ്തുതി പറഞ്ഞു സുഖിപ്പിക്കാന്‍ അസാധാരണ വൈഭവം ഉള്ള, ഒരു ചമ്മന്തി അരച്ചാലും അതിലും കൈപ്പുണ്യം നിറഞ്ഞു തുളുമ്പുന്ന, എന്നെ കൊണ്ട് സകലമാന പാത്രങ്ങളിലും ചെമ്പുകളിലും വെള്ളം കോരി നിറപ്പിച്ചിരുന്ന, ചുവന്ന സിന്ദൂരം കൊണ്ട് നെറ്റിയിലും സീമന്ത രേഖയിലും പൊട്ടു തൊട്ടിരുന്ന, മരണം വരെ മൈസൂര്‍ സാണ്ടല്‍ സോപ്പ് മാത്രം കുളിക്കാന്‍ ഉപയോഗിച്ചിരുന്ന, തറവാട്ടിലെ ചെറിയമ്മ (അമ്മമ്മയുടെ അനിയത്തി)..

ഞാന്നു തൂങ്ങിയ അമ്മിഞ്ഞയുടെ സ്പര്‍ശനവും തലയില്‍ പേന്‍ ഞെരടിക്കൊണ്ട് കുന്തിയുടെയും ഗാന്ധാരിയുടെയും വിക്രമാദിത്യന്റെയും കഥകള്‍ പറഞ്ഞു തന്നിരുന്ന, വയസ്സായ കാലത്ത് കണ്ണ് കാണാതിരുന്നിട്ടും മുറ്റത്തെ മുത്തങ്ങ പുല്ലു പറിച്ചു വൃത്തിയാക്കിയിരുന്ന, പാഞ്ചാലി മുത്തശ്ശി..

പ്രായമായപ്പോള്‍ സ്വയ ബുദ്ധി ഇല്ലാതിരുന്നിട്ടും കഴുത്തിലനിഞ്ഞിരുന്ന സ്വര്‍ണ്ണ മണിമാല മക്കള്‍ക്കാര്‍ക്കും കൊടുക്കില്ല.. നിനക്ക് വേണമെങ്കില്‍ തരാമെന്നു പറഞ്ഞ അയല്വക്കത്തെ രുക്കു വല്യമ്മ..

ഇതുപോലെ ഒരു പാട് ബന്ധങ്ങള്‍.. ,.. മണ്മറഞ്ഞു പോയ ഇവരുടെയൊക്കെ സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഏതൊരു ആപത്ഘട്ടത്തിലും എനിക്ക് തുണയായി ഇവരുടെയൊക്കെ അനുഗ്രഹം എനിക്കുണ്ടായിട്ടുണ്ട്.. ഇന്നത്തെ ദിവസം .. ഈ വയോജന ദിനത്തില്‍ നിങ്ങള്‍ക്ക് ഇവരെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷിക്കുന്നു..

വയസ്സായവരെ ബഹുമാനിക്കുക.. സ്നേഹിക്കുക.. അവരുടെ സ്നേഹം നിറഞ്ഞ ഒരു വാക്ക് മതി നമ്മുടെയൊക്കെ ജീവിതം സഫലമാവാന്‍.. ,.. മറിച്ചായാല്‍ ജീവിച്ചിരിക്കെ തന്നെ നാമൊക്കെ ഗതി കിട്ടാ പ്രേതങ്ങളായി അലയേണ്ടി വരും.. തീര്‍ച്ച..


1 comment:

  1. ഇപ്പോഴും ഗതി കിട്ടാ പ്രേതങ്ങളായി അലയുകയാണല്ലോ.

    ReplyDelete