Tuesday, 1 October 2013

ഓണക്കാലം... ഓര്‍മ്മകളിലൂടെ
ഓണക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍  കുട്ടിക്കാലമാണ്  ഓര്‍മ്മയില്‍ തെളിയുക. കൂട്ടുകാരോടൊത്ത് പൂക്കള്‍ പറിക്കാന്‍ പോയതും ചാണകം കൊണ്ട് വട്ടത്തില്‍  കളം ഇട്ടു, തുമ്പയും തെച്ചിയും കാക്കപ്പൂവും ചെമ്പരത്തിയും നിത്യകല്യാണിയും അരളിയും ഇടകലര്‍ത്തി  വര്‍ണ്ണശബളമായ പൂക്കളം.. പുത്തനുടുപ്പും  പുത്തരിയും.. ഓര്‍മ്മകള്‍ ആയി മാറി എങ്കിലും  ഓര്‍മ്മകല്‍ക്കെന്തു  സുഗന്ധം..

ഓണക്കാലത്തെ മറ്റൊരു പ്രത്യേകത വിളവെടുപ്പ് കാലം കൂടി ആണ് എന്നത് തന്നെ.. മലയാള സംസ്കാരത്തിന്‍റെ ഭാഗമായ കൊയ്ത്തും മെതിയും, നിറ പുത്തരിയും..
എന്‍റെ കുട്ടിക്കാലത്ത് ഒട്ടു മിക്ക നായന്മാര്‍ക്കും നെല്‍ കൃഷി ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. അന്നത്തെ പ്രധാന വരുമാന മാര്‍ഗ്ഗം ആയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടത്തു നിന്നും  വര്‍ക്കത്തുള്ള  ഒരു പണിക്കാരി  നിറവള്ളി  ചുറ്റിക്കെട്ടിയ ആദ്യത്തെ കറ്റയുമായി പടി കടന്നു വരുമ്പോള്‍ ഉമ്മറ കോലായില്‍ നിലവിളക്ക് കൊളുത്തി വെക്കും. പിന്നെ ഒന്നിന് പുറകെ ഒന്നായി വരുന്ന നെല്‍കറ്റകള്‍. ,. അവസാനത്തെ  കറ്റയും മുറ്റത്ത്‌ എത്തിക്കഴിഞ്ഞാല്‍ പിന്നെ മെതി  തുടങ്ങി. ഓരോ ചുരുട്ടും കല്ലില്‍ തല്ലി തങ്ക നിറമുള്ള നെന്മണികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍  കല്ലിനോ നെല്ലിനോ വേദനിക്കാറില്ല.  തല്ലി ഉതിര്‍ത്ത നെന്മണികള്‍ കളമുറം കൊണ്ട് കോരി തലയ്ക്കു മുകളില്‍ വരെ ഉയര്‍ത്തി പിടിച്ചു  കാറ്റിന്റെ ഗതിക്കനുസരിച്ച് കുടഞ്ഞു കുടഞ്ഞു നെല്ലും പതിരും വേര്‍തിരിക്കുന്നു. മുറ്റത്ത്‌ നെല്ക്കൂനകള്‍ പെരുകുമ്പോള്‍  നിറയുന്നത് കൃഷി ഉടമയുടെയും തൊഴിലാളികളുടെയും മനസ്സുകളാണ്..

ഒടുവില്‍ പൊലി അളക്കാനുള്ള സമയം ആയി.  ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു പൊലി അളക്കാന്‍ കൂട്ടത്തില്‍ മിടുക്കന്‍ ചെമ്പന്‍ ചെറുമന്‍  തന്നെ.. തങ്കയും യശോദയും ജാനുവും വള്ളിയും ഒക്കെ മാറി മാറി കളമുറം കൊണ്ട്  പറയിലേക്ക് കോരി നിറക്കുന്ന നെല്ല് കുത്തിയമര്‍ത്തി പൊലി അളക്കാന്‍ തുടങ്ങും..

പൊലിയേഏഏഏഏഏഏഏ ഒന്ന്...   പൊലിയേ  ഒന്ന്.
പൊലിയേഏഏഏഏഏഏഏ രണ്ട് ...   പൊലിയേ  രണ്ട്

പത്താമത്തെ പറക്കും  തുടര്‍ന്നുള്ള എല്ലാ പത്തുകളുടെ പൊലിക്കും  പൊലിയേ  വലിയാ പൊലി  എന്ന് പറഞ്ഞു അളക്കും.  ഇത്രയും ഉറക്കെ പൊലി അളക്കുന്നത്  വിളവു തന്ന ഭൂമി ദേവി കേട്ട് സംതൃപ്തി അടയാന്‍ വേണ്ടിയാണെന്ന്  വിശ്വാസം.

അധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിരുന്നു കൃഷിയും വിളവെടുപ്പും  ഒക്കെ.. കൃഷിയുടമയുടെ പത്തായം മാത്രമല്ല മണ്ണില്‍ പണിയെടുത്ത പണിയാളന്മാരുടെയും  അറയും മനസ്സും നിറയുന്ന കാലം..

ആ കാലമൊക്കെ പൊയ്പ്പോയി. കാറ്റ് തിരിഞ്ഞു വീശാന്‍ തുടങ്ങി.. ആര്‍ക്കാണ് എവിടെയാണ് ചുവടുകള്‍ പിഴച്ചത്?  പുളിയിലക്കര മുണ്ടും നേര്യതും ഉടുത്ത്, കാശുമാലയും  കഴുത്തിലണിഞ്ഞു, ശീലക്കുടയും ചൂടി, പാട വരമ്പത്ത്  പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന നായമ്മാരമ്മമാരെയും, കുടവയറിനു മുകളില്‍  മടക്കി കുത്തിയ അലക്കി വെളുപ്പിച്ച മല്‍മല്‍ മുണ്ടും തോളില്‍ ചുട്ടി തോര്‍ത്തും ഇട്ടു മുറുക്കി ചുവപ്പിച്ചു നില്‍ക്കുന്ന നായര് കാരണവരെയും  ഇന്ന് കാണുന്നില്ല.

പാട്ടു പാടിയും  പാഴ്യാരം പറഞ്ഞും,  തലേന്ന് രാത്രി കെട്ട്യോന്‍ കള്ളും കുടിച്ചു വന്നു പൊതിരെ തല്ലി  അവസാനം കള്ളിന്റെ കേട്ട് വിട്ടപ്പോള്‍  മടിക്കുത്തില്‍ തിരുക പരിപ്പുവട " ഇന്നാടീ ജാന്വോ.. നെനക്ക് വേണ്ടി ഷാപ്പീന്നു  വാങ്ങ്യതാ" ന്നു പറഞ്ഞു തീറ്റിച്ച കഥകളും  പങ്കു വെച്ച് പാടത്ത് പണിയെടുത്തിരുന്ന  നാണിയും യശോദയും  തങ്കയും ചെമ്പനും  ഒക്കെ ഓര്‍മ്മകള്‍ ആയിരിക്കുന്നു.  അവരുടെയൊക്കെ പാദസ്പര്‍ശമേറ്റ്  പുളകിതമായ  പാടശേഖരങ്ങളില്‍ പലതും  ഒരു വാശി തീര്‍ക്കാനെന്നത് പോലെ  അവരുടെ പിന്‍തലമുറക്കാര്‍ വില കൊടുത്തു സ്വന്തമാക്കി കഴിഞ്ഞു.

എടുത്താലും കൊടുത്താലും തീരാത്തത്ര നെല്ലുണ്ടായിരുന്ന  നായര്‍ തറവാടുകളിലെ  പത്തായങ്ങള്‍  ഇപ്പോള്‍ നെല്ലൊഴിഞ്ഞ   വെറും എലിപ്പത്തായങ്ങള്‍  ആയി മാറിക്കഴിഞ്ഞു.  മുറ്റം നിറയെ വൈക്കോല്‍കൂനകള്‍ നിന്നിരുന്ന സ്ഥാനത്തിപ്പോള്‍ മുത്തങ്ങ പുല്ലു പടര്‍ന്നിരിക്കുന്നു.   ആഡ്യത്ത്വത്തിന്‍റെ  അടയാളമായി  പൂമുഖ കോലായിലും നടുത്തളങ്ങളിലും  തൂക്കിയിട്ടിരുന്ന കതിര്‍ക്കുലകളുടെ  സ്ഥാനം  വില കുറഞ്ഞ അലങ്കാര വിളക്കുകള്‍  കൈയ്യടക്കി.

തീര്‍ന്നില്ല.. പത്തു കൂട്ടം കറികളും പായസവും കൂട്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍  ഇരുന്നു  പുത്തരി ഉണ്ണേണ്ട  നായര്‍ തറവാടുകളിലെ പിന്‍ തലമുറക്കാര്‍ ചുരുട്ടി പിടിച്ച ബി.പി. എല്‍.   റേഷന്‍ കാര്‍ഡുമായി,    സര്‍ക്കാര്‍ അനുവദിച്ച  തങ്ങളുടെ അരി വിഹിതവും വഹിച്ചുകൊണ്ടുള്ള പാണ്ടി ലോറിയുടെ ഇരമ്പലിനായി കാതോര്‍ത്തു റേഷന്‍ പീടിക വരാന്തയില്‍ കുത്തിയിരിക്കുന്നു.

സുകൃതക്ഷയമാണോ, അഭ്യസ്തവിദ്യരാണെന്നുള്ള അഹങ്കാരമോ, മണ്ണില്‍ പണിഎടുക്കുന്നത്  അന്തസ്സിനു നിരക്കാത്തതാണെന്ന് എന്നുള്ള ദുര്‍ചിന്തകളോ  എന്താണീ അവസ്ഥക്ക് കാരണം.. ആവോ.. അറിയില്ല..

കാരണം എന്തു തന്നെ ആയാലും  ഒരോണക്കാലത്തു എനിക്ക് പോണം.. ചാണകം കൊണ്ട് കളമെഴുതി  പൂക്കളം തീര്‍ക്കണം.  കൊയ്ത്തു കഴിഞ്ഞ  പാടത്തെ  ചേറില്‍ ഇറങ്ങി കതിര് പെറുക്കണം,  ഇളം മധുരമുള്ള  പച്ച വൈക്കോല്‍ തണ്ടു മുറിച്ചു കുഴലാക്കി കുപ്പി ഗ്ലാസ്സില്‍ നിന്നും കട്ടന്‍ കാപ്പി വലിച്ചു കുടിച്ചു രസിക്കണം..നെറുകില്‍ നിറയെ വെളിച്ചെണ്ണ പൊത്തി തറവാട്ടു കുളത്തിലെ തെളിനീരില്‍  ഒന്ന് മുങ്ങിക്കുളിക്കണം,  അങ്ങിനെയെങ്കിലും  എനിക്കെന്‍റെ ബാല്യം ഒരിത്തിരിയെങ്കിലും  തിരിച്ചു പിടിക്കണം..

-പദ്മശ്രീ നായര്‍-

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. വേഗം ആയ്ക്കോട്ടേ പദ്മേ. അടുത്ത ഓണത്തിനു തന്നെ പോയ്ക്കൊളൂട്ടോ.

    ReplyDelete
  3. ഓര്‍മ്മകള്‍ ആയി മാറി എങ്കിലും ഓര്‍മ്മകല്‍ക്കെന്തു സുഗന്ധം...

    ReplyDelete