Friday 11 October 2013

ബാല്യത്തിലെ സമരമുറകളിലൂടെ....!!




കുട്ടിക്കാലത്ത് സഹോദരങ്ങളുമായി തല്ലുണ്ടാക്കിയാലോ അമ്മെടെന്നു തല്ലു കിട്ടിയാലോ ഒക്കെ എന്‍റെ സമര മുറ അത്താഴ പട്ടിണി കിടക്കുക എന്നതായിരുന്നു. ഉണ്ണാന്‍ സമയമായാല്‍ അമ്മ വിളിക്കും.. പക്ഷെ ഞാന്‍ പോവില്ല.. ഇത്തിരി മസില് പിടിക്കും. പണ്ടേ ഒരഭിമാനി ആണേ.. എനിക്ക് വേണ്ടെന്നും പറഞ്ഞു ഇടനാഴിയുടെ ഒരറ്റത്ത് എനിക്കായി പട്ടയം പതിച്ചു തന്ന സ്ഥലത്ത് കിടക്ക വിരിച്ചു കിടക്കും.. പക്ഷെ വയറിനു ഇതൊന്നും അറിയില്ലല്ലോ.. 






അടുക്കളെന്നു തട്ടും മുട്ടുമൊക്കെ കേള്‍ക്കാം.. മീന്‍ വറുത്തത് ഒന്നൂടി തിന്നോടീ.. നിനക്ക് ഇനി മീന്‍ വേണോടാ എന്നൊക്കെ അമ്മ അവരോടു ചോദിക്കുന്ന കേള്‍ക്കുമ്പോള്‍ കലിയിളകും.. ഇവര്‍ക്ക് ഒരിക്കല്‍ കൂടി എന്നെ നിര്‍ബന്ധിച്ചു വിളിച്ചാലെന്താ ചേതം എന്നൊക്കെ മനസ്സില്‍ പ്രാകും..

ഒരിക്കല്‍ കൂടി വിളിക്ക്വാണെങ്കില്‍, വിസിലടി കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കുന്ന അത്ലറ്റിനെ പോലെ അടുക്കളയിലേക്കു എണീറ്റ് ഓടാന്‍ തെയ്യാറായിട്ടാവും ഞാനിരിക്ക്യ.. എബടെ.. എല്ലാരും മൂക്ക് മുട്ടെ തിന്നു വെള്ളോം കുടിച്ചു എമ്പക്കോം വിട്ടു അവനവന്‍റെ സ്ഥാനത്ത് കിടപ്പാവും.. നേരം വെളുത്താല്‍ ഇവര്‍ക്ക് തൂറ്റല് പിടിക്കണേ ന്നു പ്രാവീട്ടും വിശപ്പു കത്തിക്കാളുന്ന വയറും അമര്‍ത്തി പിടിച്ചു കമഴ്ന്നങ്ങു കിടക്കും.. കുറച്ചു നേരം കഴിയുമ്പോള്‍ വയറു പൊട്ടെ തിന്നു കേറ്റിയ നിര്‍വൃതിയില്‍ അവിടന്നും ഇവടന്നും ഒക്കെ കൂര്‍ക്കം വലി കേള്‍ക്കാം.. അവരുടെ കൂര്‍ക്കം വലിയും എന്‍റെ വിശപ്പിന്റെ വിളിയും കൂടി ചേര്‍ത്താല്‍ നല്ലൊരു റീമിക്സ് ഗാനത്തിന് പിറവി ആയി.

അധികം പിടിച്ചു നിക്കാന്‍ വയ്യ.. പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ റാന്തല്‍ വിളക്കിന്റെ തിരി തെളിച്ചു ഊണ്തളത്തിലേക്കുള്ള വാതില് ഒച്ചയുണ്ടാക്കാതെ തുറന്നു അടുക്കളേല്‍ കേറി, ബാക്കിയുള്ള വെള്ളമൊഴിച്ചു വെച്ച ചോറ് കുറെ വിളമ്പി ഉപ്പും ഇട്ടു, കഴുകി കമഴ്ത്തി വെച്ചിരിക്കുന്ന കറിപാത്രവും മീന്‍ വറുത്തതിന്റെ കരിഞ്ഞു പിടിച്ച മെഴുക്ക് ഇളക്കാന്‍ വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന ചീനച്ചട്ടിയെയും നോക്കി നെടുവീര്‍പ്പിട്ടു, രണ്ടു മൂന്നു ചുവന്നുള്ളിയും കടിച്ചു ആക്രാന്തത്തിന്റെ അകമ്പടിയോടെ ചോറുണ്ടു ശബ്ദമില്ലാതെ ഏമ്പക്കം വിടുമ്പോള്‍ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ട സുഖം ആയിരുന്നു.. ഭക്ഷണത്തിന്‍റെ രുചി വിശപ്പ്‌ ആണെന്ന് പിന്നീടാണ് തിരിച്ചറിവുണ്ടായത്.

ഒരിക്കല്‍ ആക്രാന്തം പിടിച്ചു തിന്നുമ്പോള്‍ വറ്റ് മൂക്കില്‍ കേറി തുമ്മലും ചുമയും ഒക്കെ ആയി.. അന്ന് പാതിരാക്കുള്ള കട്ടു തീറ്റ കൈയ്യോടെ പിടി കൂടി. ആകെ ചമ്മി നാശായി.. അതോടെ എത്രയൊക്കെ തല്ലു കൂടിയാലും അത്താഴ പട്ടിണി കിടക്കില്ല..

നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാവുമല്ലേ ഇത്തരം ഓര്‍മ്മകള്‍.. ..,...



-പദ്മശ്രീനായര്‍....

3 comments:

  1. ചില ഗുണപാഠങ്ങളെ .....

    ReplyDelete
  2. ഇവിടെ ഇതാദ്യം
    നേരിയ താരതമ്യം അനുഭവപ്പെട്ടു
    ഇത് വായിച്ചപ്പോൾ, പലപ്പോഴും
    പറ്റിയിട്ടുണ്ട് ഈ അമളി, പിന്നെ
    ആവർത്തിച്ചിട്ടില്ല.
    താങ്കളുടെ g + ൽ ബ്ലോഗ്‌ ലിങ്ക് കൊടുത്തിട്ടില്ല
    അതിനാല അവിടെ വരുന്നവര ഇവിടെ എത്താൻ
    കഴിയാതെ പോകും, ഇതെപ്പറ്റി ഞാൻ ഒരു ബ്ലോഗ്‌ പോസ്റ്റ്‌
    ബ്ലോഗ്‌ മിത്രങ്ങളുടെ സത്വര ശ്രദ്ധയ്ക്ക്‌ എന്ന തലക്കെട്ടിൽ
    നോക്കുക.
    എഴുതുക അറിയിക്കുക, പ്രൊമോട്ട് ചെയ്യുക

    ReplyDelete
    Replies
    1. ഒരു കാര്യം പറയാൻ വിട്ടു പോയി
      ഒപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒരു
      വശത്തേക്ക് മാറ്റി കൊടുക്കുക കാണാൻ
      കുറേക്കൂടി ചന്തം ഉണ്ടാകും

      Delete